ഫിഡല്‍ കാസ്‌ട്രോ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജനപിന്തുണയുള്ള കമ്യൂണിസ്റ്റ് നേതാവ് വി.എസ്
Kerala
ഫിഡല്‍ കാസ്‌ട്രോ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജനപിന്തുണയുള്ള കമ്യൂണിസ്റ്റ് നേതാവ് വി.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th August 2013, 4:02 pm

[]കൊളംബിയ: സമൂഹത്തില്‍ ആഴത്തില്‍ സ്വാധീനിക്കാന്‍ കഴിയുന്ന ലോക നേതാക്കളില്‍ വി.എസ് അച്യുതാനന്ദനും. കൊളംബിയ യൂണിവേഴ്‌സിറ്റി ബ്ലോഗിലാണ് ഏറ്റവും കൂടുതല്‍ ജനപിന്തുണയുള്ള നേതാക്കളുടെ പട്ടികയില്‍ വി.എസ്സും ഉള്‍പ്പെട്ടിരിക്കുന്നത്.

സമൂഹത്തെ സ്വാധീനിക്കാന്‍ കഴിയുന്ന വ്യക്തികളുടെ പട്ടികയിലാണ് കൊളംബിയ സര്‍വകലാശാല ബ്ലോഗ് baraza.cdrs.columbia.edu വി.എസ്സിനേയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. പട്ടികയില്‍ ഇടംനേടിയ ഏക ഇന്ത്യക്കാരനും വി.എസ്സാണ്.[]

വി.എസ്സിന്റെ അഭിമുഖവും ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രമുഖ ഇക്കണോമിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമായ പ്രഭാത് പട്‌നായിക്ക് വി.എസ്സിനെ കുറിച്ച് പറയുന്ന ആമുഖ കുറിപ്പും ബ്ലോഗ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേരളത്തിന് പുറത്ത് വി.എസ് ഒരുപക്ഷേ അത്ര പ്രശസ്തനല്ലെങ്കിലും 33 ദശലക്ഷം ജനസംഖ്യയുള്ള കേരളത്തില്‍ വി.എസ്സിനുള്ള ജനപിന്തുണ വളരെ വലുതാണെന്ന് പ്രഭാത് പട്‌നായിക് പറയുന്നു.

ജീവിച്ചിരിക്കുന്നവരില്‍ ഫിഡല്‍ കാസ്‌ട്രോയ്ക്ക് ശേഷം സ്വന്തം നാട്ടില്‍ ഏറ്റവും കൂടുതല്‍ ജനപിന്തുണയുള്ള ഏക കമ്യൂണിസ്റ്റ് നേതാവ് വി.എസ്സ് ആയിരിക്കും.

വി.എസ്സ് താണ്ടി വന്ന വഴികളെ കുറിച്ചുള്ള ചെറിയ കുറിപ്പും പട്‌നായിക് നല്‍കുന്നുണ്ട്. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതും പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ എത്തിയതിനെ കുറിച്ചുമെല്ലാം പ്ടനായിക് പറയുന്നു.

കുറഞ്ഞ വിദ്യാഭ്യാസം മാത്രം നേടിയ അച്യുതാനന്ദന്‍ സാക്ഷരതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളം പോലൊരു സംസ്ഥാനത്ത് നേടിയെടുത്ത ജനപിന്തുണ വളരെ വലുതാണ്. 89 ാമത്തെ വയസ്സിലും യുവാക്കളെ സ്വാധീനിക്കാന്‍ അദ്ദേഹത്തിനാകുന്നു. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അവസാനത്തെ ഏറ്റവും മഹാനായ നേതാവാണ് വി.എസ് എന്നും പട്‌നായിക് പറയുന്നു.

അച്യുതാനന്ദനുമായുള്ള അഞ്ച് ചോദ്യങ്ങളും ബ്ലോഗ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.