ഔട്ട്‌ലുക്ക് മാഗസിന്റെ ജനസ്വാധീനമുള്ളവരുടെ പട്ടികയില്‍ വി.എസ്സും അമൃതാനന്ദമയിയും
Kerala
ഔട്ട്‌ലുക്ക് മാഗസിന്റെ ജനസ്വാധീനമുള്ളവരുടെ പട്ടികയില്‍ വി.എസ്സും അമൃതാനന്ദമയിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th July 2013, 10:44 am

[]മുംബൈ: ഔട്ട്‌ലുക്ക് മാഗസിന്റെ ജനസ്വാധീനമുള്ള വ്യക്തികളെ തിരഞ്ഞെടുക്കുന്ന പട്ടികയില്‍ കേരളത്തില്‍ നിന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും അമൃതാനന്ദമയിയും.

സംസ്ഥാനങ്ങള്‍ തിരിച്ചാണ് പട്ടിക പുറത്ത് വിട്ടിരിക്കുന്നത്. സ്വാധീനമുള്ള വ്യക്തികളെ തിരഞ്ഞെടുക്കാനുള്ള അവസരം വായനക്കാര്‍ക്കാണ്. ഓരോ സംസ്ഥാനത്ത് നിന്നും അഞ്ച് പേരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.[]

കേരളത്തില്‍ നിന്നും വി.എസ്സിനും അമൃതാനന്ദമയിക്കും പുറമേ എ.കെ ആന്റണി, മോഹന്‍ലാല്‍, എം.ടി വാസുദേവന്‍ നായര്‍ എന്നിവരാണ് പട്ടികയില്‍ ഉള്ളത്. ദല്‍ഹിയില്‍ നിന്നുമുള്ള പട്ടികയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, അരുണ്‍ ജെയ്റ്റ്‌ലി, അരവിന്ദ് കെജ്‌രിവാള്‍, സുനില്‍ മിത്തല്‍ എന്നിവരാണുള്ളത്.

മഹാരാഷ്ട്രയില്‍ നിന്നുള്ള പട്ടികയില്‍ അനില്‍ അംബാനി, രാജ് താക്കറെ, ഉദ്ദവ് താക്കറെ, അമിതാബ് ബച്ചന്‍, ശരദ് പവാര്‍ എന്നിവരും തമിഴ്‌നാടില്‍ നിന്നും രജനികാന്ത്, കലാനിധി മാരന്‍, എന്‍. ശ്രീനിവാസ്, എം.കെ അഴഗിരി, എം.കെ സ്റ്റാലിന്‍ എന്നിവരുമാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

രാഷ്ട്രീയം, സാമൂഹികം, സാംസ്‌കാരികം, കായികം എന്നീ മേഖലകളില്‍ നിന്നാണ് വ്യക്തികളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്രിക്കറ്റ് താരങ്ങളായ സൗരവ് ഗാംഗുലി, എം.എസ് ധോണി എന്നിവരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഗുജറാത്തില്‍ നിന്നുള്ള പട്ടികയില്‍ ബി.ജെ.പി നേതാവ് അമിത് ഷാ, ചേതന്‍ ഭഗത്, ഗൗതം അദ്വാനി, അഹമ്മദ് പട്ടേല്‍, ടീസ്ത സെതല്‍വാദ് എന്നിവരാണ് ഉള്ളത്.

ഇതാദ്യമായാണ് ഔട്ട്‌ലുക്ക് മാഗസിന്‍ സ്വാധീന വ്യക്തികളെ തിരഞ്ഞെടുക്കുന്നത്. ഇന്ത്യയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുന്ന വ്യക്തികളെന്നാണ് പട്ടികയില്‍ ഇടം നേടിയവരെ ഔട്ട്‌ലുക്ക് വിശേഷിപ്പിച്ചിരിക്കുന്നത്.

ഇവരില്‍ നിന്നും ജനങ്ങള്‍ക്ക് ഏറ്റവും സ്വാധീനശക്തിയുള്ള വ്യക്തിയെ തിരഞ്ഞെടുക്കാം.