തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചികിത്സയെ വരെ അവഹേളിച്ച കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ മനുഷ്യഹൃദയമുള്ളയാളല്ല എന്ന് പറയേണ്ടിവരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. മുഖ്യമന്ത്രിക്കും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിക്കുമെതിരായ കത്ത് കെ. സുധാകരന്‍ സമൂഹമാധ്യമത്തില്‍ നിന്ന് പിന്‍വലിച്ചത് സ്വമനസാലെയല്ല എന്നത് വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു.
എതിര്‍പ്പ് ശക്തമായതോടെയാണ് സുധാകരന്‍ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കത്ത് പിന്‍വലിച്ചത്. ആര്‍ക്കെങ്കിലും അസുഖം വരുമ്പോഴോ ചികിത്സയ്ക്ക് പോകുമ്പോഴോ വിളിച്ച് കൂടെയുണ്ട് എന്ന് പറയുന്നവരാണ് മലയാളികള്‍. ഇക്കാര്യത്തില്‍ രാഷ്ട്രീയ വ്യത്യാസങ്ങള്‍ ഇല്ലെന്നും ശിവര്‍കുട്ടി പറഞ്ഞു.
‘മകന് അപകടം പറ്റിയതറിഞ്ഞ് കരഞ്ഞുകൊണ്ട് ട്രെയിനില്‍ തലസ്ഥാനത്തേക്ക് യാത്രചെയ്യുന്ന കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനെ വിവരമറിഞ്ഞ് ട്രെയിനില്‍ ഉണ്ടായിരുന്ന ഇ.പി. ജയരാജന്‍ കൂടെയിരുന്ന് ആശ്വസിപ്പിച്ചതും അദ്ദേഹത്തിന്റെ കാറില്‍ ഒരുമിച്ച് ആശുപത്രിയിലെത്തിയതും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുറന്നുപറഞ്ഞിട്ട് നാളുകളേറെ ആയിട്ടില്ല.
ചികിത്സയിലായിരുന്ന കെ. കരുണാകരനെ ഇ.കെ. നായനാര്‍ കാണാന്‍ വന്ന ദൃശ്യം ഇപ്പോഴും മലയാളിയുടെ മനസ്സില്‍ ഉണ്ട്. ആ പാരമ്പര്യമുള്ള മലയാളിയുടെ മനസ്സില്‍ ആണ് കെ. സുധാകരന്‍ വിഷം കുത്തിവെക്കാന്‍ ശ്രമിക്കുന്നത്,’ ശിവര്‍കുട്ടി വ്യക്തമാക്കി.
സുധാകരന്‍ സമൂഹമാധ്യമത്തില്‍ നിന്ന് കത്ത് പിന്‍വലിച്ചുവെങ്കിലും കത്തിന്റെ കോപ്പി കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. കെ. സുധാകരന്റെ അനുയായികളാണ് ഇതിനുപിന്നില്‍. എതിര്‍പ്പ് ശക്തമായപ്പോള്‍ നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാന്‍ സമൂഹ മാധ്യമത്തില്‍ നിന്ന് കത്ത് പിന്‍വലിച്ച കെ. സുധാകരന്‍ അത് വ്യാപകമായി പ്രചരിപ്പിക്കുന്ന അണികളെ വിലക്കാന്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.