എറണാകുളം: ജാസി ഗിഫ്റ്റ് കേരളത്തിന്റെ ഗിഫ്റ്റ് ആണെന്ന് മന്ത്രി വി. ശിവൻകുട്ടി. കോളേജ് ഡേയുമായി ബന്ധപ്പെട്ട പരിപാടിയില്‍ പാടുന്നതിനിടെ പ്രിന്‍സിപ്പല്‍ മൈക്ക് പിടിച്ചു വാങ്ങുകയും പരിപാടി നിര്‍ത്തിക്കുകയും ചെയ്തതോടെ ജാസി ഗിഫ്റ്റ് വേദി വിട്ട് ഇറങ്ങിയ സംഭവത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ശിവൻകുട്ടി രംഗത്ത് എത്തിയിരിക്കുന്നത്.
ജാസി ഗിഫ്റ്റിന്റെ ഫോട്ടോയും കൂടെ ‘ജാസി കേരളത്തിന്റെ ഗിഫ്റ്റ് ആണ്’ എന്ന ക്യാപ്ഷനോടെയാണ് ശിവൻകുട്ടി തന്റെ ഫേസ്‌ബുക്കിൽ പിന്തുണ പ്രഖ്യാപിച്ചത്. ശിവൻകുട്ടിക്ക് പുറമെ നിരവധി ആളുകളാണ് ജാസി ഗിഫ്റ്റിന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിലെ പരിപാടിക്കിടെയാണ് സംഭവം. ജാസി ഗിഫ്റ്റ് മാത്രം പാടിയാല്‍ മതിയെന്നും കൂടെ പാടാന്‍ വന്നയാളെ പാടാന്‍ അനുവദിക്കില്ലെന്നും പറഞ്ഞതോടെയാണ് ജാസി സ്‌റ്റേജില്‍ നിന്ന് ഇറങ്ങിപ്പോയത്. ഇതിനെത്തുടര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെതിരെ പ്രതിഷേധം നടത്തി.
പാട്ട് പാടുന്നതിനിടയില്‍ വേദിയിലേക്ക് കയറിവന്ന് മൈക്ക് പിടിച്ചുവാങ്ങിയ പ്രിന്‍സിപ്പല്‍ പാട്ട് നിര്‍ത്തിക്കുകയായിരുന്നു. ‘ജാസി ഗിഫ്റ്റ് മാത്രം പാടിയാല്‍ മതി. വേറെയാരും പാടണ്ട’ എന്നാണ് പ്രിന്‍സിപ്പല്‍ പറഞ്ഞത്. ഇത്രയും കാലത്തെ കരിയറിനിടയില്‍ ഇങ്ങനെയൊരു സംഭവം ആദ്യമായാണ് ഉണ്ടാകുന്നത്. പൊതുവേദിയില്‍ വെച്ച് ഒരാള്‍ തന്നെ അപമാനിച്ചതിനെത്തുടര്‍ന്നാണ് ജാസി വേദി വിട്ടത്. സംഭവത്തില്‍ കോളേജിന് വേണ്ടി യൂണിയന്‍ ഭാരവാഹികള്‍ ജാസിയോട് മാപ്പ് പറഞ്ഞിരുന്നു.
എന്നാൽ സർക്കാർ ഉത്തരവ് പാലിക്കണമെന്ന നിർദേശമാണ് നൽകിയതെന്നാണ് പ്രിൻസിപ്പൽ ഇപ്പോൾ നൽകിയ വിശദീകരണം. ‘സർക്കാർ ഉത്തരവ് പാലിക്കണമെന്ന നിർദേശമാണ് നൽകിയത്, ജാസിഗിഫ്റ്റിന്റെ കയ്യിൽ നിന്ന് മൈക്ക് തട്ടിപ്പറിച്ചിട്ടില്ല’ എന്നാണ് പ്രിൻസിപ്പൽ ഇപ്പോൾ നൽകിയ വിശദീകരണം.
Content Highlight: V.Shivankutti supports Jassie Gift