| Sunday, 13th October 2019, 9:36 am

മോദി സര്‍ക്കാരിന്റേത് ജനവിരുദ്ധ നയം, അവര്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കില്ല; കേരളം മാതൃകയാക്കേണ്ടത് സിക്കിമിനെയെന്നും വി.എസ് വിജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മോദി സര്‍ക്കാരിന്റെ മനോഭാവം വെച്ച് അവര്‍ ഒരിക്കലും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കില്ലെന്ന് ഗാഡ്ഗില്‍ കമ്മിറ്റി അംഗവും ജൈവ വൈവിധ്യബോര്‍ഡ് മുന്‍ ചെയര്‍മാനുമായ ഡോ. വി.എസ് വിജയന്‍. മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

ഞങ്ങളുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് പറഞ്ഞാണ് കുമ്മനം അടക്കം അന്ന് രംഗത്തെത്തിയത്. മോദി സര്‍ക്കാരിന്റെ മനോഭാവം വെച്ച് അവര്‍ ഒരിക്കലും അത് നടപ്പാക്കില്ല. കണ്‍സര്‍വേഷന്‍ അദ്ദേഹത്തിന് വിഷയമല്ല. പല കാര്യങ്ങളിലും ജനവിരുദ്ധ നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേരളത്തില്‍ തുടര്‍ച്ചയായ രണ്ട് വര്‍ഷവും ആവര്‍ത്തിച്ചുള്ള പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പ്രളയം യൂണിവേഴ്‌സല്‍ ഫിനോമിനന്‍ ആണെന്നും അത് നമ്മള്‍ എപ്പോഴും പ്രതീക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘കാലാവസ്ഥാ വ്യതിയാനം പെട്ടെന്ന് മാറ്റാന്‍ കഴിയില്ല. അത് ലോകരാജ്യങ്ങള്‍ എടുക്കേണ്ട തീരുമാനമാണ്. അവര്‍ അവരുടെ ഡിമാന്റ് കുറക്കണം. അമേരിക്കക്കാരന്‍ ദിവസവും കഴിക്കുന്ന ഭക്ഷണം ഒരു ഇന്ത്യക്കാരന്‍ ദിവസവും കഴിക്കുന്നതിന്റെ മുപ്പതിരട്ടിയാണ്. ലോകത്ത് ആകെ ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷ്യ പദാര്‍ത്ഥങ്ങളുടെ 80 % പോകുന്നത് ഈ 20 % വികസിത രാജ്യങ്ങളിലേക്കാണെന്നും അത് മാറേണ്ടതല്ലേയെന്നും’ അദ്ദേഹം ചോദിച്ചു.

പരിസ്ഥിതി സംരക്ഷണത്തില്‍ കേരളം സിക്കിമിനെ മാതൃകയാക്കേണ്ടതുണ്ടെന്നും അവര്‍ കംപ്ലീറ്റ് ഓര്‍ഗാനിക്കാണെന്നും അദ്ദേഹം പറഞ്ഞു. സിക്കിം മുഖ്യമന്ത്രി കൃഷിക്കാരനാണെന്നും കൃഷിക്കാരന്‍ മുഖ്യമന്ത്രിയാവണമെന്നല്ല പറഞ്ഞത്, ആയാല്‍ നല്ലതാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more