| Wednesday, 30th May 2012, 4:25 pm

ശെല്‍വരാജ് ചതിയന്‍,നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍ ശെല്‍വരാജിന്റെ അടിമകളല്ല: വി.എസ്‌

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്‍.ശെല്‍വരാജ് വിശ്വാസ വഞ്ചകനും ചതിയനുമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. നെയ്യാറ്റിന്‍ കരയിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് വി.എസ് ശെല്‍വരാജിനെതിരെ ആഞ്ഞടിച്ചത്.

എല്‍.ഡി.എഫിന് വേണ്ടി ആത്മാര്‍ഥമായി പരിശ്രമിക്കുമെന്ന് കരുതിയാണ് ശെല്‍വരാജിന് കഴിഞ്ഞ തിരഞ്ഞടുപ്പില്‍ സീറ്റ് നല്‍കിയത്. കാലുമാറിയ ശെല്‍വരാജിനെ പേറാന്‍ ഇവിടൊരു യു.ഡി.എഫും കോണ്‍ഗ്രസും ഉണ്ടെന്നും വി.എസ് പരിഹസിച്ചു.  ധീരദേശാഭിമാനികളുടെ നാടാണിത്. ചതിയന്മാര്‍ക്ക് ഈ നാട്ടുകാര്‍ ഉചിതമായ മറുപടി നല്‍കുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ആരെങ്കിലും കാലുമാറാനുണ്ടോ എന്ന് ചോദിച്ച് ആന്റണിയും ഉമ്മന്‍ചാണ്ടിയും കടയും തുറന്നിരിക്കുകയാണെന്നും വി.എസ് പരിഹസിച്ചു. ഇത്തരം ചതിയന്‍മാര്‍ക്ക് യഥാര്‍ഥമായ മറുപടി തന്നെ നല്‍കുമെന്ന് അഭ്യര്‍ഥിക്കുകയാണെന്നും വി.എസ് പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരും ജനങ്ങളും ചേര്‍ന്ന വിജയിപ്പിച്ച ശെല്‍വരാജ് രണ്ടു മാസം മുന്‍പ് രാജിവച്ച് നെയ്യാറ്റിന്‍കരയെ തിരഞ്ഞെടുപ്പിലേക്ക് തള്ളിവിട്ടു. യു.ഡി.എഫിലേക്ക് പോകുന്നത് ആത്മഹത്യാപരമാണെന്ന് അന്ന് പറഞ്ഞ ശെല്‍വരാജ് ഇപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാണ്. കാലുമാറി വോട്ടുതേടുന്ന ഇയാള്‍ക്ക് വോട്ടു ചെയ്യാന്‍ നെയ്യാറ്റിന്‍കരക്കാര്‍ ഇയാളുടെ വാല്യക്കാരോ അടിമകളോ ആണോയെന്ന് വി.എസ് വിമര്‍ശിച്ചു.

എന്നാല്‍ വിവാദമായ ടി.പി ചന്ദ്രശേഖരന്‍ വധക്കേസിനെ കുറിച്ചും എം.എം മണിയുടെ പരാമര്‍ശത്തെ കുറിച്ചും അച്യുതാനന്ദന്‍ സംസാരിച്ചില്ല. കാലുമാറ്റവും പെട്രോള്‍ വില വര്‍ധനവും ഉയര്‍ത്തികാട്ടിയായിരുന്നു വി.എസിന്റെ പ്രചാരണം.

ഇതിനിടെ പ്രതിരോധ മന്ത്രി എ.കെ ആന്റണിയെ വിമര്‍ശിക്കാനും വി.എസ് മറന്നില്ല.  2004ല്‍ ഈ ആന്റണി മുഖ്യമന്ത്രിയായിരിക്കേ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 20ല്‍ 18 സീറ്റും എല്‍.ഡി.എഫ് നേടി. അന്ന് വിട്ടതാണ് ഈ മാന്യന്‍ ഇവിടെ നിന്ന്. ഇവിടെ നിന്നും ഒളിച്ചോടിയ ആന്റണി ഒരു ചതിയനു വേണ്ടി വോട്ടുചോദിക്കാന്‍ വേണ്ടി വന്നിരിക്കുകയാണെന്നും വി.എസ് വിമര്‍ശിച്ചു.

We use cookies to give you the best possible experience. Learn more