| Sunday, 5th May 2013, 10:00 am

സര്‍വകാലശാലയിലെ സംഘടനാ പ്രവര്‍ത്തന നിരോധനം; ലോകത്ത് കേട്ടുകേള്‍വി പോലുമില്ലാത്തത്: വി.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകാലാശാലയില്‍ സംഘടനാ പ്രവര്‍ത്തനം നിരോധിച്ച വൈസ് ചാന്‍സലറുടെ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. നടപടി പിന്‍വലിക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു.

ലോകത്തെ ഒരു സര്‍വ്വകലാശാലയിലും കേട്ടുകേള്‍വി പോലുമില്ലാത്ത നടപടികളാണ് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ വൈസ് ചാന്‍സലര്‍ നടപ്പാക്കുന്നതെന്നും വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ആര്‍ക്കും അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.[]

ഇതേ വൈസ് ചാന്‍സലറാണ് മുമ്പ് സര്‍വകലാശാലയുടെ അറുപത് ഏക്കറോളം ഭൂമി മുസ്‌ലീം ലീഗിന് കീഴിലുള്ള ട്രസ്റ്റിന് നല്‍കാന്‍ തീരുമാനിച്ചത്. ഇദ്ദേഹം തന്നെയാണ് പ്രമുഖ ചരിത്രകാരനായ ഡോ. കെ.എന്‍ പണിക്കര്‍ക്ക് സെമിനാറിന് വേദിയൊരുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതും.

സര്‍വ്വകലാശാലയ്ക്ക് അപമാനമായ വൈസ് ചാന്‍സലറെ തല്‍സ്ഥാനത്ത് നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും വി.എസ് പറഞ്ഞു.

കാമ്പസില്‍ രാഷ്ട്രീയ പ്രവര്‍ത്തനം കൂടിവരുന്നത് അക്കാദമിക് താത്പര്യങ്ങളെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘടനാപ്രവര്‍ത്തനം നിരോധിക്കുന്നതെന്നാണ് വൈസ് ചാന്‍സലര്‍ പറഞ്ഞിരുന്നത്.

വിദ്യാര്‍ഥി സംഘടനകള്‍ക്ക് പുറമേ അധ്യാപക, അനധ്യാപക സംഘടനകള്‍ക്കും ഉത്തരവ് ബാധകമാണ്. രാഷ്ട്രീയ പ്രവര്‍ത്തനം നിരോധിക്കുന്നതോടെ കാമ്പസില്‍ പ്രകടനം നടത്താനോ പോസ്റ്ററുകള്‍ പതിക്കാനോ പാടില്ല.

മുസ്ലീം ലീഗിന്റെ നിര്‍ദ്ദേശപ്രകാരമാണ് എം.അബ്ദുള്‍ സലാം കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലറാകുന്നത്. വി.സിയുടെ ഏകപക്ഷീയമായ പല തീരുമാനങ്ങളും വിവാദമായതോടെ അബ്ദുള്‍ സലാമിനെ മാറ്റാന്‍ ലീഗ് തത്വത്തില്‍ തീരുമാനിച്ചിരുന്നു.

ഇതിനിടെയാണ് സര്‍വ്വകലാശാലയില്‍ രാഷ്ട്രീയം നിരോധിക്കാനുള്ള വി.സിയുടെ ശ്രമം. അബ്ദുള്‍ സലാമിന്റെ വിവാദ നടപടികള്‍ക്കെതിരെ മുമ്പും അധ്യാപക അനധ്യാപക സംഘടനകളും വിവിധ വിഷയങ്ങളില്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more