| Tuesday, 5th March 2019, 10:55 am

വിമാനത്താവളം അദാനിക്ക് നല്‍കാന്‍ മോദി ടെന്‍ഡര്‍ നടപടി അട്ടിമറിച്ചു; വി.എസ് അച്യുതാനന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനിക്ക് നല്‍കാനായി മോദി സര്‍ക്കാര്‍ ടെന്‍ഡര്‍ നടപടി അട്ടിമറിച്ചെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. ബി.ജെ.പിയാണ് കേന്ദ്രം ഭരിക്കുന്നതെങ്കിലും സര്‍ക്കാരിന്റെ നിയന്ത്രണം അംബാനിയെയും അദാനിയെയും പോലുള്ളവര്‍ക്കാണെന്നും വി.എസ് പറഞ്ഞു.

“തിരുവനന്തപുരം വിമാനത്താവളം വില്‍ക്കരുത്, ബി.ജെ.പിയും ശശി തരൂരും മറുപടി പറയുക” എന്ന മുദ്രാവാക്യം ഉയര്‍ത്തി പാളയം രക്തസാക്ഷിമണ്ഡപത്തില്‍ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു വി.എസിന്റെ വിമര്‍ശനം.

വിമാനത്തില്‍ യാത്ര ചെയ്യുന്നുവെന്നതിനപ്പുറം വിമാനവുമായി ഒരു ബന്ധവുമില്ലാത്ത അദാനിക്ക് ടെന്‍ഡര്‍ ലഭിക്കുമെന്ന് ബി.ജെ.പി സര്‍ക്കാര്‍ ആദ്യംതന്നെ ഉറപ്പ് വരുത്തിയിരുന്നെന്നും മോദി സര്‍ക്കാരിന്റെ ലക്ഷ്യം ഇന്ത്യയെ വില്‍ക്കുകയും അതിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പിനെ നേരിടുകയുമാണെന്നും വി.എസ് കുറ്റപ്പെടുത്തി.

Read Also : ഹിന്ദുക്കളെ ഗോമൂത്രം കുടിക്കുന്നവര്‍ എന്ന് വിളിച്ച് പാക് മന്ത്രി: കര്‍ശന നടപടിയെടുക്കണമെന്ന് ഇമ്രാന്‍ ഖാന്റെ സ്‌പെഷ്യല്‍ അസിസ്റ്റന്റ്

“അഴിമതിയുടെ പടുകുഴിയിലുള്ള സര്‍ക്കാര്‍ പട്ടാളക്കാരുടെ പേരില്‍ വൈകാരികമായി ആളുകളെ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ്. രാജ്യരക്ഷ മുന്‍നിര്‍ത്തി ഭീകരര്‍ക്കെതിരെ തിരിച്ചടിക്കണം. പക്ഷേ, അത് ഭരണകക്ഷിയുടെ തെരഞ്ഞെടുപ്പ് താല്‍പ്പര്യം സംരക്ഷിക്കാനാകരുത്” വി.എസ് കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ നേരത്തെ മുഖ്യമന്ത്രിയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. അദാനിക്ക് വിമാനത്താവളം നടത്തി പരിചയം ഇല്ലെന്നും, എന്നാല്‍ മോദിയുമായി പരിചയം ഉണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. അദാനി പറഞ്ഞാല്‍ വഴങ്ങുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്ന് അദാനി പോലും പറയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കുന്നതിനെ ഹൈക്കോടതിയും എതിര്‍ത്തിരുന്നു. സ്വകാര്യവല്‍ക്കരിക്കുന്നതുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാലും കൈമാറ്റം ഹൈക്കോടതിയുടെ അന്തിമ വിധിയ്ക്ക് വിധേയമായിരിക്കുമെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്.

We use cookies to give you the best possible experience. Learn more