തിരുവനന്തപുരം: ആറന്മുള വിമാനത്താവളത്തിനെതിരെ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. ആറന്മുളയില്‍ വിമാനത്താവളം വരുന്നത് പ്രമാണിമാര്‍ക്ക് സഞ്ചരിക്കാന്‍ വേണ്ടിയാണെന്ന് വി.എസ് നിയമസഭയില്‍ പറഞ്ഞു
അതേസമയം ആറന്മുള വിമാനത്താവളത്തിനായി 2500 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് വ്യവസായ മേഖലയായി പ്രഖ്യാപിക്കാനുള്ള വിജ്ഞാപനം സര്‍ക്കാര്‍ ഭാഗികമായി റദ്ദാക്കി. 2000 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് വ്യവസായ മേഖലയായി പ്രഖ്യാപിക്കാനുള്ള വിജ്ഞാപനമാണ് റദ്ദാക്കിയത്.
ഇതുസംബന്ധിച്ച ഉത്തരവില്‍ വ്യവസായ മന്ത്രി ഒപ്പിട്ടുവെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. എല്‍.ഡി.എഫ് സര്‍ക്കാരാണ് 2500 ഏക്കര്‍ ഭൂമി വ്യവസായ മേഖലയില്‍ ഉള്‍പ്പെടുത്തി ഏറ്റെടുക്കാന്‍ വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഭയില്‍ പറഞ്ഞു.
അതേസമയം ആറന്മുള വിമാനത്താവളത്തിനുവേണ്ടി നെല്‍വയല്‍ നികത്താന്‍ അനുമതി നല്‍കിയ സര്‍ക്കാരിന്റെ ഭാഗമായിരുന്ന മുല്ലക്കര ഇപ്പോള്‍ നെല്‍വയല്‍ നികത്തുന്നതിനെതിരെ സംസാരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുന്‍ സര്‍ക്കാരിന് പിഴവ് പറ്റിയിട്ടുണ്ടെങ്കില്‍ ഇപ്പോള്‍ അത് തിരുത്തിക്കൂടേയെന്ന് മുല്ലക്കര രത്‌നാകരന്‍ ചോദിച്ചു. ഇതേത്തുടര്‍ന്നാണ് വിജ്ഞാപനം റദ്ദാക്കിയ വിവരം മുഖ്യമന്ത്രി സഭയെ അറിയിച്ചത്.