| Saturday, 8th September 2012, 7:30 pm

വില്‍ക്കപ്പെടുന്ന കേരളം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജനങ്ങളുടെ പക്ഷത്തു നിന്നുകൊണ്ടുള്ളതല്ലാത്ത ഒരു വികസനവും വികസനമല്ല മറിച്ച് ചൂഷണമാണ്. ഇങ്ങനെ വിഭവ ചൂഷണം ചെയ്യുന്നതിനെ വികസനമെന്നു വിളിച്ച് മുന്നോട്ട് കൊണ്ടുവന്നാല്‍ അതംഗീകരിക്കാന്‍ ജനപക്ഷത്തോടൊപ്പം നില്‍ക്കുന്ന ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം സാധ്യമല്ല. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ എഴുതുന്നു…


എസ്സേയ്‌സ്/വി.എസ്. അച്യുതാനന്ദന്‍


കേരളം ഒരു കാര്‍ഷിക സംസ്ഥാനമാണ്.  കൃഷിയല്ലാതെ ഇവിടെ മറ്റ് കാര്യമായ വ്യവസായങ്ങളൊന്നുംതന്നെ പുഷ്ടിപ്പെട്ടിട്ടില്ല.  അതുകൊണ്ടുതന്നെ കാര്‍ഷിക മേഖലക്കു പുറത്ത് തൊഴിലവസരങ്ങള്‍ ഇവിടെ കുറവാണുതാനും.  കൃഷിയാവട്ടെ, കാലം ചെല്ലുന്തോറും കൂടുതല്‍ കൂടുതല്‍ ഉപേക്ഷിക്കപ്പെടുകയും മണ്ണ് റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിനുള്ള ഉപാധിയായി മാറുകയുമാണ്.  ഈ അവസ്ഥ നമ്മെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്ന ആഴത്തിലുള്ള പ്രതിസന്ധി മുറിച്ചു കടക്കാന്‍ രണ്ട് വികസന മാര്‍ഗങ്ങളാണ് അവലംബിക്കാനുള്ളത്.  കേരളത്തിന്റെ മണ്ണിനും പ്രകൃതിക്കും കോട്ടം തട്ടാത്തതും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതും ഉല്‍പ്പാദനവര്‍ധനവിന് ഉതകുന്നതുമായ വ്യവസായങ്ങള്‍ കേരളത്തിലേക്കാകര്‍ഷിക്കുക എന്നതാണ് ഒന്ന്.  ഭൂമിയുടെ സുസ്ഥിരവും കാര്‍ഷികോന്മുഖവുമായ പരിരക്ഷണവും കാര്‍ഷികവൃത്തിയുടെ പ്രോത്സാഹനവുമാണ് മറ്റൊന്ന്.[]

ഇതില്‍ ആദ്യം പറഞ്ഞ ലക്ഷ്യത്തോടെയുള്ള നിക്ഷേപക സംഗമം കേരളത്തിന് ഇന്ന് ആവശ്യമാണ്.  എന്നാല്‍ നിര്‍ഭാഗ്യവശാല്‍ രണ്ടാമത്തെ ലക്ഷ്യത്തെ പാടെ തകര്‍ത്തുകൊണ്ടും കേവലം റിയല്‍ എസ്റ്റേറ്റ് താത്പ്പര്യങ്ങള്‍ മാത്രം ലക്ഷ്യമിട്ടുകൊണ്ടുമാണ് എമേര്‍ജിങ് കേരള എന്ന പുതിയ പേരില്‍ പഴയ ജിം നടപ്പാക്കാന്‍ സര്‍ക്കാര്‍ തുനിയുന്നത്.  എവിടെയാണ് നമുക്കു പിഴച്ചുപോയത് എന്നന്വേഷിക്കേണ്ട കാര്യമില്ല.  എമേര്‍ജിങ് കേരളയിലൂടെ ഷോകേസ് ചെയ്തിരിക്കുന്ന കേരളത്തിന്റെ ചിത്രം പരിശോധിച്ചാല്‍ കാര്യങ്ങള്‍ പകല്‍പോലെ വ്യക്തമാവും.

