തിരുവനന്തപുരം: മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡിനര്‍ഹമായ സെല്ലുലോയ്ഡിനെതിരെ സാംസ്‌ക്കാരിക മന്ത്രി ആക്ഷേപം ചൊരിഞ്ഞത് അനുചിതവും അപലപനീയവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.[]
ഏറ്റവും മികച്ച സിനിമയായി ഔദ്യോഗികമായി തന്നെ അംഗീകരിക്കപ്പെട്ട സെല്ലുലോയ്ഡിനെതിരെ ഒരുസംഘം കോണ്‍ഗ്രസുകാര്‍ അക്രമമഴിച്ചുവിട്ടുകൊണ്ടിരിക്കെ അതേ നിലവാരത്തിലേക്ക് സാംസ്‌ക്കാരിക വകുപ്പ് മന്ത്രിയും എത്തിയത് നിര്‍ഭാഗ്യകരമാണ്.
സിനിമയെ സിനിമയായി കാണാന്‍ കഴിയാത്ത ചെറിയൊരു സംഘം കോണ്‍ഗ്രസുകാരാണ് സെല്ലുലോയ്ഡിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. അവരുടെ അക്രമത്തിന് പ്രോത്സാഹനം നല്‍കുകയാണ് സാംസ്‌ക്കാരിക മന്ത്രി ചെയ്തിരിക്കുന്നത്.
ആരും വിമര്‍ശനാതീതരല്ല. സെല്ലുലോയ്ഡ് സിനിമയില്‍ കഥയുടെ ഭാഗമായി ആര്‍ക്കെങ്കിലുമെതിരെ അടിസ്ഥാനരഹിതമായ വിമര്‍ശനമുണ്ടെങ്കില്‍ അത് തുറന്ന്കാണിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. തനിക്ക് ശിരയെന്ന് തോന്നുന്ന കാര്യങ്ങള്‍ യുക്തിസഹമായും ഔചിത്യത്തോടെയും അവതരിപ്പിക്കാന്‍ കലാകാരനുള്ള സ്വാതന്ത്ര്യം പ്രധാനമാണ്.
ജെ.സി ഡാനിയേല്‍ എന്ന കലാകാരന് അംഗീകാരം ലഭിക്കാതെ പോയതില്‍ അന്നത്തെ അധികൃതര്‍ക്ക് പങ്കുണ്ടെന്ന പരമര്‍ശമാണ് സെല്ലുലോയ്ഡിനെതിരെ നീങ്ങാന്‍ ചിലരെ പ്രേരിപ്പിച്ചതെന്നാണ് മനസിലാകുന്നത്.
കമലിന്റെ വിശ്വരൂപത്തിനെതിരെ മതതീവ്രവാദശക്തികളുമായി ബന്ധപ്പെട്ടവര്‍ ഭീഷണി മുഴക്കിയതിന് പിറകെ കേരളത്തില്‍ കമലിന്റെ ചിത്രത്തിനെതിരെ ഭരണകക്ഷിയിലെ ഒരു വിഭാഗം രംഗത്ത് വന്നത് മോശമായിപ്പോയി.
ആക്ഷേപം ഉയര്‍ന്നിരിക്കുന്ന വിഷയത്തില്‍ വസ്തുത അതല്ലെങ്കില്‍ അഥവാ വേറെ വാദമുണ്ടെങ്കില്‍ ജനങ്ങള്‍ക്ക് മുമ്പില്‍ അക്കാര്യം അവതരിപ്പിക്കാം. അതിന്റെ പേരില്‍ മികച്ച ഒരു സിനിമയേയും അതിന്റെ സംവിധാനയകേനും അധിക്ഷേപിക്കുന്നതും പ്രദര്‍ശനകേന്ദ്രങ്ങളില്‍ അക്രമസമരം നടത്തുന്നതും അങ്ങേയറ്റം അപലപനീയമാണെന്നും വി.എസ് പറഞ്ഞു.