എച്ച്.എം.ടി ഭൂമി ഇടപാടില്‍ കരീമിന് തെറ്റുപറ്റിയെന്ന് വി.എസ്
Kerala
എച്ച്.എം.ടി ഭൂമി ഇടപാടില്‍ കരീമിന് തെറ്റുപറ്റിയെന്ന് വി.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th June 2013, 1:50 pm

v.s

[] തിരുവനന്തപുരം: എച്ച്.എം.ടി ഭൂമി ഇടപാടില്‍ എളമരം കരീമിന് തെറ്റുപറ്റിയെന്ന പ്രതിപക്ഷ നേതാവ് വി.എസ്് അച്യുതാനന്ദന്‍. എച്ച്.എം.ടി ഭൂമി ഇടപാടില്‍ താന്‍ പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്നും എച്ച്.ഡി.ഐ.എല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമാണെന്നും വി.എസ് പറഞ്ഞു.

എച്ച്.എം.ടി ഭൂമി ഇടപാടില്‍ മുന്‍ സര്‍ക്കാറിന് തെറ്റുപറ്റിയെന്ന് സി.പി.ഐ.എം സംസ്ഥാന സമിതി അംഗം എം.എം ലോറന്‍സ് ഇന്നലെ പറഞ്ഞിരുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും കരാര്‍ റദ്ദാക്കി ഭൂമി തിരിച്ചുപിടിക്കണമെന്നും ലോറന്‍സ് ആവശ്യപ്പെട്ടിരുന്നു. []

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് സൈബര്‍ സിറ്റിക്കായി എച്ച്.ഡി.ഐ.എല്ലിന് പ്രസ്തുത ഭൂമി നല്‍കിയത്. 70 ഏക്കറോളം വരുന്ന ഭൂമി റിയല്‍ എസ്റ്റേറ്റ് താത്പര്യമുള്ള ഭൂമി എച്ച്.ഡി.ഐ.എല്ലിന് നല്‍കിയത് അന്ന് തന്നെ വിമര്‍ശനത്തിന് കാരണമായിരുന്നു.

അന്ന് വിമര്‍ശനമുയര്‍ത്തിയവരോട് തെങ്ങിന്റെ മണ്ടയില്‍ വികസനം ഉണ്ടാകുമോ എന്നായിരുന്നു എളമരം കരീം ചോദിച്ചത്.

ഭൂമി ലഭിച്ച് ഇത്രയേറെ വര്‍ഷമായിട്ടും യാതൊരുവിധത്തിലുള്ള നിര്‍മാണ പ്രവര്‍ത്തികളും ഇതുവരെ നടന്നിട്ടില്ല. വിവിധ പദ്ധതികള്‍ക്കായി നല്‍കിയ ഭൂമിയില്‍ നിര്‍മാണം നടത്താത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന പുതിയ സര്‍ക്കാര്‍ ഉത്തരവ് വന്നതോടെയാണ് ഭൂമി മറിച്ച് വില്‍ക്കാന്‍ കമ്പനി നീക്കം നടത്തിയത്.

കേരളത്തിലെ രാഷ്ട്രീയബിസിനസ് രംഗങ്ങളില്‍ വന്‍വിവാദങ്ങള്‍ക്ക് വഴിവച്ചതാണ് എച്ച്.എം.ടി ഭൂമി ഇടപാട്. സെസ് പദവി ലഭിച്ച കേരളത്തിലെ ആദ്യ സ്വകാര്യ പദ്ധതി പ്രദേശങ്ങളിലൊന്നുകൂടിയാണിത്.

സോഫ്റ്റ്‌വെയര്‍ രംഗത്ത് 70000 പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന അവകാശ വാദവുമായാണ് എച്ച്.ഡി.ഐ.എല്‍ സബ്‌സിഡിയറിയായ ബ്‌ളൂസ്റ്റാര്‍ റിയല്‍ട്ടേഴ്‌സ് ഭൂമി വാങ്ങിയത്.

പൊതുമേഖലാ സ്ഥാപനമായ എച്ച്.എം.ടിയെ പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായിരുന്നു ഭൂമി വില്‍പ്പന. 2008ല്‍ വാങ്ങിയ ഭൂമിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങളൊന്നും തുടങ്ങാത്തത് വിവാദത്തിലായിരുന്നു.