| Wednesday, 15th April 2020, 11:25 am

ഇത്തവണ തൃശൂര്‍ പൂരം ഇല്ല, ക്ഷേത്രത്തിലെ ചടങ്ങില്‍ അഞ്ച് പേര്‍ മാത്രം പങ്കെടുക്കും; തീരുമാനം മന്ത്രിതല യോഗത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: കൊവിഡ് പശ്ചാത്തലത്തില്‍ ലോക് ഡൗണ്‍ നീട്ടിയതിനാല്‍ ഇത്തവണ തൃശൂര്‍ പൂരവും എക്‌സിബിഷനും ഉണ്ടാവില്ലെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍. പൂരവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു പരിപാടിയും ഈ വര്‍ഷം വേണ്ട എന്നാണ് മന്ത്രിതല യോഗത്തില്‍ തീരുമാനിച്ചിക്കുന്നതെന്നും മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു.

നേരത്തെ ആറാട്ടുപുഴ പൂരവും വേണ്ടെന്ന് വെച്ചിരുന്നു. മറ്റെല്ലാ പൊതുവായ ചടങ്ങുകളും വേണ്ടെന്ന് വെച്ചുകൊണ്ട് പൂര നടപടികള്‍ നിര്‍ത്തിവെക്കുന്നത് ചരിത്രത്തില്‍ ആദ്യമാണെന്നും വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു.

ലോകം അസാധാരണമായ സാഹചര്യം നേരിടുന്ന അവസ്ഥയിലാണ് ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് നടത്തിയ യോഗത്തില്‍ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും മന്ത്രി പറഞ്ഞു.

ക്ഷേത്രത്തിനകത്ത് നടക്കുന്ന ചടങ്ങില്‍ അഞ്ച് പേര്‍ മാത്രം പങ്കെടുക്കും. തന്ത്രിമാരുടെ കൂടി അഭിപ്രായത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്.

തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും ചെറുപൂരവും വേണ്ടെന്നു വെച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട ഒരു പരിപാടികളൊന്നും ഉണ്ടാവില്ല.

144 നിലനില്‍ക്കുന്നതുകൊണ്ട് തന്നെ അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ എവിടെയും കൂടാന്‍ പാടില്ല. നേരത്തെ പള്ളികളിലും മറ്റും സമാനമായ രീതിയായിരുന്നു കൈക്കൊണ്ടത്. ലോക്ക് ഡൗണ്‍ നിയമങ്ങള്‍ക്ക് ബാധകമായ രീതിയില്‍ മാത്രമേ കാര്യങ്ങള്‍ നടക്കുകയുള്ളൂ- വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു.

മേയ് മാസം മൂന്നാം തിയതി നടക്കുന്ന പൂരം ലോക് ഡൗണ്‍ നീക്കിയാല്‍ സാധാരണഗതിയില്‍ നടത്താമെന്ന ആത്മവിശ്വാസത്തിലായിരുന്നു പൂരം കമ്മിറ്റി ഭാരവാഹികള്‍. എന്നാല്‍ കേന്ദ്രം ലോക്ഡൗണ്‍ നീട്ടിയതോടെ പൂരം നിര്‍ത്തിവെച്ച് ചടങ്ങുകളില്‍ ഒതുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more