എൻ.സി.ഇ.ആർ.ടി ശുപാർശ പാഠപുസ്തകങ്ങളെ കാവി പുതപ്പിക്കാനുള്ള ബോധപൂർവമായ ശ്രമം: വി. ശിവൻകുട്ടി
തിരുവനന്തപുരം: പാഠപുസ്തകങ്ങളെ മുഴുവനും കാവി പുതപ്പിക്കുന്നതിന് വേണ്ടിയുള്ള ബോധപൂർവമായ ശ്രമങ്ങളാണ് ദേശീയ തലത്തിൽ നടന്നുകൊണ്ടിരിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി.
സാമൂഹിക ശാസ്ത്ര വിഷയങ്ങൾ സംബന്ധിച്ച എൻ.സി.ഇ.ആർ.ടി കമ്മിറ്റിയുടെ ശുപാർശകളെ തുടക്കത്തിൽ തന്നെ കേരളം തള്ളിക്കളയുകയാണെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
‘ഇന്ത്യയും ഭാരതും എവിടെയും ഉപയോഗിക്കാൻ ഓരോ പൗരനും അവകാശമുണ്ട്. അതിനുപകരം ഇനി മുതലങ്ങോട്ട് ഭാരത് എന്ന് മാത്രം പാഠപുസ്തകങ്ങളിൽ ഉപയോഗിച്ചാൽ മതി എന്ന് പറയുന്നത് ദുഷ്ടലാക്കാണ്, ഇത് സങ്കുചിത രാഷ്ട്രീയമാണ്.
അത് കേരളത്തിന് അംഗീകരിക്കുവാൻ കഴിയുകയില്ല. ഒന്നു മുതൽ പത്താം ക്ലാസ് വരെ സംസ്ഥാനം എസ്.സി.ഇ.ആർ.ടി വികസിപ്പിക്കുന്ന പാഠപുസ്തകങ്ങളാണ് ഉപയോഗിക്കുന്നത് എന്നിരിക്കെ എൻ.സി.ഇ.ആർ.ടി നിർദേശം ഇവിടെ പ്രശ്നമാകില്ല.
മാത്രമല്ല വിദ്യാഭ്യാസം എന്നത് ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന കാര്യമായതുകൊണ്ട് സംസ്ഥാനത്തിന് സ്വന്തമായി തീരുമാനമെടുക്കുവാനും മുന്നോട്ടുപോകുവാനുമുള്ള അവകാശമുണ്ട്.
ദേശീയ തലത്തിൽ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ പേരിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതാണ്.
പാഠപുസ്തകങ്ങളെ മുഴുവനും കാവി പുതപ്പിക്കുന്നതിന് വേണ്ടിയുള്ള ബോധപൂർവമായ ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
ദേശീയ തലത്തിൽ കൊവിഡിന്റെ പേര് പറഞ്ഞ് എൻ.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിൽ ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പാഠപുസ്തങ്ങളിലെ പാഠഭാഗങ്ങൾ വ്യാപകമായി വെട്ടിമാറ്റി.
അതിൽ പ്രധാനമായും ഭരണഘടനാ മൂല്യങ്ങൾ സംബന്ധിച്ചുള്ള ഭാഗങ്ങൾ, ഇന്ത്യയുടെ ചരിത്രം പ്രധാനമായും മുഗൾ രാജവംശം, രാജ്യം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളായ പട്ടിണി, തൊഴിലില്ലായ്മ, വർഗീയത തുടങ്ങിയവ, രാജ്യത്തെ പ്രധാന ജനകീയ പ്രക്ഷോഭങ്ങൾ, ഗുജറാത്ത് കലാപം, ഗാന്ധിവധം എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
സയൻസ് പാഠപുസ്തകങ്ങളിൽ നിന്ന് പരിണാമ സിദ്ധാന്തം ഒഴിവാക്കിയതും ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. ഇത്തരം കാര്യങ്ങൾ ഏകപക്ഷീയമായി നടപ്പാക്കുന്നതിലൂടെ രാജ്യത്തിന്റെ അക്കാദമിക താല്പര്യം ബലി കഴിപ്പിക്കപ്പെടുകയാണ്,’ ശിവൻകുട്ടി പറഞ്ഞു.
കേരളത്തിന്റെ പാഠ്യപദ്ധതി പരിഷ്കരണവും പുരോഗമിക്കുകയാണെന്നും എല്ലാ മേഖലയിലെയും വിദഗ്ധരുടെ അഭിപ്രായം പരിഗണിച്ചാണ് മുന്നോട്ട് പോകുന്നതെന്നും ശിവൻകുട്ടി അറിയിച്ചു.
2024 ജൂണിൽ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പുതുക്കിയ പാഠപുസ്തകങ്ങൾ വിദ്യാലയങ്ങളിൽ എത്തിക്കുമെന്നും ബാക്കി ക്ലാസുകളിലെ പുസ്തകങ്ങൾ 2025 ജൂണിൽ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
ഭരണഘടനാ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചും രാജ്യത്തെ സാംസ്കാരിക വൈവിധ്യങ്ങളെ ചേർത്തുപിടിച്ചും യഥാർത്ഥ ചരിത്രം കുട്ടികളെ പഠിപ്പിക്കുന്നതും ശാസ്ത്രചിന്ത വളർത്തുന്നതുമായ പാഠ്യപദ്ധതി പരിഷ്കരണമാണ് കേരളത്തിൽ നടക്കുക എന്നും ശിവൻകുട്ടി പറഞ്ഞു.
Content Highlight: V Shivankutty against saffronizing school curriculum