[]തിരുവനന്തപുരം: അഴിമതി ആരോപണത്തെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നേരിടുന്ന ചികില്‍സ ഹെല്‍ത്ത് കെയര്‍ എന്ന കമ്പനിക്ക് 108 ആംബുലന്‍സ് സര്‍വീസ് കരാര്‍ പുതുക്കി നല്‍കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. []
കരാര്‍ വ്യവസ്ഥകളിലെ പഴുതുകള്‍ മുതലെടുത്ത് 108 ആംബുലന്‍സുകള്‍ അധികദൂരം ഓടിച്ചതായി രേഖകളുണ്ടാക്കി വലിയതോതില്‍ അഴിമതി നടത്തിയതിന്റെ പേരിലാണ് ചികില്‍സ ഹെല്‍ത്ത് കെയര്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നത്.
പ്രതിപക്ഷനേതാവെന്ന നിലയില്‍ ഞാന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫിമേത്തര്‍, കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ മകന്‍ രവികൃഷ്ണ എന്നിവര്‍ക്ക് പങ്കാളിത്തമുള്ളതാണ് ചികില്‍സ ഹെല്‍ത്ത് കെയര്‍.
നിലവില്‍ ഇവരുടെ കരാര്‍ കാലാവധി ഒക്ടോബര്‍ 15-ന് തീരുകയാണ്. പുതിയ സ്ഥാപനത്തിന് 108 ആംബുലന്‍സ് സര്‍വീസ് നല്‍കുന്നതിന് ടെണ്ടര്‍ വിളിക്കാനുള്ള സമയമായെങ്കിലും അത് ചെയ്യുന്നില്ല.
അതു ചെയ്യാതിരിക്കുന്നത് “ചികില്‍സ”യ്ക്ക് തന്നെ കരാര്‍ തുടര്‍ന്നും നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. അഴിമതിയുടെ പേരില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന സ്ഥാപനത്തിന് വീണ്ടും കരാര്‍ നല്‍കാനുളള നീക്കം ദുരുപദിഷ്ടമാണ്.
ഇത് അവസാനിപ്പിക്കണം. പുതിയ ടെണ്ടര്‍ വിളിക്കുകയും, കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് പോലുള്ള പൊതുമേഖലാ സ്ഥാപനത്തെ ഇതിന്റെ ചുമതല ഏല്‍പ്പിക്കുകയുമാണ് വേണ്ടത്.
കെ.എം.എസ്.സി.എല്‍ ന് 108 ആംബുലന്‍സിന്റെ നടത്തിപ്പിനാവശ്യമുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുണ്ട്. ജീവന്‍രക്ഷാ മരുന്നുകളും അറ്റകുറ്റപ്പണിക്കായി സ്വന്തമായി വര്‍ക്ക്‌ഷോപ്പുമുണ്ട്.
ഇവര്‍ ചെയ്യേണ്ട ജോലിയാണ് ഇപ്പോള്‍ സ്വകാര്യ കമ്പനിയെക്കൊണ്ട് ചെയ്യിക്കുന്നത്. ഇപ്പോള്‍ ജനനി സുരക്ഷ, മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് എന്നിവയും ഇതേ കമ്പനിയെ ഏല്‍പ്പിക്കാന്‍ നീക്കം നടക്കുന്നതായി ആക്ഷേപമുണ്ട്. ഇതും അവസാനിപ്പിക്കണമന്ന് വി.എസ്. പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.