തിരുവനന്തപുരം: ചില്ലറ വ്യാപാരമേഖലയില്‍ വിദേശനിക്ഷേപത്തിന് അനുമതി നല്‍കിയതിന് കേരളത്തില്‍ നിന്നുള്ള എം.പിമാരും ആനുകൂല്യം പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. []
നിയമസഭയില്‍ പരമ്പരാഗത വ്യവസായങ്ങളുടെ തകര്‍ച്ച സംബന്ധിച്ച അടിയന്തരപ്രമേയ നോട്ടീസിന്‍മേല്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വി.എസിന്റെ പരാമര്‍ശത്തിനെതിരെ ഭരണപക്ഷ അംഗങ്ങള്‍ ശക്തമായ പ്രതിഷേധവുമായി എഴുന്നേറ്റു. ഇതേ തുടര്‍ന്ന് അദ്ദേഹം പരാമര്‍ശം പിന്‍വലിച്ചു.
യു.ഡി.എഫ് സര്‍ക്കാര്‍ ഭരണത്തില്‍ ഉള്ള കാലം സംസ്ഥാനത്തെ ചില്ലറവ്യാപാര മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഈ സര്‍ക്കാരിന്റെ കാലത്ത് തീരുമാനം മാറ്റില്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അനുവാദം ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി വിപ്പ് ലംഘിക്കാതിരിക്കാനും പാര്‍ട്ടി അച്ചടക്കം പാലിക്കാനുമാണ് കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് എംപിമാര്‍ ചില്ലറമേഖലയിലെ വിദേശനിക്ഷേപത്തെ അനുകൂലിച്ച് പാര്‍ലമെന്റില്‍ വോട്ടുചെയ്തതെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
പരമ്പരാഗത വ്യവസായങ്ങളുടെ തകര്‍ച്ചയെക്കുറിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെയാണ് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
സി.പി.ഐ.എം അംഗം പി.കെ ഗുരുദാസനാണ് നോട്ടീസ് നല്‍കിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി സംസ്ഥാനത്ത് പരമ്പരാഗത വ്യവസായങ്ങള്‍ വന്‍ തകര്‍ച്ച നേരിടുകയാണെന്ന് നോട്ടീസില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
പരമ്പരാഗത വ്യവസായ മേഖലയിലെ 15 ലക്ഷത്തോളം തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം നോട്ടീസില്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ നോട്ടീസിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി പരമ്പരാഗത വ്യവസായങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് വ്യക്തമാക്കി.