|

കേരളത്തില്‍ അപകടരമായി മരുന്നുപരീക്ഷണം നടത്തുന്നുവെന്ന് വിഎസ്; നിഷേധിച്ച് ശിവകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കാനഡ സര്‍ക്കാരുമായി ചേര്‍ന്ന് കേരളത്തില്‍ അപകടകരമായ രീതിയില്‍ മരുന്നുപരീക്ഷണം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.

സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ കേരള ഹെല്‍ത് ഒബ്‌സര്‍വേറ്ററിയും കാനഡയിലെ പോപ്പുലേഷന്‍ ഹെല്‍ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും ചേര്‍ന്ന് കേരളത്തിലെ ജനങ്ങളില്‍ ഗിനിപ്പന്നികളെപ്പോലെ മരുന്നു പരീക്ഷണത്തിന് വിധേയമാക്കുകയാണ്.

കേന്ദ്രസര്‍ക്കാരിന്റെയോ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെയോ അനുവാദമില്ലാതെ നിയമവിരുദ്ധമായാണ് ഇത്തരം പരീക്ഷണങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ മുഴുവന്‍ ജില്ലകളില്‍ നിന്നുമായി 1540 വീടുകളില്‍ നിന്ന് വിവരം ശേഖരിച്ച് കാനഡയ്ക്ക് കൈമാറിയിരിക്കുകയാണ്. ഇതിനുപുറകില്‍ വന്‍ അഴിമതിയുണ്ട്. ആരോഗ്യമന്ത്രിയക്ക് ഇതില്‍ പങ്കുണ്ടെന്നും വിഎസ് ആരോപിച്ചു.

മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വകുപ്പിന് കീഴിലാണ് കേരള ഹെല്‍ത് ഒബ്‌സര്‍വേറ്ററി പദ്ധതി നടപ്പിലാക്കുന്നത്. അതേസമയം വിഎസിന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍ പറഞ്ഞു.

ഇപ്പോള്‍ അത്തരത്തിലുള്ള മരുന്നു പരീക്ഷണങ്ങള്‍ നടക്കുന്നില്ല. ഇക്കാര്യം ആരോഗ്യ വകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിമസഭയില്‍ വിശദമായി മറുപടി നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഓബസര്‍വേറ്റി പദ്ധതി ജീവിതശൈലീരോഗങ്ങളെക്കുറിച്ച് പഠിക്കാനും നിയന്ത്രിക്കാനുമുള്ളതായിരുന്നു. എന്നാല്‍ ചില മാധ്യമങ്ങളില്‍ പദ്ധതിയെക്കുറിച്ച് പരാമര്‍ശമുണ്ടായ സാഹചര്യത്തില്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും ശിവകുമാര്‍ പറഞ്ഞു.

വിഎസ് പറയുന്നതുപോലെ പദ്ധതിക്കായി കാനഡയില്‍ നിന്നോ വിദേശത്ത് നിന്നോ സാമ്പത്തികസഹായം സ്വീകരിച്ചിട്ടില്ലെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Video Stories