| Monday, 10th July 2023, 5:14 pm

മുതലപ്പൊഴി പ്രതിഷേധം; യൂജിന്‍ പെരേര കാലാപ ആഹ്വാനം നടത്തി: വി. ശിവന്‍കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുതലപ്പൊഴി പ്രതിഷേധത്തില്‍ ലത്തീന്‍ അതിരൂപത വികാരി യൂജിന്‍ പെരേരക്കെതിരെ വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. യൂജിന്‍ പെരേര സംഭവ സ്ഥലത്ത് എത്തിയ ഉടനെ കലാപാഹ്വാനം നടത്തിയെന്നും മന്ത്രി വിമര്‍ശിച്ചു. കൂട്ടായി ചര്‍ച്ച നടത്തി പരിഹാരം കാണേണ്ട പ്രശ്‌നമാണിതെന്ന് യൂജിന്‍ പെരേരയോട് പറഞ്ഞെങ്കിലും അദ്ദേഹം അതൊന്നും കേട്ടില്ലെന്നും ശിവന്‍കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

‘ഞങ്ങളവിടെ ചെന്ന സാഹചര്യത്തില്‍ അമ്പതോളം ആളുകള്‍ ഉണ്ടായിരുന്നു. അവരവിടെ രണ്ട് ചേരിയായി തര്‍ക്കിക്കുകയായിരുന്നു. ഞങ്ങള്‍ ചെന്നവിടെ ഇറങ്ങിയപ്പോള്‍ തന്നെ രണ്ട് സഹോദരിമാര്‍ ഒരു കാരണവുമില്ലാതെ ഞങ്ങളോട് തര്‍ക്കിച്ചു. ഞങ്ങള്‍ അവിടെ ചെന്നത് ഒരു അപരാധമാണെന്ന നിലയില്‍ ഉച്ചത്തില്‍ ഞങ്ങള്‍ പറയുന്നത് ഒന്നും കേള്‍ക്കാന്‍ നില്‍ക്കാതെ അവര്‍ സംസാരിക്കുയായിരുന്നു. കുറച്ച് സമയം അവരോട് കാര്യങ്ങള്‍ പറഞ്ഞ ശേഷം ഞങ്ങള്‍ പത്രക്കാരോട് സംസാരിച്ചു.

തിരിച്ച് പോകാന്‍ വേണ്ടി തുടങ്ങിയ അവസരത്തിലാണ് യൂജിന്‍ പേരേരയും ആര്‍ച്ച് ബിഷപ്പും അവിടെയെത്തിയത്. യൂജിന്‍ പെരേര എത്തിയ ഉടനെ മന്ത്രിമാരെ തടയാന്‍ ആഹ്വാനം കൊടുത്തു. അദ്ദേഹം വിചാരിച്ചു അവിടെ കൂടി നിന്ന ആളുകള്‍ എല്ലാവരും അദ്ദേഹത്തിന്റെ ആഹ്വാനം അനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണെന്ന്. കാണിക്കുന്നത് ശരിയല്ലെന്ന് ഞങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു. കൂട്ടായി ചര്‍ച്ച നടത്തി പരിഹാരം കാണേണ്ട പ്രശനമാണെന്നൊക്കെ ഞങ്ങള്‍ പറഞ്ഞെങ്കിലും അതൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ അദ്ദേഹം കലാപാഹ്വാനം കൊടുക്കുന്നത് പോലെ എല്ലാ വാഹനങ്ങളെയും തടയാന്‍ ആഹ്വാനം കൊടുത്തു,’ മന്ത്രി പറഞ്ഞു.

വിഴിഞ്ഞം സമരത്തിന് ശേഷം തന്നെ യൂജിന്‍ പെരേര സര്‍ക്കാരിനോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

‘അവിടെ കൂടിയിരുന്ന ജനങ്ങള്‍ ആത്മസമീപനം പാലിച്ചിരുന്നില്ലെങ്കില്‍ എന്താണ് സംഭവിക്കുക. ഇദ്ദേഹം പറയുന്നത് കേട്ട് വാഹനങ്ങളൊക്കെ തകര്‍ക്കാന്‍ വന്നു കഴിഞ്ഞാല്‍ അവിടെ സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ച് അറിയാമല്ലോ, പറയേണ്ട കാര്യമില്ലലോ. വിഴിഞ്ഞം സമരത്തിന് ശേഷം സര്‍ക്കാരിനോടുള്ള എതിര്‍പ്പ് ശക്തമായി പ്രകടിപ്പിച്ചിട്ടുള്ളതാണ്,’ മന്ത്രി പറഞ്ഞു.

മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചതിന് പിന്നാലെ സംഭവ സ്ഥലം സന്ദര്‍ശിക്കാനെത്തിയ മന്ത്രിമാരെ നാട്ടുകര്‍ ചേര്‍ന്ന് തടയുകയായിരുന്നു. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു നാലംഗ സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞ് അപകടമുണ്ടായത്. ഇതില്‍ ഒരാള്‍ മരിച്ചിരുന്നു. മുതലപ്പൊഴിയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ പ്രതിഷേധം നടത്തിയത്.

Content Highlight: V shivan kutty agaist yoojin perera

We use cookies to give you the best possible experience. Learn more