കോഴിക്കോട്: ഗുസ്തി താരങ്ങളുടെ സമരത്തില്‍ നിശ്ശബ്ദത പാലിക്കുന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ വിമര്‍ശിച്ച് എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി.സാനു. കേരളത്തിലെ ആനകള്‍ സുരക്ഷിതരാണ്. എന്നാല്‍ നമ്മുടെ ഇന്ത്യന്‍ വനിതാ ഗുസ്തിക്കാരുടെ അവകാശങ്ങളും അന്തസ്സും അങ്ങനെയല്ലെന്ന് സാനു പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു സാനുവിന്റെ പ്രതികരണം.
‘പ്രിയപ്പെട്ട കോഹ്‌ലി, കേരളത്തിലെ ആനകള്‍ സുരക്ഷിതരാണ്. എന്നാല്‍ നമ്മുടെ ഇന്ത്യന്‍ വനിതാ ഗുസ്തിക്കാരുടെ അവകാശങ്ങളും അന്തസ്സും അങ്ങനെയല്ല,’ സാനു ട്വിറ്ററില്‍ കുറിച്ചു.
നിരവധി കായിക താരങ്ങള്‍ ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയറിയിച്ച് എത്തിയിട്ടും കോഹ്‌ലി അടക്കമുള്ള താരങ്ങള്‍ മൗനം തുടരുന്നതിനെതിരെ നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
2020ല്‍ കേരളത്തില്‍ സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ച ഗര്‍ഭിണിയായ ആന ചരിഞ്ഞപ്പോള്‍ പ്രതികരണവുമായി കോഹ്‌ലി എത്തിയിരുന്നു. ഗര്‍ഭിണിയായ ഒരു ആനയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് മൃഗങ്ങളോട് സ്‌നേഹത്തോടെ പെരുമാറാന്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ആനയോട് കാണിച്ചത് ക്രൂരതയാണെന്നും ഇത്തരം ഭീരുത്വം നിറഞ്ഞ പ്രവര്‍ത്തികള്‍ അവസാനിപ്പിക്കണമെന്നുമായിരുന്നു കോഹ്‌ലി പറഞ്ഞത്.
ആന ചരിഞ്ഞ വിഷയത്തില്‍ പ്രതികരിച്ച കോഹ്‌ലി, ഗുസ്തി താരങ്ങളുടെ പ്രശ്‌നത്തില്‍ ഇടപെടാത്തതിനെ വിമര്‍ശിച്ചാണ് സാനുവിന്റെ ട്വീറ്റ്.
അതേസമയം, കേന്ദ്ര സര്‍ക്കാര്‍ ഗുസ്തി താരങ്ങളുടെ പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് 1983 ക്രിക്കറ്റ് ലോകകപ്പ് നേടിയ താരങ്ങളുടെ കൂട്ടായ്മ ഇന്നലെ രംഗത്തെത്തിയിരുന്നു. ഗുസ്തി താരങ്ങളെ പൊലീസും സര്‍ക്കാരും കൈകാര്യം ചെയ്യുന്ന രീതിയെ വെറ്ററന്‍ ക്രിക്കറ്റ് താരങ്ങളുടെ കൂട്ടായ്മ അപലപിക്കുകയും ചെയ്തു.
1983ലെ ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളായ കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള താരങ്ങളാണ് ഗുസ്തി ചാമ്പ്യന്മാരെ കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിച്ചത്. ഗുസ്തി താരങ്ങള്‍ മെഡലുകള്‍ ഗംഗയിലെറിയാന്‍ പോയ സംഭവവും, പാര്‍ലമെന്റ് മാര്‍ച്ചിനിടയില്‍ അവരെ പൊലീസ് കൈകാര്യം ചെയ്ത വിധവും തങ്ങളെ നിരാശരാക്കിയെന്നും മാനസികമായി തളര്‍ത്തിയെന്നും താരങ്ങള്‍ സംയുക്ത വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
ഗുസ്തി താരങ്ങള്‍ രാജ്യത്തിന്റെ അഭിമാനം മാത്രമല്ലെന്നും അവരാണ് യഥാര്‍ത്ഥ സന്തോഷമെന്നും വെറ്ററന്‍ താരങ്ങള്‍ പറഞ്ഞു. രാജ്യത്തെ നിയമങ്ങള്‍ വിജയിക്കട്ടെയെന്നും അതുവരേക്കും ബുദ്ധിമോശമൊന്നും കാണിക്കാതിരിക്കാന്‍ താരങ്ങള്‍ക്ക് കഴിയട്ടെയെന്നും അവര്‍ പറഞ്ഞു.
നേരത്തെ നീരജ് ചോപ്ര, സാനിയ മിര്‍സ, സുനില്‍ ഛേത്രി ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് പിന്തുണ അറിയിച്ചിരുന്നു.
Contenthighlight: V P Sanu criticise Kohli on wrestlers protest