| Thursday, 17th October 2019, 4:44 pm

'നാണമില്ലാത്തവന്റെ ആസനത്തില്‍ ഒരു ആല് കൂടി മുളച്ചിരിക്കുന്നു'; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് വി.എസ് അച്യുതാനന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് കേരള ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് അച്യുതാനന്ദന്‍ നടത്തിയിരിക്കുന്നത്.

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയ്ക്ക് 102-ാം സ്ഥാനം കിട്ടിയതിനെ നാണമില്ലാത്തവന്റെ ആസനത്തില്‍ ആലു കൂടി മുളച്ചു എന്ന വിശേഷണത്തോടെയാണ് അദ്ദേഹം വിമര്‍ശിച്ചത്.
ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വി.എസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്ത്യ മുന്നേറുകയാണത്രെ!
നാണമില്ലാത്തവന്റെ ആസനത്തില്‍ ഒരു ആല് കൂടി മുളച്ചിരിക്കുന്നു. ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യക്ക് സ്ഥാനക്കയറ്റം കിട്ടി എന്നാണ് പുതിയ വാര്‍ത്ത. പാക്കിസ്ഥാനെയും പിന്തള്ളി ഇന്ത്യ നൂറ്റി രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നു. അച്ഛേ ദിന്‍ വന്നുകഴിഞ്ഞു. ഇനിയും പാക്കിസ്ഥാനിലേക്ക് പോകാന്‍ ആക്രോശിച്ചാല്‍ പട്ടിണിപ്പാവങ്ങള്‍ സസന്തോഷം ആ ആക്രോശം സ്വീകരിക്കാനിടയുണ്ട്.

ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിയാന്‍ പോവുകയാണെന്ന മുന്നറിയിപ്പ് ലോകബാങ്ക് നല്‍കിക്കഴിഞ്ഞു. ഗ്രാമീണ സമ്പദ്‌വ്യവസ്ഥ തകര്‍ന്നതും തൊഴിലില്ലായ്മ ഉയര്‍ന്നതുമാണത്രെ കാരണം. ലോക ബാങ്ക് പറഞ്ഞിട്ടൊന്നും വേണ്ട, ഇന്ത്യക്കാര്‍ ഇക്കാര്യം അറിയാന്‍.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ ഊറ്റിപ്പിഴിഞ്ഞ് അദാനിമാര്‍ക്കും അംബാനിമാര്‍ക്കും സമര്‍പ്പിക്കുന്നതില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. നോട്ട് നിരോധനവും ജി.എസ്.ടിയും വരുത്തിവെച്ച വിന ഭീതിദമാണ്. സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഏതാണ്ട് അഞ്ച് ശതമാനത്തിലേക്ക് കൂപ്പുകുത്തുമെന്നാണ് കണക്കുകള്‍ പറയുന്നത്.

ഇതിനിടയിലും രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് വീരവാദം മുഴക്കിയും, ശബരിമലയില്‍ കയറാന്‍ വരുന്ന സ്ത്രീകളെ തല്ലിയോടിച്ചും നടത്തുന്ന ആ പൊറാട്ട് നാടകത്തിലൂടെ കര്‍ഷകരുടേയും തൊഴിലാളികളുടേയും നിലനില്‍പ്പിനായുള്ള പോരാട്ടത്തെ തകര്‍ക്കാമെന്നത് വ്യാമോഹം മാത്രമാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more