ജനങ്ങള്‍ക്ക് ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, വാര്‍ത്താവിനിമയം, ക്രമസമാധാനം എന്നു തുടങ്ങിയ നിരവധി മേഖലകളില്‍ സേവനം നല്‍കാനുള്ള ഉത്തരവാദിത്വമാണ് ജനാധിപത്യ സംവിധാനത്തില്‍ ഗവണ്‍മെന്റിനുള്ളത്.  ഇതെല്ലാം ഭംഗിയായി നിര്‍വ്വഹിക്കാനാണ് വിവിധ വകുപ്പുകളും മന്ത്രിമാരുമെല്ലാം.  ജനങ്ങളുടെ ആവശ്യങ്ങളെയെല്ലാം വ്യവസായികളെ വിളിച്ച് ഏല്‍പ്പിച്ചുകൊടുക്കുന്നതല്ല വികസനം.  ഇവിടെ സംഭവിക്കുന്നത് അതാണ്.

ജനങ്ങള്‍ക്ക് ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, വാര്‍ത്താവിനിമയം, ക്രമസമാധാനം എന്നു തുടങ്ങിയ നിരവധി മേഖലകളില്‍ സേവനം നല്‍കാനുള്ള ഉത്തരവാദിത്വമാണ് ജനാധിപത്യ സംവിധാനത്തില്‍ ഗവണ്‍മെന്റിനുള്ളത്.

വ്യവസായ മന്ത്രിയും ഇന്‍കലിന്റെ തലവനുംകൂടി ഏതെല്ലാം ഭൂമി എവിടെയെല്ലാം എന്തെന്ത് ആവശ്യങ്ങള്‍ക്കായി ഷോകേസ് ചെയ്യണമെന്ന് തീരുമാനിക്കുകയും അത് ആഗോളതലത്തില്‍ പരസ്യപ്പെടുത്തുകയും നിക്ഷേപകരെ ക്ഷണിക്കുകയും ചെയ്തു കഴിഞ്ഞു.

വ്യവസായ മന്ത്രിയും ഇന്‍കലിന്റെ തലവനുംകൂടി ഏതെല്ലാം ഭൂമി എവിടെയെല്ലാം എന്തെന്ത് ആവശ്യങ്ങള്‍ക്കായി ഷോകേസ് ചെയ്യണമെന്ന് തീരുമാനിക്കുകയും അത് ആഗോളതലത്തില്‍ പരസ്യപ്പെടുത്തുകയും നിക്ഷേപകരെ ക്ഷണിക്കുകയും ചെയ്തു കഴിഞ്ഞു.  ഇപ്രകാരം ഷോകേസ് ചെയ്ത ഭൂമിയില്‍ ആഭ്യന്തര വകുപ്പിന്റെ കൈവശമുള്ള ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയമുണ്ട്, സ്‌പോര്‍ട്‌സ് വകുപ്പിന്റെ അധീനതയിലുള്ള സ്വിമ്മിങ്പൂളുണ്ട്, മറ്റനേകം വകുപ്പുകള്‍ കൈകാര്യം ചെയ്തുവരുന്ന ഭൂമിയും കെട്ടിടങ്ങളുമുണ്ട്.  ഈ വകുപ്പുകളൊന്നും അറിയാതെ അതെല്ലാം വ്യവസായ വകുപ്പ് വ്യവസായവല്‍ക്കരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ഇത് യു.ഡി.എഫ്. സര്‍ക്കാരിന്റെ നയതീരുമാനമാണോ എന്ന ചോദ്യം സ്വാഭാവികമാണ്.  അല്ലെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം റവന്യൂ മന്ത്രി മുതല്‍ ഹരിത എം.എല്‍.എ.മാര്‍ വരെ വ്യക്തമാക്കിക്കഴിഞ്ഞു.  എമേര്‍ജിങ് കേരള സംബന്ധിച്ച എല്ലാ പ്രസിദ്ധപ്പെടുത്തലുകള്‍ക്കും ഉദ്ഘാടന പരിപാടി ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ക്കും ശേഷമാണ് യു.ഡി.എഫ്. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നത്.  എന്താണീ എമേര്‍ജിങ് കേരള എന്നാണ് എം.എല്‍.എ.മാരും മന്ത്രിമാരും സംശയമുന്നയിക്കുന്നത്.   ഈ ഘട്ടത്തിലാണ് മുഖ്യമന്ത്രിതന്നെ സംഗതിയുടെ പൊള്ളത്തരം തിരിച്ചറിയുന്നത്.  എങ്കില്‍പിന്നെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച പദ്ധതികളില്‍ മന്ത്രിമാര്‍ക്കും ജനങ്ങള്‍ക്കും സംശയമുണ്ടാകാനിടയുള്ളതെല്ലാം അവരില്‍നിന്ന് മറച്ചുവെക്കാം എന്ന് തീരുമാനിക്കുന്നത്.  സൂതാര്യത കൂടിപ്പോയതാണെന്റെ പരാജയം എന്നാണിപ്പോള്‍ മുഖ്യമന്ത്രി വിലപിക്കുന്നത്.  ഇനി നടക്കാനുള്ളതെല്ലാം മറയുടെ പിന്നിലായിരിക്കും എന്നര്‍ത്ഥം.

