ഡൂള്‍ന്യൂസ് ഇന്‍വെസ്റ്റിഗേഷന്‍
മലബാര്‍ സിമന്റ്സ് കമ്പനി സെക്രട്ടറി വി.ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിലെ ദുരൂഹതകള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. കമ്പനി മേധാവികളുടെ താല്പര്യത്തിന് വഴങ്ങാത്തതിനാല്‍ ശശീന്ദ്രന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകള്‍ നേരത്തെ ഡൂള്‍ന്യൂസ് പുറത്ത് വിട്ടിരുന്നു. ശശീന്ദ്രന് മുഖ്യമന്തിക്കയച്ച കത്തുകളായിരുന്നു അവ.[]
2010 സെപ്തംബര്‍ നാലിനാണ് അദ്ദേഹം പേഴ്സണല്‍ സെക്രട്ടറി സൂര്യനാരായണനെതിരെ മുഖ്യമന്ത്രിക്ക് കത്തയച്ചത്. തുടര്‍ന്ന് ആറിന് അദ്ദേഹം എം.ഡിക്ക് രാജിക്കത്ത് നല്കി. എന്നാല്‍ ഒമ്പതാം തീയ്യതി അദ്ദേഹം മുഖ്യമന്ത്രിക്ക് വീണ്ടും കത്തെഴുതി. താന്‍ നേരത്തെ എഴുതിയ കത്തിലെ പരാമര്‍ശങ്ങള്‍ തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആ കത്ത്. ഭീഷണിയെത്തുടര്‍ന്നാണ് ശശീന്ദ്രന് കത്ത് തിരുത്തിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. ശശീന്ദ്രന്റെ രാജി തിടുക്കത്തില്‍ അധികൃതര്‍ സ്വീകരിക്കുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്.
2010 ആഗസ്ത് 14 മുതല്‍ സെക്രട്ടറിസ്ഥാനം രാജിവെക്കുന്ന സപ്തംബര്‍ ആറുവരെ, ചില സുപ്രധാന ഫയലുകള്‍ കാണാനില്ലെന്നതിന്റെ പേരില്‍ മാനേജിങ്ഡയറക്ടര്‍ എം. സുന്ദരമൂര്‍ത്തി 14 തവണ ശശീന്ദ്രന് വിശദീകരണനോട്ടീസ് നല്‍കിയിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന രേഖകള്‍ വ്യക്തമാക്കുന്നത്. ഓഫീസില്‍ വൈകിവന്ന ശേഷം ഗേറ്റ്പാസ് കാണിക്കാതെ പുറത്തുപോയെന്നതിനും ശശീന്ദ്രനെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
നോട്ടീസുകള്‍ക്ക് കൃത്യമായ മറുപടിലഭിച്ചില്ലെന്നു പറഞ്ഞ് 2010 സപ്തംബര്‍ മൂന്നിന് ശിക്ഷാനടപടിയുടെ ഭാഗമായി വാര്‍ഷിക ശമ്പളവര്‍ധന തടഞ്ഞുവെച്ചുകൊണ്ട് ഉത്തരവിറക്കി. തൊട്ടടുത്തദിവസംതന്നെ വീണ്ടും വിശദീകരണനോട്ടീസും നല്കി.
ആരോപണ വിധേയനായ പേഴ്സണല്‍ സെക്രട്ടറി പി. സൂര്യനാരായണന് 2010 ഫിബ്രവരിയിലാണ് വാളയാര്‍ മലബാര്‍ സിമന്റ്സ് കമ്പനിയിലെത്തുന്നത്. ശശീന്ദ്രന്റെ പേഴ്സണല്‍ സെക്രട്ടറിയായാണ് ഇദ്ദേഹത്തെ നിയമിച്ചത്. എന്നാല്‍ ദിവസങ്ങള്‍ക്കകം ശശീന്ദ്രനെക്കാള്‍ കമ്പനിയില്‍ സ്ഥാനം പേഴ്സണല്‍ സെക്രട്ടറിക്കായി. കമ്പനി സെക്രട്ടറിക്ക് അനുവദിച്ച കാബിന് കുറച്ച് ദിവസത്തിന് ശേഷം സൂര്യനാരായണന് നല്കി. സെക്രട്ടിയെ മറ്റൊരു റൂമിലേക്ക് മാറ്റി. ഈ മാറ്റത്തിനിടെയാണ് കമ്പനി സെക്രട്ടറിയുടെ മേശപ്പുറത്തുണ്ടായിരുന്ന നിര്‍ണ്ണായക ഫയലുകള്‍ കാണാതായത്.
ഈ ഫയലുകള്‍ ആവശ്യപ്പെട്ട്് ശശീന്ദ്രന് എം.ഡി ആഗസ്ത് 14 ന് കത്തുനല്‍കി. ഫയല്‍ കാണാതായതോടെ ഇതിന്റെ പകര്‍പ്പ് ശശീന്ദ്രന് നല്‍കിയെങ്കിലും എം.ഡി അംഗീകരിച്ചില്ല. ഇതിനിടെ 20.08.10 ന് ഓഫീസില്‍ വൈകിവരികയായിരുന്നെന്ന് കാണിച്ച് മറ്റൊരു കാരണംകാണിക്കല്‍ നോട്ടീസുകൂടി കൊടുത്തു. തുടര്‍ച്ചയായി നോട്ടീസുകള്‍ ലഭിച്ച ശശീന്ദ്രന് കടുത്ത മാനസിക സമ്മര്‍ദത്തിലായി. ഇങ്ങിനെയാണ് സപ്തംബര്‍ ആറിന് ശശീന്ദ്രന് മാനേജിങ് ഡയറക്ടര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ചത്.
രാജിക്കത്ത് പിന്‍വലിക്കുന്നുവെന്ന് കാണിച്ച് ഒമ്പതിന് കത്ത് നല്‍കിയെങ്കിലും എം.ഡി എട്ടിന് തന്നെ രാജി സ്വീകരിച്ചു. സര്‍വ്വീസ് ചട്ടത്തിന് വിരുദ്ധമായിരുന്നു ഈ രാജിസ്വീകരിക്കല്. മൂന്നുമാസത്തെ ശമ്പളം ശശീന്ദ്രനില്‍നിന്ന് കമ്പനി പിടിച്ചെടുത്തു. പിന്നീടാണ് ശശീന്ദ്രന്റെയും രണ്ട് കുട്ടികളുടെയും മരണമുണ്ടായത്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ശശീന്ദ്രന്റെ ഭാര്യ ടീന മുഖ്യമന്ത്രിക്കും മറ്റും പരാതി നല്‍കിയത്.
ഫയലുകള്‍ ഹാജരാക്കണമെന്ന് കാണിച്ച് കമ്പനി എം.ഡി ശശീന്ദ്രന് നല്കിയ നോട്ടീസുകളില്‍ ചിലത്
സര്‍ക്കുലറിന് മറുപടി നല്‍കിയില്ലെന്ന് കാണിച്ച് വി.ശശീന്ദ്രന് എം.ഡി വീണ്ടും അയച്ച കത്ത്
രാജിവെക്കുന്നതായി അറിയിച്ച ശശീന്ദ്രന് എം.ഡിക്ക് നല്കിയ കത്ത്
രാജി സ്വീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ ജോലിയില്‍ നിന്ന് ഒഴിവാക്കിയതായി കാണിച്ച് എം.ഡി ശശീന്ദ്രന് നല്കിയ കത്ത്