പുകമറവാദികള്‍ മനസിലാക്കുക: ഫാഷിസത്തെ കുറിച്ച് പുതുതായി പഠിക്കേണ്ടകാര്യം കമ്മ്യൂണിസ്റ്റുകാര്‍ക്കില്ല
Opinion
പുകമറവാദികള്‍ മനസിലാക്കുക: ഫാഷിസത്തെ കുറിച്ച് പുതുതായി പഠിക്കേണ്ടകാര്യം കമ്മ്യൂണിസ്റ്റുകാര്‍ക്കില്ല
വി.എസ് അച്യുതാനന്ദന്‍
Tuesday, 24th April 2018, 1:23 pm

“”1964ല്‍, അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ കൗണ്‍സിലില്‍നിന്നും ഇറങ്ങിപ്പോരുമ്പോള്‍ എനിക്കുണ്ടായ രാഷ്ട്രീയ ദാര്‍ഢ്യം സി.പി.ഐ.എമ്മിന്റെ ഹൈദരാബാദ് കോണ്‍ഗ്രസ് അവസാനിക്കുമ്പോള്‍ നിലനിര്‍ത്താനാവുന്നു എന്ന് നിസംശയം പറയാം””- ഇരുപത്തി രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് ഏറ്റെടുക്കേണ്ട ചുമതലകളെ കുറിച്ച് വി.എസ് അച്യുതാനന്ദന്‍ എഴുതിയ ലേഖനത്തിന്റെ പൂര്‍ണ്ണരൂപം

അഞ്ച് ദിവസം നീണ്ട ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ് സി.പി.ഐ.എമ്മിന് നല്‍കിയ കരുത്തും ആത്മവിശ്വാസവും പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും വളരെ പ്രധാനമാണ്. പ്രത്യയശാസ്ത്ര-രാഷ്ട്രീയ വിഷയങ്ങളില്‍ ഇഴകീറിയുള്ള ചര്‍ച്ചകളാണവിടെ നടന്നത്. അതൊരു കമ്യൂണിസ്റ്റ് രീതിയാണ്. ഇതര ബുര്‍ഷ്വാ രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്ന് സി.പി.ഐ.എമ്മിനെ വ്യതിരിക്തമാക്കുന്നതും പാര്‍ട്ടിക്കകത്ത് നടക്കുന്ന ആശയപരമായ ഈ ഏറ്റുമുട്ടലാണ്.

എല്ലാ തര്‍ക്കങ്ങള്‍ക്കും ഒടുവില്‍, എന്താണ്, ഈ പാര്‍ട്ടി കോണ്‍ഗ്രസ് മുന്നോട്ടു വെക്കുന്ന രാഷ്ട്രീയവും പരിപാടികളും എന്നതാണ് പ്രധാനം. 1964ല്‍, അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ കൗണ്‍സിലില്‍നിന്നും ഇറങ്ങിപ്പോരുമ്പോള്‍ എനിക്കുണ്ടായ രാഷ്ട്രീയ ദാര്‍ഢ്യം സി.പി.ഐ.എമ്മിന്റെ ഹൈദരാബാദ് കോണ്‍ഗ്രസ് അവസാനിക്കുമ്പോള്‍ നിലനിര്‍ത്താനാവുന്നു എന്ന് നിസംശയം പറയാം

സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിനും, ഫാഷിസ്റ്റിക് ശക്തിയായ ആര്‍.എസ്.എസ്സിന്റെ നേതൃത്വത്തില്‍ സംഘ്പരിവാറും മോദി ഭരണവും അഴിച്ചുവിട്ടിരിക്കുന്ന രൂക്ഷമായ വര്‍ഗ്ഗീയ ചേരിതിരിവിനും എതിരെ തൊഴിലാളിവര്‍ഗ കര്‍ഷക സഖ്യത്തിന്റെ നേതൃത്വത്തില്‍ മതേതര ജനാധിപത്യ ശക്തികളെ കൂട്ടിയിണക്കി, അതിനു തക്ക പാര്‍ലമെന്ററി പാര്‍ലമെന്റേതര അടവുപരമായ ഐക്യ മുന്നണികള്‍ സൃഷ്ടിച്ചുകൊണ്ട്, രാജ്യവ്യാപകമായ സമര പ്രക്ഷോഭങ്ങളിലൂടെ മോഡി സര്‍ക്കാറിനെ നിഷ്‌കാസനം ചെയ്യുക എന്നതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് ന്റെ അടവുപരമായ ലക്ഷ്യവും അടവുപരമായ ലൈനും.