അപ്പോഴും ചോദ്യങ്ങളും സംശയങ്ങളും ബാക്കി.  പദ്ധതികളുടെ പ്രായോഗികതയെക്കുറിച്ച് തരിമ്പും ചിന്തിക്കാതെയാണ് ഏക്കര്‍ കണക്കിന് ഭൂമി വില്‍പ്പനക്ക് വെച്ചിരിക്കുന്നത്.  ചീമേനിയില്‍ സ്വകാര്യ വ്യക്തികള്‍ക്ക് ആയിരക്കണക്കിനേക്കര്‍ ഗ്യാസ് പ്ലാന്റ് സ്ഥാപിക്കാന്‍, ആഭ്യന്തര വകുപ്പിന്റെ കീഴില്‍ നല്ല നിലയില്‍ ഉപയോഗപ്പെടുത്തിവരുന്ന ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയം കണ്‍വെന്‍ഷന്‍ സെന്ററുണ്ടാക്കാന്‍, നടക്കാവില്‍ ചേരി നിര്‍മാര്‍ജനം നടത്തി ഷോപ്പിങ് കോംപ്ലക്‌സും പാര്‍ക്കിങ് സ്‌പേസും നിര്‍മ്മിക്കാന്‍, 53,823 കോടി ചെലവില്‍ നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് മാനുഫാക്ച്ചറിങ് സോണ്‍ ആയി 5200 ഹെക്ടറില്‍ കൊച്ചി-പാലക്കാട് നിംസ് പ്രോജക്റ്റ് നടപ്പാക്കാന്‍, ആയിരം ഏക്കറില്‍ ഇലക്‌ട്രോണിക് ഹബ്ബ് സ്ഥാപിക്കാന്‍, വേളിയില്‍ നിശാക്ലബ്ബ് സ്ഥാപിക്കാന്‍, പത്തായിരം ഏക്കര്‍ അമ്പലമുകളില്‍ പെട്രോകെമിക്കല്‍ വ്യവസായത്തിന്  എന്നിങ്ങനെ പോകുന്നു, പ്രസിദ്ധപ്പെടുത്തിയ പദ്ധതികള്‍.  എല്ലാം ഫാസ്റ്റ് ട്രാക്ക് രീതിയില്‍ ഇളവുകളോടെ.  ഒരു പദ്ധതിയുടെയും വിശദാംശങ്ങളില്ല.  എവിടെയും പ്രായോഗികത നോക്കിയിട്ടേയില്ല.  നടക്കാത്തതും നടക്കരുതാത്തതുമായ പദ്ധതികളുടെ പേരില്‍ ഭൂമി വിതരണമാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തം.

