വി.എസ് കത്തയച്ചിരുന്നു: പ്രൈവറ്റ് സെക്രട്ടറിയുടെ സ്ഥിരീകരണം
Kerala
വി.എസ് കത്തയച്ചിരുന്നു: പ്രൈവറ്റ് സെക്രട്ടറിയുടെ സ്ഥിരീകരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th February 2014, 5:31 pm

[]തിരുവനന്തപുരം: മുതിര്‍ന്ന സി.പി.ഐ.എം നേതാവും പ്രതിപക്ഷ നേതാവുമായ വി.എസ് അച്യുതാനന്ദന്‍ ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍.എം.പി നേതാവുമായ കെ.കെ രമയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് മുഖ്യമന്ത്രിയ്ക്ക കത്തയച്ചതായി പ്രൈവറ്റ് സെക്രട്ടറിയുടെ സ്ഥിരീകരണം.

ടി.പി വധക്കേസില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിയ്ക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തവേ രമയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി വി.എസ് കത്തയച്ചുവെന്ന വാര്‍ത്ത അല്‍പം മുമ്പാണ് പുറത്തു വന്നത്.

ഇത് സംബന്ധിച്ച് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രൈവറ്റ് സെക്രട്ടറിയുടെ സ്ഥിരീകരണം വന്നിരിയ്ക്കുന്നത്.

വി.എസ് രമയ്ക്ക് കത്തയച്ചിരുന്നുവെന്നും എന്നാലിക്കാര്യം പ്രസ് സെക്രട്ടറി അറിഞ്ഞിരുന്നില്ലെന്നും വി.എസിന്റെ പ്രൈവറ്റ് സെക്രട്ടറി ശശിധരന്‍ നായര്‍ പറഞ്ഞു.

പ്രസ് സെക്രട്ടറി ഇക്കാര്യം അറിയാഞ്ഞതു മൂലമാണ് ആശയക്കുഴപ്പം വന്നതെന്നും ശശിധരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം വി.എസ് രമയ്ക്ക് കത്തയച്ചുവെന്ന് കരുതുന്നില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

വി.എസ് കത്തയച്ചിട്ടില്ലെന്നാണ് പ്രൈവറ്റ് സ്റ്റാഫംഗങ്ങള്‍ പറയുന്നത്. വി.എസിന്റെ അറിവില്ലാതെ അവര്‍ ഇത്തരത്തില്‍ പ്രതികരിയ്ക്കുമോ.

വി.എസല്ലെങ്കില്‍ പിന്നെയാരാണ് കത്തയച്ചതെന്ന് അന്വേഷിയ്ക്കണം. പുറത്താക്കപ്പെട്ട സ്റ്റാഫംഗങ്ങളുടെ കൈവശം വി.എസിന്റെ ഓഫീസിലെ ലെറ്റര്‍ പാഡുണ്ടായിരുന്നോ എന്നും അന്വേഷിയ്ക്കണം- പിണറായി പറഞ്ഞു.

അതേ സമയം കത്തയച്ചതു സംബന്ധിച്ച് വ്യക്തത വി.എസ് തന്നെ വരുത്തട്ടേയെന്ന് സി.പി.ഐ.എം നേതാവും പോളിറ്റ് ബ്യൂറോ അംഗവുമായ കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

അതിനു ശേഷം പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കാമെന്നും കൊടിയേരി അറിയിച്ചു.

നിരാഹാരപ്പന്തലില്‍ പിന്തുണ പ്രഖ്യാപിച്ച് വി.എസ് എത്തുമെന്ന് സമരം ആരംഭിച്ചപ്പോള്‍ തന്നെ രമ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ രമയെ പിന്തുണക്കരുതെന്ന് നേരത്തെ സി.പി.ഐ.എം നേതൃത്വം വി.എസിന് താക്കീത് നല്‍കിയിരുന്നു. കത്ത് വി.എസ് തന്നെ അയച്ചതാണെങ്കില്‍ അത് പാര്‍ട്ടിയില്‍ വീണ്ടും വി.എസിനെതിരായ വികാരം രൂക്ഷമാക്കുന്നതിന് കാരണമാകും.