| Thursday, 14th March 2013, 12:00 am

വിവേകാനന്ദനെ ആര്‍.എസ്.എസ് ഹിന്ദുത്വത്തില്‍ തളച്ചിടാന്‍ ശ്രമിക്കുന്നു: വി.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഹിന്ദ്വത്തിന്റെ അടഞ്ഞ അറയില്‍ സ്വാമി വിവേകാനന്ദനെ തളച്ചിടാന്‍ ശ്രമിക്കുകയാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.[]

ഭാരതീയ വിചാരകേന്ദ്രം പ്രസിദ്ധീകരിച്ച “സ്വാമി വിവേകാനന്ദനും പ്രബുദ്ധ കേരളവും” എന്ന പുസ്തകത്തിന്റെ ആദ്യ കോപ്പി സ്വീകരിച്ച് കൊണ്ടായിരുന്നു വി.എസ്സ് ആര്‍.എസ്.എസ്സിന് നേരെ തുറന്നടിച്ചത്.

സങ്കുചിതത്വത്തിന്റെ അറയില്‍ തളച്ചിടേണ്ട വ്യക്തിത്വമല്ല വിവേകാനന്ദന്റേത്. ആത്മാവിന്റെ ദാരിദ്ര്യം തീര്‍ക്കാന്‍ തുനിഞ്ഞ സന്ന്യാസികളോട് ആദ്യം മനുഷ്യന്റെ വിശപ്പകറ്റാനായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം.

തൊഴിലാളി വര്‍ഗം പണി മുടക്കിയാല്‍ ധനികന്റെ അന്നവും മുട്ടുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ മറ്റാരേക്കാളും മുമ്പ് സോഷ്യലിസത്തെക്കുറിച്ച് ചിന്തിച്ചയാളാണ് വിവേകാനന്ദന്‍. തൊഴിലാളിവിപ്ലവത്തിന്റെ ആദ്യ കാല്‍വയ്പ്പാണ് സോഷ്യലിസമെന്നും വിവേകാന്ദന്‍ പറഞ്ഞിരുന്നു.

അങ്ങനെയുള്ള ആ മഹാനെ ഹിന്ദുത്വത്തിന്റെ അടഞ്ഞ അറയില്‍ തളച്ചിടാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. വിവേകാന്ദന്റെ സ്വാധീനം കേരളത്തിലുമുണ്ടായിട്ടുണ്ട്. ഡോ. പല്‍പ്പുവും ശ്രീനാരായണ ഗുരുവും എസ്.എന്‍.ഡി.പി യോഗത്തിന് തുടക്കമിട്ടത് വിവേകാന്ദന്റെ സ്വാധീനത്താലാണ്. യോഗത്തിന്റെ മുഖപത്രത്തിന്റെ പേര് “വിവേകോദയം” എന്നായതും യാദൃച്ഛികമല്ലെന്നും വി.എസ് പറഞ്ഞു.

പി. പരമേശ്വരന്‍ എഡിറ്റ് ചെയ്ത പുസ്തകം മന്ത്രി കെ.സി. ജോസഫില്‍ നിന്നും വി.എസ് ഏറ്റുവാങ്ങി. വിഷ്ണുനാരായണന്‍ നമ്പൂതിരി, ഡോ. വി.ആര്‍. പ്രബോധചന്ദ്രന്‍ നായര്‍, സുഗതകുമാരി, സ്വാമി തത്വരൂപാനന്ദ, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, സി.പി. നായര്‍, ടി.പി. ശ്രീനിവാസന്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍, ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

We use cookies to give you the best possible experience. Learn more