പദ്ധതികളുടെ പ്രായോഗികതയെ കുറിച്ച് തരിമ്പും ചിന്തിക്കാതെയാണ് ഏക്കര്‍ കണക്കിന് ഭൂമി വില്‍പ്പനക്ക് വെച്ചിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡമനുസരിച്ച് പെട്രോ കെമിക്കല്‍ ഫാക്റ്ററി പി.സി.പി.ഐ.ആര്‍-ല്‍ ഉള്‍പ്പെടുത്തണമെങ്കില്‍ 250 ചതുരശ്ര കിലോമീറ്റര്‍ ഭൂമി വേണം.  അതായത് 62000 ഏക്കര്‍!  ഇത് നടക്കുന്ന പദ്ധതിയാണെന്ന് ആരെങ്കിലും പറയുമെന്ന് തോന്നുന്നില്ല.  ഇതിന്റെ നാല്‍പ്പത് ശതമാനം, അതായത് ഇരുപത്തയ്യായിരത്തോളം ഏക്കര്‍ ഭൂമി പ്രോസസിങ് ഏരിയയായിരിക്കും.  ബാക്കി വ്യാപാരാവശ്യങ്ങള്‍ക്കു വേണ്ടിയായിരിക്കും.  എന്നാല്‍ പ്രോജക്റ്റില്‍ പരസ്യപ്പെടുത്തിയിരിക്കുന്നത് ആകെ പതിനായിരം ഏക്കറിലാണ് ഇവര്‍ പി.സി.പി.ഐ.ആര്‍ കൊണ്ടുവരിക എന്നാണ്.  ഒട്ടകത്തെ സൂചിക്കുഴയിലൂടെ കടത്തുമെന്ന്!

പെട്രോ കെമിക്കല്‍ പദ്ധതിക്ക് പറ്റിയ പ്രദേശമാണോ എറണാകുളത്തെ നിര്‍ദ്ദിഷ്ട സ്ഥലം, ഇവിടെ ഏതെങ്കിലും പാരിസ്ഥിതിക പഠനം നടത്തിയിട്ടുണ്ടോ എന്നതെല്ലാം വേറെ പ്രശ്‌നം.  ഇതുതന്നെയാണ് പ്രസിദ്ധപ്പെടുത്തിയ നിംസ് പ്രോജക്റ്റുകളുടെ കാര്യവും.  നിംസിന്റെ മാനദണ്ഡങ്ങളുമായി യോജിച്ചു പോകുന്നതല്ല ഈ നിംസ് പ്രോജക്റ്റുകള്‍.  ഇതൊന്നും ആരും നോക്കിയിട്ടേയില്ല എന്നാണിത് വ്യക്തമാക്കുന്നത്.

വികസനത്തിനാരും ഇവിടെ എതിരല്ല. വികസനം എന്തായിരിക്കണം എങ്ങനെയായിരിക്കണം എന്നതാണ് പ്രശ്‌നം. അത് പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടാകരുത്. ഉപയോഗിക്കാം, പക്ഷേ ചൂഷണമാവരുത് പ്രകൃതിയെ ചൂഷണം ചെയ്യുന്നത് മുതലാളിത്തമാണ്, ലാഭക്കൊതിയാണ്.

ഇതെല്ലാം എമര്‍ജിങ് കേരള പദ്ധതി സംബന്ധിച്ച് വന്‍ ദുരൂഹതയുണ്ടാക്കുന്നു. ആരാണ് ഇതിലെ പദ്ധതികള്‍ തയ്യാറാക്കിയത്, ആരാണ് അത് അംഗീകരിച്ച് പ്രസിദ്ധീകരണത്തിന് നല്‍കിയത്, സംരംഭകര്‍ക്ക് മുമ്പില്‍ ഈ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചതാരാണ്? എമേര്‍ജിങ് കേരള പദ്ധതി തന്നെ പാട്ടത്തിന്  കൊടുത്തതാണോ? സര്‍ക്കാരല്ലാത്ത ആരോ ആണോ ഈ പദ്ധതികള്‍ക്ക് പിറകില്‍. അതീവ ഗുരുതരമായ സംശയങ്ങളാണ്  ഉളവായിക്കൊണ്ടിരിക്കുന്നത്.