 

ഇതാണ് ഹൈദരാബാദില്‍ വിജയകരമായി സമാപിച്ച സി.പി.ഐ.എമ്മിന്റെ ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുള്ളതും. കോണ്‍ഗ്രസുമായി രാഷ്ട്രീയ ഐക്യമില്ലാതെത്തന്നെ ഈ ലക്ഷ്യം നേടിയെടുക്കണം. ഈ ലക്ഷ്യം നേടാനായി പാര്‍ലമെന്റിനകത്ത് കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള മതേതര പാര്‍ട്ടികളുമായിക്കൂടി കൂട്ടായി അംഗീകരിച്ച പരിപാടിയുടെ അടിസ്ഥാനത്തില്‍ യോജിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണെന്നും, പാര്‍ലമെന്റിന് പുറത്ത് എല്ലാ മതേതര പാര്‍ട്ടികളുമായും ഐക്യപ്പെട്ടുകൊണ്ടുള്ള സമര പ്രക്ഷോഭങ്ങള്‍ വളര്‍ത്തിയെടുക്കണമെന്നും പാര്‍ട്ടി കോണ്‍ഗ്രസ്റ്റ് തീരുമാനിച്ചു.

കര്‍ക്കശമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് പാര്‍ട്ടി കോണ്‍ഗ്രസ്സ് ഈ തീരുമാനം കൈക്കൊണ്ടത്. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി മുന്നോട്ടുവച്ച കരട് രാഷ്ട്രീയ പ്രമേയത്തിന്‍മേല്‍ നടന്ന ചര്‍ച്ചകളുടെ സത്ത ഉള്‍ക്കൊണ്ട്, കരട് രാഷ്ട്രീയപ്രമേയം സമ്പുഷ്ടമാക്കി ഐകകണ്‌ഠ്യേനയാണ് അംഗീകരിച്ചത്.

എന്നാല്‍ ആരോഗ്യപരമായ ലക്ഷ്യവും അതിനായുള്ള ലൈനും സ്വീകരിക്കുന്നതിന്റെ പേരില്‍ തര്‍ക്കങ്ങള്‍ മൂര്‍ച്ഛിച്ചിരിക്കുകയാണെന്നും സി.പി.ഐ.എം പിളര്‍പ്പിനെ അഭിമുഖീകരിക്കുകയാണ് എന്നും മറ്റും പലവക രാഷ്ട്രീയ വിശകലന വിശാരദന്മാരും തട്ടി വിടുകയുണ്ടായി. ഫാസിസത്തെ സംബന്ധിച്ചും, ഇന്ത്യയിലെ ഫാസിസ്റ്റ് സ്വഭാവമുള്ള ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ അഴിച്ചുവിടപ്പെട്ടിരിക്കുന്ന സര്‍വ്വതോന്മുഖമായ ആക്രമണത്തെ സംബന്ധിച്ചും, ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്ന മോഡി സര്‍ക്കാരിന്റെ സ്വഭാവത്തെ സംബന്ധിച്ചും കാതലായ അഭിപ്രായവ്യത്യാസങ്ങള്‍ ഉരുണ്ടുകൂടി കഴിഞ്ഞുവെന്ന് മേല്‍പ്പറഞ്ഞ വിശാരദന്മാര്‍ ഉറപ്പിച്ചു.

