| Saturday, 6th July 2019, 9:07 pm

പത്ത് വര്‍ഷത്തിന് ശേഷം വി.എസ് വന്നു; ഗൗരിയമ്മയെ കാണാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ഗൗരിയമ്മയുടെ വീട്ടിലേക്ക് വി.എസ് അച്യുതാനന്ദന്‍ വീണ്ടും എത്തിയത് പത്തു വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. നൂറ്റിയൊന്നാം പിറന്നാളിന് വരാനാകാതെ പോയതിനാലാണ് ഇപ്പോഴത്തെ വരവെന്ന് വി.എസ് പറഞ്ഞു. പാര്‍ട്ടി നേതാക്കളൊന്നും വി.എസിനോടൊപ്പം ഉണ്ടായിരുന്നില്ല.

പതിവ് പോലെ നമസ്‌ക്കാരം പറഞ്ഞ് തന്നെയാണ് വി.എസ് തുടങ്ങിയത്. അപ്പോള്‍ ഗൗരിയമ്മ ചിരിച്ചു. ആരാണ് മൂത്തയാളെന്ന് ഗൗരിയമ്മയുടെ സംശയം.വി.സിന്റെ മറുപടി ഇങ്ങനെ ‘ ഞാന്‍ ഇളയവന്‍’.

മുന്‍ മുഖ്യമന്ത്രിയാണ്, വി.എസിന് എന്തെങ്കിലും കഴിക്കാന്‍ കൊടുക്കാന്‍ വീട്ടുജോലിക്കാരിയോട് ഗൗരിയമ്മയുടെ നിര്‍ദേശം. പിറന്നാളിന് വന്നാലെ സദ്യ കഴിക്കാനാവൂ എന്ന് വി.എസിനോടും. വി.എസിന് ലഡു നല്‍കി. യാതൊരു നിയന്ത്രണവും നോക്കാതെ ആ ലഡു വി.എസ് കഴിച്ചു.

വി.എസിനോട് നിറയെ വിശേഷങ്ങള്‍ ചോദിച്ചു ഗൗരിയമ്മ. പിന്നീട് സന്തോഷത്തോടെ ഇറങ്ങട്ടെ എന്ന് വി.എസ്. ഞാന്‍ എഴുന്നേല്‍ക്കണോ എന്ന് ഗൗരിയമ്മ. വേണ്ടെന്ന് വി.എസും. ചരിത്രത്തില്‍ എക്കാലവും നിറഞ്ഞു നില്‍ക്കുമെന്നുറപ്പുള്ള ആ കമ്മ്യൂണിസ്റ്റുകളുടെ കൂടിക്കാഴ്ച അവിടെ പൂര്‍ത്തിയായി.

We use cookies to give you the best possible experience. Learn more