വികസനത്തിനാരും ഇവിടെ എതിരല്ല. വികസനം എന്തായിരിക്കണം എങ്ങനെയായിരിക്കണം എന്നതാണ് പ്രശ്‌നം. ജനങ്ങളുടെ വര്‍ധിച്ച ആവശ്യങ്ങള്‍ക്കനുസരിച്ച് എല്ലാരംഗത്തും വികസനം അനിവാര്യമാണ്. ആവശ്യത്തിന് ശുദ്ധജലം, ഭക്ഷണം, പാര്‍പ്പിടം, കാലത്തിന്റെ വേഗതയനുസരിച്ചുള്ള യാത്രസൗകര്യം, വിനോദോപാധികള്‍, മാലിന്യസംസ്‌കരണം എന്നിവയുടെ വികസനം അനിവാര്യമാണ്. അതിന് കാര്‍ഷിക വ്യാവസായ നിര്‍മാണഅടിസ്ഥാന സൗകര്യമേഖലകളിലെല്ലാം കുതിച്ചുചാട്ടം വേണ്ടിവരും. അത് പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടാകരുത്. ഉപയോഗിക്കാം, പക്ഷേ ചൂഷണമാവരുത് പ്രകൃതിയെ ചൂഷണം ചെയ്യുന്നത് മുതലാളിത്തമാണ്, ലാഭക്കൊതിയാണ്.

ജനങ്ങളുടെ പക്ഷത്തു നിന്നുകൊണ്ടുള്ളതല്ലാത്ത ഒരു വികസനവും വികസനമല്ല മറിച്ച് ചൂഷണമാണ്. ഇങ്ങനെ വിഭവ ചൂഷണം ചെയ്യുന്നതിനെ വികസനമെന്നു വിളിച്ച് മുന്നോട്ട് കൊണ്ടുവന്നാല്‍ അതംഗീകരിക്കാന്‍ ജനപക്ഷത്തോടൊപ്പം നില്‍ക്കുന്ന ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം സാധ്യമല്ല.  നമ്മുടെ സമ്പത്ത്, നമ്മുടെ നിക്ഷേപം, നമ്മുടെ ഭൂമിയും അന്തരീക്ഷവും ജലവും വനവും പ്രകൃതിവിഭവങ്ങളുമെല്ലാമാണ്. അത് വരാനിരിക്കുന്ന എല്ലാ തലമുറകളുടെയും എല്ലാ ജീവജാലങ്ങളുടെയും സ്വത്താണ്. അത് ഉപയോഗിക്കാനല്ലാതെ ചൂഷണം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിച്ചുകൊണ്ടും അത് എല്ലാവര്‍ക്കും തുല്യാവകാശമുള്ളതാണെന്ന ബോധം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും സുസ്ഥിരമായ വികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കുയാണാവശ്യം. വികസനം അനിവാര്യമാണ്; പരിസ്ഥിതി സംരക്ഷണവും അനിവാര്യമാണ്. രണ്ടിനെയും സമന്വയിപ്പിച്ചുകൊണ്ട് ജനങ്ങള്‍ക്ക് കൂടുതല്‍ പുരോഗതിയും സംതൃപ്തിയും സന്തോഷവും കൈവരുത്തുന്നതിന് പ്രവര്‍ത്തിക്കുകയാണ് ഇന്നത്തെ കടമ.

തികഞ്ഞ അരാജകത്വമാണ് എമേര്‍ജിങ് കേരളയുടെ കാര്യത്തില്‍ ഉണ്ടായിട്ടുളളത്. അതുകൊണ്ട് ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള എമേര്‍ജിങ് കേരള സംഗമം ഉടനടി റദ്ദാക്കുകയാണ് വേണ്ടത്.  കേരളത്തിന് ആവശ്യമായതും പ്രായോഗികമായതുമായ  പദ്ധതികളും അതിന് ലഭ്യമാകുന്ന സ്ഥലവും കണ്ടെത്തി വിശദമായ ചര്‍ച്ചയിലൂടെ പദ്ധതികള്‍ വിഭാവനം ചെയ്യുകയും അതോടൊപ്പം തന്നെ ജനവിരുദ്ധവും അപമാനകരവുമായ ഇപ്പോഴത്തെ നിര്‍ദ്ദേശങ്ങള്‍ എങ്ങനെയുണ്ടായെന്നതുസംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും വേണം.

We use cookies to give you the best possible experience. Learn more