 

പക്ഷെ ഇക്കൂട്ടര്‍ ഉയര്‍ത്തിയ പുകപടലങ്ങളെല്ലാം വകഞ്ഞു മാറ്റി, ശരിയും ശാസ്ത്രീയവുമായ അടവുപരമായ സമീപനം സ്വീകരിക്കാന്‍ പാര്‍ട്ടി കോണ്‍ഗ്രസിന് കഴിഞ്ഞിരിക്കുന്നു. സി.പി.ഐ.എമ്മിന്റെ വര്‍ഗ്ഗ ശക്തിയുടെയും പ്രത്യയശാസ്ത്ര രാഷ്ട്രീയ അടിത്തറയുടേയും അതിലുറച്ചു നിന്നു കൊണ്ടുള്ള അടവുപരമായ മെയ് വഴക്കത്തിന്റേയും ത്രാണി പാര്‍ട്ടി കോണ്‍ഗ്രസ് തെളിയിച്ചു. രാജ്യം വമ്പിച്ച ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ അത് ഗുരുതരമായി കണക്കിലെടുത്ത് പാര്‍ട്ടി ഇടതുപക്ഷ കേന്ദ്രീകരണത്തിനും അതിന്റെ തുടര്‍ച്ചയും വളര്‍ച്ചയുമായ മതേതര ജനാധിപത്യ ശക്തികളുമായുള്ള വര്‍ദ്ധമാനമായ സഖ്യത്തിനും മുന്‍കൈയെടുക്കാന്‍ തീരുമാനിക്കുകയാണ് ചെയ്തത്.

ഫാഷിസത്തെ സംബന്ധിച്ചും ഫാഷിസ്റ്റ് അപായത്തെ സംബന്ധിച്ചും ലോകത്തിനു മുന്നില്‍ ശരിയും ശാസ്ത്രീയവുമായ വിശകലനവും മുന്നോട്ടുവച്ചത് സാര്‍വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. അത് നേതൃത്വം നല്‍കിയ ഫാഷിസ്റ്റ് വിരുദ്ധ സമരത്തിന്റെ വിജയകരമായ പരിസമാപ്തി സംഭാവന ചെയ്ത വിലപ്പെട്ട പാഠങ്ങള്‍ ഫാസിസത്തെ സംബന്ധിച്ചുള്ള വിശകലനത്തിന്റെ മൂലക്കല്ലായി ഇന്നും വര്‍ത്തിക്കുന്നു.

സാര്‍വദേശീയ ഫിനാന്‍സ് മൂലധന പ്രതിസന്ധിയാണ് ഫാഷിസം എന്ന പ്രതിഭാസത്തിന്റെ മൂലകാരണം. ഫിനാന്‍സ് മൂലധന ശക്തികള്‍ പ്രതിസന്ധിയിലാണ്. ആ പ്രതിസന്ധിയുടെ ഒരു പേ പിടിച്ച പ്രതികരണമാണ് ഫാസിസത്തിന് കളമൊരുക്കുന്നത്. അത് നിലവില്‍ സമൂഹത്തിലുള്ള പിന്തിരിപ്പന്‍ ശക്തികള്‍ക്ക് ഊര്‍ജം പകരുകയും പുതിയ ഫാസിസ്റ്റ് സാമൂഹ്യ രാഷ്ട്രീയ ശക്തികളെ സൃഷ്ടിക്കുകയും ചെയ്യുന്നു.

സാമ്രാജ്യത്വ ഫിനാന്‍സ് മൂലധനത്തിന്റെ പ്രതിസന്ധി നിലവിലുള്ള ബൂര്‍ഷ്വാ രാഷ്ട്രീയ വ്യവസ്ഥയെ അരാജക വല്‍ക്കരിക്കുകയും രാഷ്ട്രീയപാര്‍ട്ടികളെ പ്രതിസന്ധിയില്‍ പെടുത്തുകയും ചെയ്യുന്നു. ഈ കലക്കവെള്ളത്തില്‍ ആണ് നിലവിലുള്ള രാഷ്ട്ര സാമൂഹ്യവ്യവസ്ഥയെ തകര്‍ക്കാന്‍ അത് അട്ടിമറി നടത്തുന്നത്. സാര്‍വ്വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനമായ ഇന്റര്‍നാഷണലിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന സഖാവ് ജോര്‍ജി ദിമിത്രോവ് 1930-കളില്‍ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനാകെ പാഠമായി നല്‍കുകയും ചെയ്തു. ഇതില്‍നിന്ന് സാരം ഉള്‍ക്കൊണ്ടുകൊണ്ടാണ് നാസി ജര്‍മ്മനിയും ഫാഷിസ്റ്റ് ഇറ്റലിയും ഫാസിസ്റ്റ് ജപ്പാനും ചേര്‍ന്ന അച്ചുതണ്ട് ശക്തികള്‍ക്കെതിരായി സോവിയറ്റ് യൂണിയന്റെ നേതൃത്വത്തില്‍ ഫാസിസ്റ്റ് വിരുദ്ധ യുദ്ധം തന്നെ ജയിക്കാനായത്.

