ഇടതുപക്ഷമായതിനാല്‍ നിരന്തരമായി വലതുപക്ഷത്താല്‍ വേട്ടയാടപ്പെടുന്നയാള്‍; ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധ വിവാദത്തില്‍ വി.പി. സാനു
Kerala News
ഇടതുപക്ഷമായതിനാല്‍ നിരന്തരമായി വലതുപക്ഷത്താല്‍ വേട്ടയാടപ്പെടുന്നയാള്‍; ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധ വിവാദത്തില്‍ വി.പി. സാനു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th January 2023, 9:15 pm

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി. സാനു.

ഡോക്ടറേറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചിന്ത ജെറോമിനോട് ചോദിക്കുന്നതാണ് നല്ലതെന്ന് മാധ്യമങ്ങളോട് പറഞ്ഞ സാനു അവര്‍ എല്ലാക്കാലത്തും വേട്ടയാടപ്പെട്ടിട്ടുണ്ടെന്നും, ഇപ്പോഴുള്ള വിവാദം ആ നിലക്ക് കണ്ടാല്‍ മതിയെന്നും പ്രതികരിച്ചു.

‘പ്രബന്ധത്തില്‍ എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയില്ല. എല്ലാക്കാലത്തും വേട്ടയാടപ്പെട്ടിട്ടുള്ളയാളാണ് ചിന്ത. ഇടതുപക്ഷത്തിന്റെ മുഖമാണവര്‍. നല്ല പ്രസംഗം നടത്തുന്ന ഒരാള്‍. എതിരാളികളെ വാക്കുകൊണ്ട് നന്നായി ആക്രമിക്കുന്ന ഒരാള്‍, ഇതുകാരണം നിരന്തരമായി വലതുപക്ഷത്താല്‍ വേട്ടയാടുന്നയൊരാളാണ് ചിന്ത. ഇപ്പോഴുള്ള വിവാദം ആ നിലക്ക് കണ്ടാല്‍ മതി,’ സാനു പറഞ്ഞു

കശ്മീര്‍ ഇല്ലാത്ത ഇന്ത്യന്‍ ഭൂപടം പലതവണ പ്രസിദ്ധീകരിച്ച മാധ്യമമാണ് ബി.ബി.സിയെന്ന അനില്‍ കെ. ആന്റണിയുടെ പ്രസ്താവനയോടും സാനു പ്രതികരിച്ചു.

ഇവിടെ ചര്‍ച്ച ചെയ്യുന്നത് ബി.ബി.സിയെ കുറിച്ചല്ലെന്നും ഇന്ത്യയില്‍ നടന്ന ഒരു വംശഹത്യയെ കുറിച്ചാണെന്നും സാനു പറഞ്ഞു.

അനില്‍ ആന്റണി ബി.ജെ.പിയിലേക്ക് പോയാല്‍ അത്ഭുതപ്പെടാനില്ല. പാര്‍ലമെന്റില്‍ ഉണ്ടായിരുന്നപ്പോള്‍ പോലും എ.കെ. ആന്റണി ബി.ജെ.പിക്കെതിരെ ഒരു വാക്കുപോലും ഉയര്‍ത്തിയിട്ടില്ല. എസ്.എഫ്.ഐയെ നിരോധിക്കണമെന്നാണ് ആന്റണി പറഞ്ഞതെന്നും വി.പി. സാനു പറഞ്ഞു.