| Friday, 20th March 2020, 5:45 pm

കൊവിഡ് 19: അടിയന്തര സാഹചര്യം നേരിടുന്നതിന് സജ്ജമായിരിക്കണം; സ്വകാര്യ ആശുപത്രികളുടെ യോഗം വിളിച്ച് വി. എസ് സുനില്‍കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രികളുടെ യോഗം വിളിച്ച് മന്ത്രി വി.എസ് സുനില്‍ കുമാര്‍.
ഐസൊലേഷന്‍ വാര്‍ഡുകളും വെന്റിലേറ്ററുകളും ഉള്‍പ്പെടെയുള്ള സഹായം ലഭ്യമാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം വിളിച്ചത്.

സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് 19 സംശയിക്കുന്ന രോഗികളെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് പറഞ്ഞയക്കുന്ന രീതി ശരിയല്ലെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസും വ്യക്തമാക്കി.

‘അവസാന നിമിഷം കൊവിഡാണെന്ന് സംശയിക്കുമ്പോള്‍ നിങ്ങള്‍ അവരെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് അയക്കുന്നു. അങ്ങനെ ചെയ്യാന്‍ പറ്റില്ല. നിങ്ങള്‍ തന്നെ അവരെ ചികിത്സിക്കണം. അതെത്ര വലിയ ആശുപത്രിയായാലും സര്‍ക്കാര്‍ സഹായിക്കും,’കളക്ടര്‍ വ്യക്തമാക്കി.

കൊവിഡ് പടരുന്ന വേളയില്‍ അടിയന്തര സാഹചര്യം നേരിടുന്നതിന് സജ്ജമാകുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രി വി.എസ് സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ എറണാകുളത്ത് യോഗം വിളിച്ചത്. 25ഓളം ആശുപത്രികളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

1978 ഐസൊലേഷന്‍ ബെഡുകളുള്‍പ്പെടെ സജ്ജീകരിക്കാനും യോഗത്തില്‍ തീരുമാനമായി. 35 വെന്റിലേറ്റര്‍ കൂടി ലഭ്യമാകും എന്ന് സ്വകാര്യ ആശുപത്രികള്‍ ആദ്യ ഘട്ടത്തില്‍ സമ്മതിച്ചു.

കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളെ സഹായിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നബാര്‍ഡിന് കത്തയച്ചു. ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന നിധിയില്‍ നിന്ന് (ആര്‍.ഐ.ഡി.എഫ്) 2,000 കോടി രൂപയുടെ പ്രത്യേക വായ്പ ഉള്‍പ്പെടെയുള്ള പുനരുദ്ധാരണ പാക്കേജ് നബാര്‍ഡ് നടപ്പാക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more