[]കണ്ണൂര്‍: കേരളത്തിലെ വിപ്ലവപക്ഷത്തെ ആം ആദ്മി പാര്‍ട്ടിയിലേക്ക് നയിക്കുകയെന്നതാണ് ജീവിത സായാഹ്നത്തില്‍ വി.എസ് അച്യുതാനന്ദന് ചെയ്യാവുന്ന ഏറ്റവും വലിയ രാഷ്ട്രീയ സംഭാവനയെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍.
ഇക്കാര്യം താന്‍ വി.എസുമായി സംസാരിച്ചതായും അദ്ദേഹം പറഞ്ഞു. അധികാര മോഹികളുടെയും അഴിമതിക്കാരുടെയും പാര്‍ട്ടിയായ സി.പി.ഐ.എം വിട്ട് വിപ്ലവപക്ഷത്തെ ഒന്നടങ്കം ആം ആദ്മിയിലെത്തിക്കാന്‍ വി.എസ് ശ്രമിക്കണം.
1939ലെ പാറപ്രം സമ്മേളനത്തിലൂടെ ഇ.എം.എസ് സോഷ്യലിസത്തെ കയ്യൊഴിഞ്ഞ് കേരള ഘടകത്തെ ഒന്നാകെ കമ്മ്യൂണിസ്റ്റ് വല്‍കരിച്ചതുപോലെ മാര്‍ക്‌സിസം ഉപേക്ഷിച്ച വിപ്ലവപക്ഷത്തെ ആം ആദ്മിയിലെത്തിക്കാന്‍ വി.എസ് ശ്രമിക്കണം.
വി.എസ് ഇതിന് തയ്യാറാവുന്നില്ലെങ്കില്‍ യുവാക്കള്‍ ഇടതുപക്ഷം വിട്ട് ബി.ജെ.പിയില്‍ ചേരുമെന്നും ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞു.
ജനങ്ങള്‍ക്ക് സൗജന്യമായി കുടിവെള്ളം നല്‍കിയിരുന്നത് സോഷ്യലിസിറ്റ് രാജ്യങ്ങളായിരുന്നു. ഇതു തന്നെയാണ് ആം ആദ്മി പാര്‍ട്ടിയും നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നടപ്പിലാക്കേണ്ടിയിരുന്ന മിനിമം പരിപാടികളാണ് ആം ആദ്മി നടത്തുന്നതെന്നും ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞു.