| Monday, 3rd September 2018, 5:19 pm

അശാസ്ത്രീയത പ്രചരിപ്പിക്കുന്ന മാഫിയകളെ നിയമപരമായി നേരിടണം; വി.എസ് അച്യുതാനന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കടലില്‍ മഴ പെയ്യുന്നത് കാടുള്ളതുകൊണ്ടല്ല, കാട്ടില്‍ ഉരുള്‍ പൊട്ടുന്നത് പാറമടകൊണ്ടല്ല, തുടങ്ങിയ കുയുക്തികള്‍ നിരത്തി അശാസ്ത്രീയത പ്രചരിപ്പിക്കുന്ന മാഫിയകളെ നിയമപരമായി നേരിടണമെന്ന് ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. അടിസ്ഥാന സൗകര്യങ്ങള്‍ വിപണിക്കു വേണ്ടിയാവരുതെന്നും വി.എസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഭൂമിയുടെ ലഭ്യതയും പാരിസ്ഥിതിക പ്രശ്‌നങ്ങളും മറ്റ് ഭൗമശാസ്ത്ര പ്രശ്‌നങ്ങളും പരിഗണിച്ചുകൊണ്ടും അതിനെ കര്‍ശനമായി ഉള്‍പ്പെടുത്തിക്കൊണ്ടും മാത്രമേ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള അനുമതി നല്‍കാവൂ എന്ന് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.


Read Also : കൊല്ലത്ത് ഒഴിവാക്കിയ ശോഭായാത്രയുടെ പേരില്‍ രസീതടിച്ച് ആര്‍.എസ്.എസിന്റെ വന്‍ പണപ്പിരിവ്


“ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തില്‍ ദുരന്ത നിവാരണ അഥോറിറ്റിയുടെ അനുമതിയോടെ മാത്രം കെട്ടിട നിര്‍മ്മാണങ്ങള്‍ അനുവദിക്കാവുന്ന സ്ഥലങ്ങള്‍ കണ്ടെത്തണം. അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍, ഉണ്ടായിക്കഴിഞ്ഞ നിര്‍മ്മിതികളെല്ലാം നിലനിര്‍ത്തേണ്ടതാണ് എന്ന സമീപനം മാറ്റണം. ഇപ്പോഴുണ്ടായ ഉരുള്‍പൊട്ടലുകളുടെ അനുഭവം വെച്ച്, സമയാസമയങ്ങളില്‍ ഭൗമശാസ്ത്ര പരിശോധനകള്‍ നടത്തി, ദുര്‍ബ്ബലമാകുന്ന പ്രദേശങ്ങളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനും കെട്ടിടങ്ങള്‍ ഒഴിവാക്കാനുമുള്ള സ്ഥിരമായ സംവിധാനത്തിന് രൂപം കൊടുക്കണം”. വി.എസ് പറയുന്നു.

“സ്വതവേ ഉരുള്‍ പൊട്ടുന്ന സ്വഭാവമുള്ള ഭൂപ്രദേശമാണ് മലനാട്. അത്തരം ഭൂമിയില്‍ കുന്നിടിക്കുന്നതും പാറമടകള്‍ നടത്തുന്നതും ന്യായീകരിക്കാനാവില്ല. പരിസ്ഥിതിയെ കണക്കിലെടുത്തുകൊണ്ട് ശാസ്ത്രീയമായി പുനര്‍ നിര്‍മ്മിക്കപ്പെട്ട ഉല്‍പ്പാദന വ്യവസ്ഥയുമായി പൊരുത്തപ്പെടുന്നതാവണം, നമ്മുടെ ആവാസ വ്യവസ്ഥ. സംസ്ഥാനത്തെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പാരിസ്ഥിതിക അച്ചടക്കവും ഉല്‍പ്പാദന വ്യവസ്ഥയുടെ അച്ചടക്കവും പാലിക്കുന്നുണ്ട് എന്ന് ഭരണകൂടം ഉറപ്പുവരുത്തണം. ഭവനങ്ങള്‍ക്കും ഇതര നിര്‍മ്മിതികള്‍ക്കും വെവ്വേറെ അനുമതികള്‍ വേണം”. വി.എസ് കൂട്ടിച്ചേര്‍ത്തു.

ജനവാസ മേഖല, വാണിജ്യ മേഖല, വ്യവസായ മേഖല എന്നിങ്ങനെയുള്ള വേര്‍തിരിവുകളുടെ അഭാവത്തില്‍, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയാസം നേരിടും. ഭവന നിര്‍മ്മാണത്തിന് ചില ക്രിയാത്മക മാതൃകകള്‍ രൂപപ്പെടുത്തണം. എട്ട് വര്‍ഷം മുമ്പ് ചിലി സുനാമി ദുരന്തത്തില്‍നിന്ന് കരകയറിയപ്പോള്‍ അവര്‍ നിര്‍മ്മിച്ചത് പൂര്‍ണ വീടുകളായിരുന്നില്ല. പിന്നീട് വികസിപ്പിക്കാവുന്ന രീതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടുകളാണ്. ഇത്തരം മാതൃകകള്‍ കണ്ടെത്തണമെന്നും വി.എസ് അറിയിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more