തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷനെതിരെ സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍.[]
ക്രമസമാധാനത്തകര്‍ച്ചയും വിലക്കയറ്റവും കൊണ്ട് ദുരിതത്തിലായ ജനങ്ങളെ സമരം കൂടുതല്‍ ദുരിതത്തിലാക്കിയിരിക്കുകയാണെന്നും സമരത്തെ പൊലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജീവനക്കാരെ ഊഹക്കച്ചവടക്കാര്‍ക്ക് എറിഞ്ഞു കൊടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സംസ്ഥാന ജീവനക്കാരും അധ്യാപകരും നടത്തുന്ന സമരത്തില്‍ സര്‍ക്കാര്‍ ഓഫീസും സെക്രട്ടറിയറ്റും പ്രവര്‍ത്തിക്കുന്നില്ല. ഭൂരിഭാഗവും പണിമുടക്കില്‍ നിന്നും വിട്ടു നില്‍ക്കുകയാണെന്ന പ്രചാരണത്തിലൂടെ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണ്. മുഖ്യമന്ത്രി ജീവനക്കാരുമായി എത്രയും വേഗം ചര്‍ച്ച നടത്തി സമരം അവസാനിപ്പിക്കണമെന്നും അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരേ സമരം നടത്തുന്ന ഇടത് സര്‍വീസ് സംഘടനകളിലെ പ്രവര്‍ത്തകരെ സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
സമരക്കാരെ നേരിടാന്‍ സര്‍ക്കാരിന്റെ ഒത്താശയോടെയാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസും ആളുകളെ വിട്ട് സമരക്കാരെ ആക്രമിക്കുകയാണ്. ഇത് ജനാധിപത്യ സംവിധാനത്തെ തകര്‍ക്കുമെന്നും പിണറായി വിജയന്‍ ആരോപിച്ചു.