ജോര്‍ജി ദിമിത്രോവ്

 

ഈ പ്രക്രിയയുടെ നടുവിലാണ് ചൈനയിലെ ജനകീയജനാധിപത്യവിപ്ലവം മുന്നേറുകയും പൂര്‍ത്തീകരിക്കപ്പെടുകയും ഉണ്ടായത്. ഈ പ്രക്രിയയുടെ ഫലമായാണ് കോളനി രാജ്യങ്ങളിലെ വിമോചന സമരങ്ങള്‍ക്ക് ആക്കം കൂടിയത്. ഇന്ത്യാരാജ്യത്ത് തെലങ്കാനയുടെ സമര പോരാട്ടവും പുന്നപ്ര-വയലാറിന്റെ ചരിത്രവും ഈ ഈ പ്രക്രിയയുടെ പശ്ചാത്തലത്തില്‍ നാം മനസ്സിലാക്കണം. ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത്, ഫാഷിസത്തെ സംബന്ധിച്ച് പുതിയതായി ഹരിശ്രീ പഠിക്കേണ്ടുന്ന അവസ്ഥ കമ്മ്യൂണിസ്റ്റുകാര്‍ക്കില്ല എന്നെങ്കിലും പുകമറവാദികള്‍ മനസ്സിലാക്കുന്നത് നല്ലതാണ് എന്നാണ്.

തീര്‍ച്ചയായും ഇന്നത്തെ സാഹചര്യം വ്യത്യസ്തമാണ്. കഴിഞ്ഞ നൂറ്റാണ്ടിലെ സാമ്രാജ്യത്വ പ്രതിസന്ധിയില്‍ നിന്ന് ഈ നൂറ്റാണ്ടിലെ ഫിനാന്‍സ് മൂലധന പ്രതിസന്ധിയിലേക്കെത്തുമ്പോള്‍, അളവിലും ഗുരുത്വത്തിലും വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. ഇതാകട്ടെ ഈ പ്രതിസന്ധിയില്‍ നിന്ന് ഉത്ഭവിക്കുന്ന വലതുപക്ഷ രാഷ്ട്രീയ ശക്തികളുടെയും നീയോ ഫാസിസത്തിന്റെയും സ്വഭാവത്തെയും നിര്‍ണയിക്കുന്നുണ്ട്. ഇക്കാര്യം കരട് രാഷ്ട്രീയ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നമ്മുടെ രാജ്യത്ത് ഇതിന് ഒരു സവിശേഷ സ്വഭാവമുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിലെ ഫാസിസ്റ്റ് ശക്തികള്‍ക്കൊപ്പം ഉദയം ചെയ്തതാണ് ആര്‍ എസ് എസ്. അങ്ങനെനോക്കുമ്പോള്‍ ആര്‍എസ്എസ് ഒരു നിയോ ഫാഷിസ്റ്റ് ശക്തിയല്ല. ഫാഷിസ്റ്റുകളുടെ പഴയ ജനുസ്സില്‍ തന്നെ പെട്ട, തഴക്കവും പഴക്കവുമുള്ള സംഘടനയാണ്.

