Daily News
കയര്‍ഫെഡ് അഴിമതി: വിഎസിന്റെ മകന്‍ അരുണ്‍ കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ശുപാര്‍ശ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Nov 01, 02:43 pm
Sunday, 1st November 2015, 8:13 pm

vsarunkumar

തിരുവനന്തപുരം: കയര്‍ ഫെഡിലെ അഴിമതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍ കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ശുപാര്‍ശ.

ഇക്കാര്യം ചൂണ്ടിക്കാണിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. 2001ല്‍ കയര്‍ഫെഡ് എം.ഡിയായിരിക്കെ 40 ലക്ഷത്തിന്റെ അഴിമതി നടത്തിയെന്ന പരാതിയിലാണ് അരുണ്‍ കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ശുപാര്‍ശ.

പ്രാഥമികാന്വേഷണത്തില്‍ അഴിമതി നടന്നതായി കണ്ടെത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സ്‌പെഷ്യല്‍ സെല്‍ എസ്.പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

വി.എസിന്റെ മറ്റൊരു ബന്ധുവും കണ്‍സള്‍ട്ടന്റുമായ ആര്‍.കെ.രമേഷ്, കരാറുകാരന്‍ മുഹമ്മദ് അലി എന്നിവരാണ് കൂട്ടുപ്രതികള്‍. ഇവരെയും പ്രോസിക്യൂട്ട് ചെയ്യണമെന്ന് എസ്.പിയുടെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.

നാലുകോടി അന്‍പത് ലക്ഷം രൂപയുടെ പദ്ധതിയിലാണ് മൂവരും ക്രമക്കേട് നടത്തിയതായി കണ്ടെത്തിയത്.