| Sunday, 20th October 2024, 1:32 pm

അതിദരിദ്രര്‍ക്ക് സൗജന്യം; തൊഴിലാളികള്‍ക്ക് പകുതി നിരക്കില്‍ സേവനം; വി.എസിന്റെ 101ാം പിറന്നാള്‍ ദിനത്തില്‍ ജനകീയ ലാബ് സമ്മാനിച്ച് സഹപ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: മുന്‍ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ 101ാം പിറന്നാള്‍ ദിനത്തില്‍ ആദരസൂചകമായി ജനകീയ ലാബിന് തുടക്കം കുറിച്ച് സഹപ്രവര്‍ത്തകര്‍. വി.എസിന്റെ സഹപ്രവര്‍ത്തകരായി ജോലി ചെയ്തിരുന്ന അഞ്ച് പേര്‍ ചേര്‍ന്നാണ് ആലപ്പുഴ മുഹമ്മയിലെ ജനകീയ ലാബിന്റെ കെട്ടിടനിര്‍മ്മാണത്തിന് തുടക്കം കുറിച്ചത്.

വി.എസിന്റെ പേഴ്‌സണല്‍ സെക്രട്ടറിയായി ജോലി ചെയ്തിരുന്ന ഷീല തോമസാണ് ലാബിന്റെ നിര്‍മാണോദ്ഘാടനം ചെയ്തത്. വി.എസിന്റെ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് എ. സുരേഷ് ചടങ്ങില്‍ മുഖ്യ അതിഥിയായി. മറ്റൊരു പേഴ്‌സണല്‍ അസിസ്റ്റന്റായ വിനോദും ചടങ്ങിനെത്തിയിരുന്നു.

26 വര്‍ഷത്തോളം വി.എസിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായി ജോലി ചെയ്ത ആളാണ് വിനോദ്. ഇവരെക്കൂടാതെ ഡ്രൈവറായ സുന്ദരനും ചടങ്ങില്‍ സന്നിഹിതനായിരുന്നു. വി.എസിന്റെ പിറന്നാളിനോടനുബന്ധിച്ച് നിര്‍മാണ ഉദ്ഘാടനവേളയില്‍ അഞ്ച് പേരും ചേര്‍ന്ന് കേക്ക് മുറിക്കുകയും ചെയ്തിരുന്നു.

വി.എസിന്റ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായി ജോലി ചെയ്തിരുന്ന ലതീഷ് ബി. ചന്ദ്രനാണ് ജനകീയ ലാബ് എന്ന ആശയം ആദ്യമായി മുന്നോട്ട് വെക്കുന്നത്. പേഴ്‌സണല്‍ സ്റ്റാഫായി ജോലി ചെയ്തതിന്റെ പെന്‍ഷന്‍ തുക ഉപയോഗിച്ചാണ് ലതീഷ് ജനകീയ ലാബിന് തുടക്കം കുറിക്കുന്നത്. ലതീഷിന്റെ നേതൃത്വത്തിലുള്ള ജനകീയ സമിതിക്കാണ് ലാബിന്റെ പ്രവര്‍ത്തന ചുമതല.

ജനകീയ ലാബില്‍ സര്‍ക്കാരിന്റെ അതിദരിദ്രവിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ക്ക് സൗജന്യ പരിശോധന ലഭിക്കും. തൊഴിലുറപ്പ് തൊഴിലാളികള്‍, വയോജനങ്ങള്‍, നിര്‍ധനര്‍ എന്നിവര്‍ക്ക് പകുതി നിരക്കിലും പരിശോധന നടത്താം. കുടുംബശ്രീ അംഗങ്ങള്‍ക്ക് 30% ഇളവുണ്ട്. ഡിസംബറില്‍ ലാബിന്റെ നിര്‍മാണം പൂര്‍ത്തിയാകും. ജനകീയ കമ്മിറ്റിക്കാണ് നിര്‍മാണച്ചുമതല.

Content Highlight: V.S Achuthanandan’s 101st birthday today; Companions about to start lab for public

Latest Stories

We use cookies to give you the best possible experience. Learn more