[] തിരുവനന്തപുരം: പാമോലിന്‍ കേസ് എഴുതിത്തള്ളാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വി.എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയിലേക്ക്.
കേസ് തുടരാമെന്ന വിജിലന്‍സ് കോടതി ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരെയാണ് വി.എസ് ഹരജി നല്‍കുന്നത്. ഇതോടൊപ്പം അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണത്തിനും വി.എസ് ആവശ്യപ്പെടും.
പാമോലിന്‍ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള സര്‍ക്കാരിന്റെ അപേക്ഷ തൃശ്ശൂര്‍ വിജിലന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. ഈ ഉത്തരവ് ജനുവരി 27നാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
സെപ്തംബര്‍ 24നാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും പ്രതികളില്‍ പലരും ജീവിച്ചിരിപ്പില്ലെന്നും കാണിച്ചായിരുന്നു പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
1991-92 കാലഘട്ടത്തില്‍ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. പവര്‍ ആന്‍ഡ് എനര്‍ജി ലിമിറ്റഡ് എന്ന മലേഷ്യന്‍ കമ്പനിയില്‍ നിന്ന് പാമോയില്‍ ഇറക്കുമതി ചെയ്തതിലൂടെ 2.32 കോടി നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.
സംഭവത്തില്‍ കെ.കരുണാകരന്‍ ഒന്നാം പ്രതിയും അന്നത്തെ ഭക്ഷ്യമന്ത്രിയായിരുന്ന ടി.എച്ച് മുസ്തഫ രണ്ടാം പ്രതിയുമായിരുന്നു.