കൊച്ചി: പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം എം.എം ലോറന്‍സ്. വി.എസ് ഗ്രൂപ്പിസത്തിന്റെ ആളാണെന്നും അങ്ങനെ കളിക്കുന്നത് എത്ര വലിയ ആളായാലും പാര്‍ട്ടിക്ക് അതീതനല്ലെന്നും ലോറന്‍സ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ക്ലോസ് എന്‍കൗണ്ടര്‍ പരിപാടിയിലാണ് ലോറന്‍സ് വീണ്ടും വി.എസിനെതിരെ തിരിഞ്ഞത്.
പാര്‍ട്ടിയില്‍ എന്നും വി.എസ് ഗ്രൂപ്പ് കളിക്കുകയായിരുന്നുവെന്ന് ലോറന്‍സ് വ്യക്തമാക്കി. പന്ത്രണ്ട് വര്‍ഷം പാര്‍ട്ടിയുടെ എറണാകുളം ജില്ലാസെക്രട്ടറിയായിരുന്നു ഞാന്‍. അന്നൊന്നും വിഭാഗീയതയുടെ ഒരു ലക്ഷണം പോലും അവിടെയുണ്ടായിരുന്നില്ല. എനിക്ക് ശേഷം എ.പി വര്‍ക്കി ജില്ലാസെക്രട്ടറിയായി വന്നതിന് ശേഷമാണ് വിഭാഗീയത തുടങ്ങിയതും ഇന്ന് കാണുന്ന തരത്തിലേക്ക് അത് മാറിയതും. പാര്‍ട്ടി അംഗീകരിച്ച വ്യക്തിത്വമാണ് വി.എസിന്റെത് എന്നാല്‍ അത് ആരായാലും പാര്‍ട്ടിക്ക് അതീതമല്ല.[]
പാര്‍ട്ടിയിലെ ഏറ്റവും വലിയ വെട്ടിനിരത്തിലിന് നേതൃത്വം കൊടുത്തയാളാണ് വി.എസ് അച്യുതാനന്ദനെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ പാലക്കാട് സംസ്ഥാന സമ്മേളനത്തില്‍ ഔദ്യോഗിക പാനലിനെതിരെ മത്സരം ഉണ്ടാക്കിയത് വി.എസ് ആണ്. അന്ന് ഞങ്ങളെയെല്ലാം സി.ഐ.ടി.യു വിഭാഗക്കാരെന്ന് പറഞ്ഞ് നടപടിക്ക് നേതൃത്വം കൊടുത്തയാളാണ് അദ്ദേഹം. ഞാനടക്കമുള്ള പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ നടപടിയെടുത്തയാളാണ് വി.എസ്. കെ.എന്‍ രാവീന്ദ്രനാഥ്, ഇ. ബാലനന്ദന്‍ എന്നിവരടക്കമുള്ള നേതാക്കള്‍ പാര്‍ട്ടിക്കകത്ത് ഉയര്‍ത്തിയ അഭിപ്രായഭിന്നതക്ക് എതിരെയായിരുന്നു നടപടി.
താന്‍ പുന്നപ്രവയലാര്‍ സമരനായകനല്ലെന്ന് വി.എസ് തന്നെ വ്യക്തമാക്കിയതാണ്. അതിനപ്പുറം എന്താണ് പറയേണ്ടതാണ്. “പുന്നപ്രവയലാര്‍ സമരം തുടങ്ങിയപ്പോള്‍ വി.എസ് അവിടെയുണ്ടായിരുന്നില്ല. പുന്നപ്രവയലാര്‍ സമരം നടക്കുമ്പോള്‍ വാറണ്ടുണ്ടെന്ന് പറഞ്ഞാണ് വി.എസ് പിന്മാറിയത്. പുന്നപ്രവയലാര്‍ സമരം ഒരു ആക്ഷനായിരുന്നു. കൊല്ലാനും,ചാകാനും പോകുന്നിടത്ത് അറസ്റ്റ് വാറണ്ടിനെ പേടിക്കുന്നത് എന്തിനാണ്”- ലോറന്‍സ് ചോദിച്ചു.
കൂടംകുളത്തേക്ക് വി.എസ് പോയത് പ്രകാശ് കാരാട്ടിനെ ലക്ഷ്യംവച്ചാണ്. പുന്നപ്രസമരത്തില്‍ നിന്നും മടങ്ങിയതുപോലെ കൂടംകുളത്ത് നിന്നും മടങ്ങുകയായിരുന്നു. അച്ചടക്കലംഘനം കാണിച്ചിട്ടാണ് വി.എസിനെ പി.ബിയില്‍ നിന്നും പുറത്താക്കിയത്. കോഴിക്കോട് പാര്‍ട്ടികോണ്‍ഗ്രസില്‍ സ്വന്തം നിലപാടുകള്‍മൂലമാണ് വി.എസ് പി.ബിയുടെ പാനലില്‍ എത്താതിരുന്നതെന്നും ലോറന്‍സ് വ്യക്തമാക്കി. അച്ചടക്കലംഘനം കാണിച്ചിട്ട് കാരാട്ട് അടക്കമുള്ളവരെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല.
വി.എസ് ഭീരുവാണോയെന്ന ചോദ്യത്തിന് അങ്ങനെ ഞാന്‍ പറയില്ലെന്നായിരുന്നു ലോറന്‍സിന്റെ മറുപടി. എന്നാല്‍ എ.കെ.ജി സെന്ററിനു നേരെ വെടിവെയ്പ്പ് നടന്നപ്പോള്‍ പുറത്തിറങ്ങാത്താളായിരുന്നു വി.എസ്. ചിലപ്പോള്‍ അത് പ്രായാധിക്യം കൊണ്ടായിരിക്കാമെന്നും ലോറന്‍സ് പറഞ്ഞു.
വി.എസ് മുല്ലപ്പെരിയാറില്‍ പോയത് തനിക്കെതിരെയായിരുന്നു. അത് മനോരമ അന്ന് കാര്‍ട്ടൂണ്‍വരച്ചു. കാര്‍ട്ടൂണിലെ മുല്ലപ്പെരിയാറില്‍ പൊട്ടിച്ച പാാറക്ക് എന്റെ മുഖമായിരുന്നുവെന്നും അതിന് വി.എസ് തിരികൊളുത്താനായി നില്‍ക്കുന്നയാളാണെന്നും ലോറന്‍സ് പറഞ്ഞു.
ലാവ്‌ലിന്‍ കേസിന് പിന്നില്‍ വി.എസാണെന്ന് ജനം പറയുന്നുണ്ട് പാര്‍ട്ടിയും ചിലപ്പോള്‍ പറഞ്ഞിട്ടുണ്ട്. ലാവലിന്‍ ഇടപാടില്‍ നിന്നും പിണറായി സാമ്പത്തിക ലാഭം ഉണ്ടാക്കിയിട്ടില്ലെന്ന് സി.ബി.ഐ പറഞ്ഞിട്ടും വി.എസ് വിശ്വസിക്കാന്‍ വി.എസ് തയ്യാറായില്ലെന്നും ലോറന്‍സ് കുറ്റപ്പെടുത്തി. പാര്‍ട്ടി രേഖയില്‍ അതിനെ കുറിച്ച് എന്താണെന്ന് ചോദിച്ചപ്പോള്‍ അതിന് മറുപടി പറയാന്‍ ലോറന്‍സ് ഒഴിഞ്ഞുമാറുകയായിരുന്നു.