തിരുവനന്തപുരം: കേരളത്തില്‍ നേട്ടമുണ്ടാക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ വിജയിക്കില്ലെന്ന് മുതിര്‍ന്ന സി.പി.ഐ.എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്‍. ഇടതുപക്ഷ മതനിരപേക്ഷ കേരളത്തില്‍ ബി.ജെ.പിയ്ക്ക് വേരുറപ്പിക്കാനാവില്ലെന്നും വി.എസ് പറഞ്ഞു.
ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായ വി.എസ് അച്യുതാനന്ദന്‍ മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള തന്റെ വിലയിരുത്തലുകള്‍ പങ്കുവെച്ചത്.
‘ബി.ജെ.പി. കേരളത്തില്‍ നേട്ടമുണ്ടാക്കാനായി ശ്രമിക്കും. വിമോചനസമരം തൊട്ടിങ്ങോട്ട് പ്രതിലോമശക്തികള്‍ ഇടതുപക്ഷത്തെപ്പോലെതന്നെ സജീവമാണ്. പക്ഷേ, ഇത് കേരളമാണ്. ഇടതുപക്ഷ മതനിരപേക്ഷ കേരളത്തില്‍ ബി.ജെ.പി.ക്ക് വേരുറപ്പിക്കാനാവില്ല. രാഷ്ട്രത്തെ വിറ്റുതുലയ്ക്കുന്ന ബി.ജെ.പി.യെ ഏറ്റവും നന്നായി വിലയിരുത്തുന്നതും കേരളമാവും,’ വി.എസ് പറഞ്ഞു.
ഇടതുപക്ഷത്തിന് ഭരണത്തുടര്‍ച്ചയുണ്ടാകണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും വി.എസ് പറഞ്ഞു. നിപയും കൊവിഡും പ്രളയങ്ങളും അങ്ങനെ ഏത് കെടുതിയിലും അടുപ്പിലെ തീ അണയാതെ കാവല്‍ നിന്ന ഇടതുപക്ഷത്തെ തന്നെ ജനങ്ങള്‍ തെരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.