ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ അത് 97 കാരനായ വി.എസ് അച്യുതാനന്ദന്റെ ചരിത്രം കൂടിയാവുകയാണ്. കേരളത്തിലെ ഏറ്റവും പ്രബലമായ രാഷ്ട്രീയപ്രസ്ഥാനത്തിന്റെ മുതിര്‍ന്ന നേതാവ് എന്നതിനപ്പുറം വി.എസ് എന്ന പേര് കേരളത്തിന് ആവേശമാകുന്നതിന് നിരവധി കാരണങ്ങളുണ്ട്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകാലം കേരളം കണ്ട പരിസ്ഥിതി – തൊഴിലവകാശ -മനുഷ്യാവകാശ – സ്ത്രീപക്ഷ സമരങ്ങളിലെല്ലാം സാന്നിധ്യമായിരുന്നു അദ്ദേഹം.
പ്രായം തളര്‍ത്താത്ത ശരീരവും മനസുമായി വി.എസ് താണ്ടിയ ദൂരം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തോട് ചേര്‍ത്ത് വെക്കാവുന്നതാണ് എന്നിടത്താണ് ആ ജീവിതം എത്രത്തോളം ത്യാഗപൂര്‍ണ്ണമാണ് എന്ന് വ്യക്തമാകുന്നത്.
മൂന്നാറിലെ തേയിലത്തോട്ടം തൊഴിലാളികളുടെ ‘പെമ്പിളൈ ഒരുമ’ സമരത്തില്‍ ഏതെങ്കിലും രാഷ്ട്രീയ നേതാക്കള്‍ക്കോ ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്കോ ജനപ്രതിനിധികള്‍ക്കോ പോലും പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന സമയത്ത് പ്രക്ഷുബ്ധമായ ജനത്തിനിടയിലേക്ക് സുരക്ഷിതനായി നടന്ന് ചെല്ലുവാന്‍ കഴിഞ്ഞത് ഒരേ ഒരു വി.എസ് അച്യുതാനന്ദനായിരുന്നു. അങ്ങനെ കടന്നുചെല്ലാന്‍ വി.എസിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നിട്ടില്ല.
മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ആശുപത്രി മുതലാളിമാര്‍ക്കൊപ്പം നിലയുറപ്പിച്ചപ്പോള്‍ നഴ്സുമാര്‍ രാത്രിയിലും മഴയത്തും ആത്മഹത്യാ ഭീഷണി സമരം നടത്തിയപ്പോഴും പുതുതലമുറയിലെ സമരയൗവനങ്ങള്‍ക്ക് വിശ്വാസ്യതയുള്ള ഏക നേതാവ് ഈ വൃദ്ധനായിരുന്നു.
പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതകളെ ഒരു മുഖ്യധാരാ രാഷ്ട്രീയ മുദ്രാവാക്യമാക്കി കേരളത്തില്‍ ഉയര്‍ത്തിയത് വി.എസായിരുന്നു.
റിച്ചാര്‍ഡ് സ്റ്റാള്‍മാനെ പിന്തുണയ്ക്കുന്നതിനും റെയ്ഡിനെത്തിയ മൈക്രോസോഫ്റ്റ് അധികാരികളെ ഇറക്കിവിടാനും ആ ഏഴാം ക്ലാസുകാരന് രാഷ്ട്രീയബോധ്യമുണ്ടായിരുന്നു.
ആത്മഹത്യ ചെയ്യാനൊരുങ്ങിയ ഇരകളുടെ കുടുംബങ്ങളിലേക്ക് വിളിച്ച് ഞാന്‍ നിങ്ങളോടൊപ്പം ഉണ്ട്, ജീവിതം അവസാനിപ്പിക്കരുത് എന്ന് പറയാന്‍ വി.എസ് ഉണ്ടായിരുന്നു, വി.എസേ ഉണ്ടായിരുന്നുള്ളൂ.
രണ്ട് പതിറ്റാണ്ടിന് മുന്പ് കുട്ടനാട്ടിലെ നെല്‍വയലുകള്‍ നികത്തി ടൂറിസ്റ്റ് ബംഗ്ലാവുകള്‍ പണിത് തുടങ്ങിയപ്പോഴാണ് വി.എസ് വയല്‍ നികത്തലിന് എതിരായി നിലപാട് എടുത്ത് രംഗത്തുവന്നത്. അന്നത് വെട്ടിനിരത്തല്‍ സമരം എന്ന പേരില്‍ കുപ്രസിദ്ധി ആര്‍ജിച്ചെങ്കിലും പിന്നീട് നടന്ന സമരങ്ങള്‍ക്ക് അത് വലിയ ഊര്‍ജ്ജമായിരുന്നു.
ഐതിഹാസികമായ പുന്നപ്ര വയലാര്‍ സമരവും സഖാക്കളുടെ സഖാവെന്ന് കമ്മ്യൂണിസ്റ്റുകാര്‍ ആവേശപൂര്‍വം വിളിക്കുന്ന പി. കൃഷ്ണപിള്ളയുമാണ് വി.എസ് എന്ന വിപ്ലവകാരിയെ വാര്‍ത്തെടുത്തത്.
