കണ്ണൂര്‍: വി.എസ് അച്യുതാനന്ദന്‍ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കണമെന്ന് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. വി.എസിന് എല്ലാ അധികാര സ്ഥാനങ്ങളും ലഭിച്ചിട്ടുണ്ട്. അദ്ദേഹം മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവുമായി. പാര്‍ട്ടിയില്‍ അദ്ദേഹത്തിന് സെക്രട്ടറി പദവിയും പോളിറ്റ്ബ്യൂറോ അംഗത്വവും ലഭിച്ചു. ഇതിനൊപ്പം അദ്ദേഹത്തിന് പ്രായവുമായി അതിനാല്‍ അധികാര മോഹങ്ങള്‍ ഒഴിവാക്കി അദ്ദേഹം ഇനി വിശ്രമിക്കുകയാണ് വേണ്ടതെന്നും ബര്‍ലിന്‍ പറഞ്ഞു.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് വരെ മാത്രമാണ് അദ്ദേഹത്തിന് പ്രതിപക്ഷ സ്ഥാനം ഉണ്ടാവുകയുള്ളൂ. അതോടെ അദ്ദേഹത്തിന്റെ പാര്‍ലമെന്ററി ജീവിതം അവസാനിക്കും. അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അദ്ദേഹം ഉണ്ടാവുകയില്ലെന്നും വി.എസ് ഇനി സ്വസ്ഥമായി ആത്മകഥ എഴുതട്ടെയെന്നും ബര്‍ലിന്‍ പറഞ്ഞു.
പാര്‍ട്ടിയിലേക്ക് തന്നെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ബര്‍ലിന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിഞ്ഞ ദിവസം കത്തെഴുതിയിരുന്നു. എന്നാല്‍ കത്ത് സംബന്ധിച്ച് സി.പി.ഐ.എം നേതൃത്വം ഇത് വരെ പ്രതികരിച്ചിട്ടില്ല.
ഇതിന് പിന്നാലെയാണ് വി.എസ് വിമര്‍ശനവുമായി അദ്ദേഹം രംഗത്ത് എത്തിയിരിക്കുന്നത്. മയ്യില്‍ ഏരിയ കമ്മിറ്റിക്കാണു കുഞ്ഞനന്തന്‍ നായര്‍ കത്തു നല്‍കിയത്.
2011 ഓഗസ്റ്റില്‍ പാര്‍ട്ടിയുടെ വിലക്ക് ലംഘിച്ച് വി.എസ്. അച്യുതാനന്ദന്‍ കുഞ്ഞനന്തന്‍ നായരുടെ വീട് സന്ദര്‍ശിച്ചതു വിവാദമായിരുന്നു.2005 മാര്‍ച്ചിലാണു ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ സിപിഎമ്മില്‍ നിന്നു പുറത്താക്കിയത്.