കോഴിക്കോട്: കെ.ആര്‍. നാരയണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിവാദങ്ങളില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷണനെ പൂവിട്ട് പൂജിക്കാന്‍ കോണ്‍ഗ്രസിനെ കിട്ടില്ലെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന്‍.
ജാതിവാദിയായ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹനനെ സംരക്ഷിക്കുന്ന സര്‍ക്കാരാണ് ഇവിടെയുള്ളതെന്നും അദ്ദേഹം പറഞ്ഞു. മീഡിയാവണ്‍ ചാനലിലെ സ്‌പെഷ്യല്‍ എഡീഷ്യന്‍ ചര്‍ച്ചാപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡയറക്ടറുടെ വീട്ടില്‍ ജോലിക്ക് നിന്ന നാല് പേരോടും അവരുടെ ജാതി ചോദിച്ചു എന്നാണ് ആരോപണം. എസ്.സി വിഭാഗത്തില്‍പ്പെട്ട ഒരു യുവതിയോട് വീട്ടിനകത്തേക്ക് പ്രവേശിക്കരുതെന്നാണ് പറഞ്ഞിരിക്കുന്നത്.
ഞങ്ങളൊക്കെ കൊട്ടാരത്തില്‍ വളര്‍ന്നവരാണെന്ന് ഡയറക്ടറുടെ ഭാര്യ ജോലിക്കാരോട് പറഞ്ഞു. അങ്ങനെയുള്ളവരെ സംരക്ഷിക്കുന്ന സര്‍ക്കാരാണ് ഇവിടെയുള്ളത്, അവരെ പ്രൊട്ടക്റ്റ് ചെയ്യുന്ന ഒരു പോളിറ്റ് ബ്യൂറോ അംഗമാണ് ഇവിടെയുള്ളത്,’ വി.പി. സജീന്ദ്രന്‍ പറഞ്ഞു.
അടൂരിനെ ദൈവമായി കണ്ടിട്ടുണ്ടെന്നും എന്നാല്‍ ഒരു മാടമ്പിയെ സംരക്ഷിക്കുന്ന അദ്ദേഹത്തെയിപ്പോള്‍ പൂവിട്ട് പൂജിക്കാന്‍ കോണ്‍ഗ്രസിനെ കിട്ടില്ലെന്നും സജീന്ദ്രന്‍ പറഞ്ഞു.
‘മാധ്യമങ്ങളൊക്കെ ഈ വിഷയം ചര്‍ച്ച ചെയ്തതോടെ, മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെടുമെന്ന പ്രതീക്ഷയുണ്ട്. പക്ഷെ ഒരു കാര്യം പറയട്ടെ, അടൂര്‍ എത്ര വലിയ ദൈവമാണെങ്കിലും പൂവിട്ട് പൂജിക്കാന്‍ കോണ്‍ഗ്രസിനെ കിട്ടില്ല. കോണ്‍ഗ്രസ് വിഷയത്തില്‍ ശക്തമായി പോരാടും.
അടൂരിനെ ദൈവമായി കണ്ടിട്ടുണ്ട്. ഞാനടക്കം അദ്ദേഹത്തെ ആരാധിച്ചിട്ടുണ്ട്. പക്ഷേ അടൂരിപ്പോള്‍ ആ മാടമ്പിയെ സംരക്ഷിച്ച് മുന്നോട്ടുപോവുകയാണ്. അങ്ങനെ ചെയ്താല്‍ ഞങ്ങളുടെ മനസില്‍ നിന്നും അദ്ദേഹത്തിന്റെ സ്ഥാനം പോകും. ഞങ്ങളുടെ മനസില്‍ നിന്ന് മാത്രമല്ല, ലക്ഷക്കണക്കിന് ആളുകളുടെ മനസില്‍ നിന്ന് അദ്ദേഹത്തിന്റെ സ്ഥാനം പോകും,’ വി.പി. സജീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: V.P. Sajeendran said that the Congress will not be able to pay tribute to director Adoor Gopalakrishan in the KR Narayanan Film Institute controversy