ആലപ്പുഴ: പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ പാര്‍ട്ടി നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. പോലീസ് പറയുന്നത് കേട്ട് ആരോപണ വിധേയര്‍ക്കെതിരെ നടപടിയെടുത്തത് ശരിയായില്ലെന്ന് വി.എസ് പറഞ്ഞു.
“ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി നടപടിയെടുത്തത് ശരിയായില്ല. പോലീസ് റിപ്പോര്‍ട്ട് അവജ്ഞയോടെ തള്ളിക്കളയണമായിരുന്നു.” വി.എസ് അഭിപ്രായപ്പെട്ടു. പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ ഗൂഢാലോചന നടന്നെന്നും വി.എസ് ആരോപിച്ചു.
തന്തയേയും തള്ളയേയും തല്ലുന്നവരല്ല കമ്മ്യൂണിസ്റ്റുകാരെന്നും അദ്ദേഹം വ്യക്തമാക്കി. 2013 ഒക്ടോബര്‍ 31 നായിരുന്നു കൃഷ്ണപിള്ള സ്മാരകം തീവച്ച് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. വി.എസിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ലതീഷ് ചന്ദ്രനെ ഒന്നാം പ്രതിയാക്കിയായിരുന്നു ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നത്.
ക്രൈബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സി.പി.ഐ.എമ്മില്‍ കടുത്ത അച്ചടക്ക നടപടിയുണ്ടായിരുന്നു. പ്രതികളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ഉണ്ടായി. ഇതിനെതിരെ വി.എസ് മുമ്പെ തന്നെ രംഗത്ത് വന്നിരുന്നു. പ്രതികളെ അനുകൂലിച്ച് വി.എസ് മാത്രമായിരുന്നു രംഗത്ത് വന്നിരുന്നത്.
ലതീഷിനു പുറമേ സി.പി.ഐ.എം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.സാബു, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ദീപു, പ്രമോദ്, രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് സ്മാരകം തീവെച്ച് നശിപ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. സ്മാരകം തകര്‍ത്ത സംഭവത്തില്‍ ലതീഷ് ചന്ദ്രന് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചു.
താന്‍ നിരപരാധിയാണെന്നും ആരോ മനപൂര്‍വ്വം തന്നെ കുടുക്കിയതാണെന്നുമാണ് ലതീഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. സി.പി.ഐ.എം വിഭാഗീയതയുടെ ഇരയാണ് താനെന്നും ലതീഷ് പറഞ്ഞിരുന്നു. സി.പി.ഐ.എമ്മിലെ വിഭാഗീയതയാണ് ആക്രമണത്തിന് കാരണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.