സാമ്രാജ്യത്വ ആഗോളവല്‍ക്കരണം മുന്നില്‍ നിന്ന് തീവ്രമായി നയിക്കുന്ന മോഡി സര്‍ക്കാരിന്റെ നേതൃസ്ഥാനം ആര്‍എസ്എസ്സിനാണ്. അമേരിക്കന്‍ സാമ്രാജ്യത്വവുമായും സയണിസ്റ്റ് ഇസ്രായേലുമായും പണ്ട് മുതലേ അത് ചങ്ങാത്തത്തിലുമാണ്. ഇന്നത്തെ ആഗോള സാമ്പത്തിക പ്രതിസന്ധി നമ്മുടെ രാജ്യത്തേക്ക് പകര്‍ത്തുന്നതില്‍ മേല്‍പ്പറഞ്ഞ ശക്തികളുടെ ചട്ടുകമായും ആര്‍ എസ് എസ് പ്രവര്‍ത്തിക്കുന്നു. തീര്‍ച്ചയായും അതിന്റെ ലക്ഷ്യം ഫാസിസ്റ്റ് സ്വഭാവമുള്ള ഹിന്ദു രാഷട്രമാണ്. അതിന്റെ നേതൃത്വത്തിലുള്ള ഈ അപായകരമായ പ്രക്രിയയെ അതിന്റെ ചലനാത്മകതയില്‍ത്തന്നെ നാം മനസ്സിലാക്കണം. അല്ലാതെ വര്‍ത്തമാനാവസ്ഥയെ കേവലം ചലനാത്മകമല്ലാത്ത വ്യാപാരമായി വിശകലനം ചെയ്യുകയോ വ്യാഖ്യാനിക്കുകയോ പാടില്ല. ഇക്കാര്യങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസ്സ് ചര്‍ച്ച ചെയ്യുകയും ഉള്‍ക്കൊള്ളുകയും ഉണ്ടായി. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് മേല്‍പ്പറഞ്ഞ തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

 

കൂടാതെ, തൊഴിലാളി വര്‍ഗ്ഗത്തിന്റെയും കര്‍ഷകരുടേയും സഖ്യം ഊട്ടിയുറപ്പിച്ചു കൊണ്ടാണ് പാര്‍ട്ടിക്ക് അതിന്റെ അടിത്തറയായ വര്‍ഗ്ഗ ശക്തി വര്‍ദ്ധിപ്പിക്കാനാവൂ. അതിന് കര്‍ഷകരെ ഐക്യപ്പെടുത്തണം. അതാ കട്ടെ, വര്‍ദ്ധിച്ചു വരുന്ന വിപണിയുടെ സാര്‍വ്വദേശീയ വല്‍ക്കരണത്തിനും ഫിനാന്‍സ് മൂലധന കുത്തകകളുടെ തുളച്ചു കയറ്റത്തിനുമെതിരെ കര്‍ഷകരെ സാമൂഹ്യ ഉത്പാദന രീതികളിലേക്ക് നയിച്ചുകൊണ്ടാവണം. ഉത്പാദക സഹകരണ സംഘങ്ങള്‍, വിതരണ സഹകരണ സംഘങ്ങള്‍, സേവന സഹകരണ സംഘങ്ങള്‍ എന്നിവയെ വേണ്ടവിധം സംഘടിപ്പിച്ച്, കണ്ണി ചേര്‍ക്കണം. ഇത് തൊഴിലാളി കര്‍ഷക സഖ്യത്തിന്റെ കാലികവും സ്വാഭാവികവുമായ വികാസമായും കാണണം. ഇക്കാര്യം കൂടി പാര്‍ട്ടി കോണ്‍ഗ്രസ്സ് ചര്‍ച്ചയുടെ ഭാഗമായിരുന്നു.

ഇതെല്ലാമടങ്ങുന്ന ജീവത്തായ ജനാധിപത്യ രാഷ്ട്രീയ പ്രക്രിയയായിരുന്നു 22-ാം പാര്‍ട്ടി കോണ്‍ഗ്രസ്സ്. പ്രതിനിധി സഖാക്കള്‍ക്ക് മാത്രമല്ല രാജ്യമെമ്പാടും പാര്‍ട്ടി സഖാക്കള്‍ക്കും പാര്‍ട്ടി സുഹൃത്തുക്കള്‍ക്കും ആവേശവും വിശ്വാസവും തെളിമയും പകര്‍ന്ന ഈ പ്രക്രിയയുടെ ഫലമായാണ് 95 അംഗ സി.സിയും ജനറല്‍ സെക്രട്ടറിയായി സഖാവ് സീതാറാം യെച്ചൂരിയും 17 അംഗ പിബിയും തെരഞ്ഞെടുക്കപ്പെട്ടത്. രാഷ്ട്രീയ തീരുമാനവും അതിനൊത്ത സംഘടനാ കേന്ദ്രീകരണവും ഒരുപടി കൂടി വികസിച്ച ഈ പ്രക്രിയ പുതിയ നേതൃത്വത്തിന് മേല്‍പ്പറഞ്ഞ ഗൗരവാവഹമായ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിച്ചിരിക്കുകയുമാണ്.