[]തിരുവനന്തപുരം: കരിമണല്‍ ഖനനം പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്തണമെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കേരളത്തിന്റെ അക്ഷയഖനിയായ കരിമണല്‍ സ്വകാര്യവ്യക്തികള്‍ കൊള്ളയടിക്കുകയും ആയിരക്കണക്കിന് കോടി രൂപ കൊള്ളലാഭം ഉണ്ടാക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.
കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരദേശത്ത് നിന്ന് വ്യാപകമായ തോതില്‍ കരിമണല്‍ അനധികൃതമായി കള്ളക്കടത്തു നടത്തുന്നതായി വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ചില കേന്ദ്ര-സംസ്ഥാന മന്ത്രിമാരടക്കം ഈ കള്ളക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതായും ആക്ഷേപമുണ്ട്.
കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 50,000 കോടി രൂപയുടെ കരിമണല്‍ തൂത്തുക്കുടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചില സ്വകാര്യകുത്തകകള്‍ കടത്തി ക്കൊണ്ടുപോയതായാണ് വാര്‍ത്തകള്‍ വന്നിട്ടുള്ളത്.
ഇതുസംബന്ധിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു എന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും അന്വേഷണം എവിടെയും എത്തിയതായി കാണുന്നില്ല. ഒരു നടപടിയും എടുത്തതായും അറിവില്ല.
ഇതിനിടയില്‍ സ്വകാര്യവ്യക്തികള്‍ വീണ്ടും ഇതു കൊള്ളയടിക്കാന്‍ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അതിന് ഭരണക്കാര്‍ തന്നെ ഒത്താശ ചെയ്യുന്നുമുണ്ട്.
കേരളത്തിന്റെ വികസനം വലിയ തോതില്‍ ത്വരിതപ്പെടുത്താന്‍ കഴിയുന്നത്ര സമ്പദ്‌സമൃദ്ധമാണ് കരിമണല്‍ മേഖല. ഇത് കുത്തകകള്‍ക്ക് കൊള്ളയടിക്കാന്‍ അവസരമുണ്ടാക്കാതെ പ്രയോജനപ്പെടുത്താന്‍ കഴിയണം.
പരിസ്ഥിതിക്കോ, ജനജീവിതത്തിനോ, ദോഷമുണ്ടാക്കാതെ കരിമണല്‍ ഖനനം പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്തണം. ഒപ്പം ഈ മേഖലയിലെ കള്ളക്കടത്ത് തടയാന്‍ കുറ്റമറ്റ സംവിധാനം ഏര്‍പ്പെടുത്തുകയും വേണമെന്ന് വി. എസ്. ആവശ്യപ്പെട്ടു.