ഇത് ഇടതുപക്ഷ നിലപാടല്ല; ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും വൈദ്യുതി കണക്ഷന്‍ നല്‍കിയ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് വി.എസ്
തിരുവനന്തപുരം: ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും എന്‍.ഒ.സി പോലും ആവശ്യപ്പെടാതെ വൈദ്യുതി കണക്ഷന്‍ നല്‍കിക്കൊണ്ട് ഇറക്കിയ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. ഇതുസംബന്ധിച്ച് വി.എസ് വൈദ്യുതിമന്ത്രി എം.എം മണിക്കു കത്ത് നല്‍കി.
കെ.ഡി.എച്ച് വില്ലേജ്, ബൈസണ്‍വാലി, ചിന്നക്കനാല്‍, ശാന്തന്‍പാറ, വെള്ളത്തൂവല്‍, ആനവിരട്ടി, പള്ളിവാസല്‍ തുടങ്ങിയ വില്ലേജുകളിലെ റിസോര്‍ട്ടുകള്‍ക്കും ഹോട്ടലുകള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും വൈദ്യുതി നല്‍കാന്‍ തീരുമാനിച്ച വൈദ്യുതിവകുപ്പിന്റെ നടപടിക്കെതിരെയാണ് വി.എസ് രംഗത്തെത്തിയത്.
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തു തിരിച്ചുപിടിച്ച കൈയേറ്റങ്ങളും പൊളിച്ചുകളഞ്ഞ നിര്‍മാണങ്ങളുമായി ബന്ധപ്പെട്ട് വിവിധ കോടതികളില്‍ നടക്കുന്ന കേസുകളെപ്പോലും ഈ തീരുമാനം ബാധിക്കാനിടയുണ്ടെന്ന് വി.എസ് കത്തില്‍ ചൂണ്ടിക്കാട്ടി. ഇത് ഇടതുപക്ഷ നിലപാടിനോടു യോജിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
അനധികൃത നിര്‍മാണങ്ങള്‍ തടയുന്നതിന്റെ ഭാഗമായി മൂന്നാര്‍ ഉള്‍പ്പെടെയുള്ള ഏഴു വില്ലേജുകളില്‍ വൈദ്യുതി കണക്ഷന് എന്‍.ഒ.സി നിര്‍ബന്ധമാക്കിയ റവന്യൂ വകുപ്പിന്റെ ഉത്തരവ് അട്ടിമറിച്ചുകൊണ്ടായിരുന്നു വൈദ്യുതി വകുപ്പിന്റെ തീരുമാനം.
ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനാണ് മേഖലയിലെ നിര്‍മാണങ്ങള്‍ക്ക് എന്‍.ഒ.സി നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കുന്നത്. കയ്യേറിയ ഭൂമിയില്‍ അവകാശം സ്ഥാപിക്കാന്‍ വൈദ്യുതി കണക്ഷന്‍ ലഭിച്ചതിന്റെ രേഖകളും പഞ്ചായത്ത് നല്‍കിയ ബില്‍ഡിങ് പെര്‍മിറ്റ് രേഖകളും ഭൂമാഫിയ ഉപയോഗിക്കാറുണ്ട്. റവന്യൂഭൂമി കയ്യേറിയതാണെന്ന് ആരോപണം ഉയരുമ്പോള്‍ ഈ രേഖകള്‍ കോടതിയില്‍ ഭൂമാഫിയ കോടതിയില്‍ സമര്‍പ്പിക്കുകയാണ് ചെയ്യുക.
എന്‍ ഒ സി നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവിനെതിരെ മുമ്പ് വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് വീടുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിന് എന്‍ ഒ സി ആവശ്യമില്ലെന്ന രീതിയില്‍ 2018-ല്‍ വൈദ്യുതി വകുപ്പ് ഉത്തരവ് ഇറക്കി. എന്നാല്‍ അപ്പോഴും വലുതും വാണിജ്യ ആവശ്യങ്ങള്‍ക്കുമുള്ള കെട്ടിടങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ എന്‍ ഒ സി നിര്‍ബന്ധമായിരുന്നു.