1946 ഒക്ടോബര്‍ മാസത്തില്‍ പുന്നപ്രയിലെ പൊലീസിന്റെ ക്യാമ്പ് ആക്രമിക്കുവാന്‍ പാര്‍ട്ടി തീരുമാനിക്കുകയും സധൈര്യം നടപ്പാക്കുകയും ചെയ്ത സമരത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു വി.എസ്. ആ സംഭവത്തില്‍ 50 തൊഴിലാളികളെയാണ് പൊലീസ് നിഷ്‌ക്കരുണം വെടിവെച്ച് കൊന്നത്.
പോലീസിന്റെ വാറണ്ട് നിലവിലുണ്ടായിരുന്ന വി.എസ് അച്യുതാന്ദനാണ് ആയിരത്തോളം തൊഴിലാളികളെ സമരസജ്ജരാക്കുമാറുച്ചത്തില്‍ പുന്നപ്രയുടെ മണ്ണില്‍ അന്ന് പ്രസംഗിച്ചത്.
ആലപ്പുഴയിലെ പിന്നാക്ക കുടുംബത്തില്‍ പിറന്ന്, കുട്ടിക്കാലത്തേ മാതാപിതാക്കള്‍ നഷ്ടപ്പെട്ട വി.എസ് സ്വയം സൃഷ്ടിക്കപ്പെട്ട നേതാവാണ്. ആരുടെയെങ്കിലും കാരുണ്യത്താലോ പെട്ടിയെടുപ്പിന്റെ പിന്‍ബലത്താലോ നേതാവായതുമല്ല.
വികസനവിരോധിയെന്നും വെട്ടിനിരത്തല്‍ വീരനെന്നും വിശേഷിപ്പിക്കപ്പെട്ടിട്ടും കൂസാതെ ഉറച്ചുനിന്ന ആ നിലപാട് പ്രളയാനന്തര കേരളം കൂടുതല്‍ കൂടുതല്‍ തിരിച്ചറിയുകയാണ്. സിപിഐ കേന്ദ്രസമിതിയില്‍നിന്ന് ഇറങ്ങിപ്പോയി സിപിഐ(എം) രൂപീകരിച്ച 32 പേരില്‍ ശേഷിക്കുന്ന ഒരാളാണ് വി.എസ്.
ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരിന് ദേവികുളം നിയമസഭാ ഉപതെരഞ്ഞെടുപ്പ് നിര്‍ണായകമായതിനാല്‍, അതിന്റെ ചുമതലക്കാരനായിരുന്ന വി. എസ് പോകാത്ത പാര്‍ട്ടി കോണ്‍ഗ്രസ്സാണ് അദ്ദേഹത്തെ ആദ്യമായി കേന്ദ്രക്കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തത്. ദേവികുളത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി റോസമ്മ പുന്നൂസിനെ ആദ്യത്തേതിനെക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചാണ് വി.എസ് പാര്‍ട്ടിയുടെ വിശ്വാസം കാത്തത്.
പൊതുപ്രവര്‍ത്തനം ആരംഭിച്ച കാലത്ത് സ്വപ്നം കണ്ടതില്‍ പലതും ഇനിയും യാഥാര്‍ത്ഥ്യമായിട്ടില്ലല്ലോ? എന്ന് ഒരിക്കല്‍ വി.എസിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി കേള്‍ക്കേണ്ടതാണ്.
‘സ്വപ്നം കാണുന്നതല്ല യാഥാര്‍ത്ഥ്യം എന്ന് കമ്മ്യൂണിസ്റ്റുകാര്‍ക്ക് അറിയാം. പലതും നേടിയെടുക്കാന്‍ എത്ര വലിയ പോരാട്ടങ്ങളാണ് നടത്തിയത്. അതില്‍ ചിലതിലൊക്കെ പങ്കാളിയായി, മറ്റു ചിലതിന്റെ മുന്നണിയിലുണ്ടായി. അഭിമാനത്തോടെ പറയാന്‍ കഴിയുന്ന ഒരു കാര്യമുണ്ട് കേരളത്തെ ഇന്നത്തെ കേരളമാക്കിയത് അത്തരം പോരാട്ടങ്ങളാണ്. ഇനിയും ഏറെ മുന്നോട്ടുപോകേണ്ടതുണ്ട്. അതിന് കൂടുതല്‍ ശക്തമായ പോരാട്ടങ്ങള്‍ അനിവാര്യമാണ്.’
കേരളത്തിലെ രാഷ്ട്രീയനേതാക്കളും പ്രസ്ഥാനങ്ങളും പലപ്പോഴും സാധാരണക്കാരുടെ വിശ്വാസത്തെ കെടുത്തുമ്പോള്‍ അവര്‍ക്ക് പ്രതീക്ഷയാണ് 97-ാം വയസിലും വി.എസ്. അതുതന്നെയാണ് അച്യുതാനന്ദന്‍ എന്ന രാഷ്ട്രീയനേതാവിന്റെ പ്രത്യേകതയും പ്രസക്തിയും.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.