പിണറായി വിജയനെന്ന നേതാവിനെയും മുഖ്യമന്ത്രിയെയും എങ്ങനെ വിലയിരുത്തുന്നു?, വി.എസിന്റെ മറുപടി ഇങ്ങനെ
Kerala Election 2021
പിണറായി വിജയനെന്ന നേതാവിനെയും മുഖ്യമന്ത്രിയെയും എങ്ങനെ വിലയിരുത്തുന്നു?, വി.എസിന്റെ മറുപടി ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th March 2021, 8:40 am

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചും എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ചുമുള്ള തന്റെ വിലയിരുത്തലുകള്‍ പങ്കുവെച്ച് മുതിര്‍ന്ന സി.പി.ഐ.എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്‍. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായ വി.എസ് അച്യുതാനന്ദന്‍ മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള തന്റെ വിലയിരുത്തലുകള്‍ പങ്കുവെച്ചത്.

ഏതെങ്കിലും ഒരു നേതാവിനെ വിലയിരുത്തുന്നതില്‍ കാര്യമില്ലെന്നും ആരോപണങ്ങളെ ഭയപ്പെട്ടാല്‍ ഒരു ഭരണാധികാരിക്കും ഭരണം നിലനിര്‍ത്താനാവില്ലെന്നും വി.എസ് അച്യുതാനന്ദന്‍ പ്രതികരിച്ചു.

‘ഏതെങ്കിലും നേതാവിനെ വിലയിരുത്തുന്നതില്‍ കാര്യമില്ല. നേതാവില്ലാതെ മുന്നണിനേതൃത്വത്തിന് പൂര്‍ണതയില്ലല്ലോ. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകള്‍ ഏതുരീതിയില്‍ നിര്‍വഹിക്കുന്നു എന്നതിലാണ് കാര്യം.

ഭൂപരിഷ്‌കരണമായാലും വിദ്യാഭ്യാസ ബില്ലായാലും നെല്‍വയല്‍ നീര്‍ത്തട സംരക്ഷണമായാലും അനധികൃത കൈയേറ്റമൊഴിപ്പിക്കലായാലും ദുരന്തങ്ങളെ നേരിടുന്ന കാര്യമായാലും ക്ഷേമനടപടികളായാലും ഒക്കെ അങ്ങനെതന്നെ. ഈ സര്‍ക്കാര്‍ ജനങ്ങളുടെ പക്ഷത്താണ് എന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടാവാനിടയില്ല.

ആരോപണങ്ങളെ ഭയപ്പെട്ടാല്‍ ഒരു ഭരണാധികാരിക്കും ഭരണം നടത്താനാവില്ല. കഴിഞ്ഞ ഭരണത്തിന്റെ അവസാനകാലത്തും ഇതുപോലുള്ള ആരോപണങ്ങളുണ്ടായല്ലോ. ഞാന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മുഖ്യമന്ത്രിക്കെതിരേ നിലനില്‍ക്കുന്ന ഒരു ആരോപണം കണ്ടെത്തുന്നതിനുവേണ്ടി പ്രതിപക്ഷം ഒരു കമ്മിറ്റിയെ നിയോഗിക്കുകവരെ ചെയ്തിട്ടുണ്ടല്ലോ.

കേന്ദ്ര ഏജന്‍സികളാണ് ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കുന്നത്. അതും, എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ ആവശ്യാര്‍ത്ഥം. തെരഞ്ഞെടുപ്പുകാലത്ത് ആ അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് എന്ന ആരോപണവും ഉണ്ട്. കടല്‍ കേരള സര്‍ക്കാരിന് വില്‍ക്കാനാവില്ലല്ലോ,’ വി.എസ് അച്യുതാന്ദന്‍ പറഞ്ഞു.

ഇടതുപക്ഷത്തിന് ഭരണത്തുടര്‍ച്ചയുണ്ടാകണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും വി.എസ് പറഞ്ഞു. നിപയും കൊവിഡും പ്രളയങ്ങളും അങ്ങനെ ഏത് കെടുതിയിലും അടുപ്പിലെ തീ അണയാതെ കാവല്‍ നിന്ന ഇടതുപക്ഷത്തെ തന്നെ ജനങ്ങള്‍ തെരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: VS Achuthanandhan about Pinarayi Vijayan