തിരുവനന്തപുരം: സുദീപ്‌തോ സെന്നിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ദി കേരള സ്‌റ്റോറിയെ പരിഹസിച്ച് മന്ത്രി വി. ശിവന്‍കുട്ടി. ശബരിമല സമര കാലത്ത് എടപ്പാളില്‍ നിന്നും ഓടുന്ന സംഘപരിവാര്‍ അനുകൂലിയുടെ ചിത്രത്തിനൊപ്പം ദി ഒറിജിനല്‍ കേരള സ്റ്റോറി എന്ന ടൈറ്റിലുള്ള പോസ്റ്ററാണ് ശിവന്‍ കുട്ടി പങ്കുവെച്ചിരിക്കുന്നത്. എടപ്പാള്‍ പ്രസന്റ്‌സ് എന്നും പോസ്റ്ററില്‍ കുറിച്ചിട്ടുണ്ട്. റണ്ണിങ് റീല്‍സ് ഫിലിംസ് എന്നാണ് പോസ്റ്റിനൊപ്പം ശിവന്‍കുട്ടി കുറിച്ചിരിക്കുന്നത്.
മേയ് അഞ്ചിന് റിലീസ് ചെയ്യുന്ന ചിത്രത്തിനെതിരെ ഇതിനോടകം തന്നെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
വാസ്തവ വിരുദ്ധമായ ഉള്ളടക്കത്തിന്റെ പേരില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറിനും ടീസറിനുമെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.
ഇസ്ലാമോഫോബിക്കായിട്ടുള്ള തീവ്ര വലതുപക്ഷ നിലപാടാണ് സിനിമ മുന്നോട്ട് വെക്കുന്നത്. കേരളത്തില്‍നിന്ന് 32,000 സ്ത്രീകളെ നിര്‍ബന്ധപൂര്‍വം മതംമാറ്റി ഐ.എസില്‍ ചേര്‍ക്കാന്‍ സിറിയയിലേക്കും യമനിലേക്കും അയച്ചെന്ന ആരോപണമാണ് കേരളാ സ്റ്റോറിയുടെ ടീസര്‍ മുന്നോട്ട് വെച്ചത്.
കേരളസ്റ്റോറി സിനിമ ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ളതാണെന്നും സര്‍ക്കാര്‍ ഇതിനെതിരെ ശക്തമായി ഇടപെടണമെന്നുമാണ് മുന്‍ മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞത്. കേരളത്തിന്റെ മതേതര മനസില്‍ വിഷം കലക്കി രാഷ്ട്രീയ ലാഭം കൊയ്യാന്‍ ആര്‍.എസ്.എസും ബി.ജെ.പിയും പല അടവുകളും പയറ്റിയെന്നും അതിലെ അടുത്ത ശ്രമമാണിതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഇസ്ലാമോഫോബിക് ഉള്ളടക്കങ്ങളുടെ പേരില്‍ വിവാദമായ ഹിന്ദി ചിത്രം ദി കേരള സ്റ്റോറി ബഹിഷ്‌കരിക്കണമെന്നാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ആഹ്വാനം ചെയ്തത്. കേരളത്തിലെ മതസൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കുകയെന്ന സംഘപരിവാര്‍ ഗൂഢാലോചനയാണ് ചിത്രത്തിന് പിന്നിലെന്നും സംസ്ഥാനത്തെ കലാപ ഭൂമിയാക്കാനുള്ള ശ്രമങ്ങളെ ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘ദി കേരള സ്റ്റോറി’ എന്ന സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ട് മോദി വിതച്ച വിഭാഗീയതയുടെ വിത്തുകള്‍ മുളപ്പിച്ചെടുക്കാനുള്ള അജണ്ടയുടെ ഭാഗമാണ് സിനിമയെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Content Highlight: v Shivankutty mocks The Kerala Story