| Monday, 27th September 2021, 12:43 pm

അഫ്ഗാന്‍ കുട്ടികളെ പട്ടിണിക്കിട്ട് കൊന്നുതീര്‍ക്കാന്‍ കൂട്ടുനില്‍ക്കുകയാണ് താലിബാന്‍, അവരെപ്പറ്റിയൊന്ന് ചര്‍ച്ച ചെയ്യാമോ?

വി.പി റജീന

അഫ്ഗാനിലെ കുഞ്ഞു വയറുകളിലടക്കം വിശപ്പ് ആളിക്കത്തുകയാണ്. ദിവസം മുഴുവന്‍ പട്ടിണി കിടന്ന് ഒരിറക്ക് വെള്ളമോ ഒരു തുണ്ട് ബ്രഡോ കിട്ടാതെ തളര്‍ന്നുറങ്ങുന്ന പൈതങ്ങളുടെയും കുട്ടികളുടെയും എണ്ണം പതിനായിരങ്ങളാണ്. പതിറ്റാണ്ടുകളായുള്ള യുദ്ധം തകര്‍ത്തെറിഞ്ഞ മണ്ണില്‍ അഫ്ഗാന്റെ ഭരണം താലിബാന്‍ നിയന്ത്രണത്തിലായതോടെ ദുരിതം പതിന്‍മടങ്ങായിരിക്കുന്നു. വിദേശ സഹായങ്ങളും നിലച്ചു കഴിഞ്ഞു.

അഫ്ഗാന്‍ പ്രശ്‌നത്തില്‍ മറ്റു പല ചര്‍ച്ചകളും പൊടിപൊടിക്കുമ്പോള്‍, വാദപ്രതിവാദങ്ങള്‍ കൊഴുക്കുമ്പോള്‍, ആ ജനതക്ക് എല്ലാവരാലും പല വിശേഷണങ്ങള്‍ ചാര്‍ത്തപ്പെടുമ്പോള്‍ ഈ മണ്ണിലേക്ക് കൊടും പട്ടിണിയുടെ രൂപത്തില്‍ മരണം പാഞ്ഞടുക്കുകയാണെന്ന കാര്യം മനുഷ്യരെന്ന നിലയില്‍ ആരിലും അസ്വസ്ഥത പടര്‍ത്തുന്നില്ലല്ലോ.

ഏതു മതമായാലും ജാതിയായാലും വിശപ്പിന്റെ ആന്തല്‍ ഒന്നുതന്നെയല്ലേ? ഭൂമിയിലെ ഏതു കുഞ്ഞുങ്ങളും നമ്മുടെ മക്കള്‍ തന്നെയല്ലേ? ഒരു വീഡിയോ കണ്ടിട്ട് എനിക്കുറങ്ങാനേ കഴിഞ്ഞില്ല. കഴിക്കാനെടുത്ത ചോറുരുള തൊണ്ടയില്‍ നിന്നിറക്കാനാവാതെ തറഞ്ഞു നിന്നു. കഴിഞ്ഞ പാതിരാക്ക് എന്റെ മക്കളെ വിളിച്ചു കാണിച്ചുകൊടുത്തു. അവരുടെ പ്രായമുള്ള മക്കളാണ്.അതിലൊരു പെണ്‍കുട്ടിയുടെ വിതുമ്പല്‍ കണ്ടിട്ട് കരയാതിരിക്കാനായില്ല. എനിക്കീ പച്ചയായ വാക്കുകളെ അവിശ്വസിക്കാനാവില്ല. മറ്റെല്ലാത്തിനേക്കാളും വിശപ്പ് ക്രൂരമായ യാഥാര്‍ത്ഥ്യമാണിന്നവിടെ.

മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ എത്രയുണ്ട് ഇന്ന് അഫ്ഗാനില്‍. പിറന്നു വീണ് വളരുന്ന പ്രായത്തില്‍ സ്വന്തം മണ്ണില്‍ അനാഥരാക്കപ്പെട്ടവര്‍. രക്ഷപ്പെടാനുള്ള മരണപ്പാച്ചിലില്‍ ഉറ്റവരുടെ കൈപിടിയില്‍ നിന്ന് ഏതൊക്കെയോ ഇടങ്ങളിലേക്ക് ചിതറിപ്പോയ കുഞ്ഞുമക്കള്‍. ചിലര്‍ ബന്ധുക്കളുടെ അടുത്ത് അവരുടെ തന്നെ ദുരിതങ്ങളില്‍ അധികപ്പറ്റായി മാറുന്നു.  ഇവരുടെ ഉള്ളിലെ സങ്കടക്കടലുകളെക്കുറിച്ച്, ഒറ്റപ്പെടലിനെക്കുറിച്ച് ആരോട് പറയാന്‍? ആര് കേള്‍ക്കാന്‍? എത്ര ഭയാനകമായ അരക്ഷിതാവസ്ഥയിലാണ് ഇന്നാമക്കള്‍ !

ഭര്‍ത്താവ് കൊല്ലപ്പെട്ട ഒരു സ്ത്രീ കുഞ്ഞുങ്ങളുടെ വിശപ്പാറ്റാന്‍ വഴിയില്ലാതെ വിങ്ങിപ്പൊട്ടുന്നു. ഇരന്നു ജീവിക്കാന്‍ ഇറങ്ങിയാല്‍ ആരുണ്ട്, എന്തുണ്ട് ഇനിയാ നാട്ടില്‍ അവര്‍ക്ക്, വല്ലതും നല്‍കാന്‍ ശേഷിയുള്ളവരായിട്ട്? ലക്ഷക്കണക്കിന് ജനങ്ങളാണ് ഒരിറക്കുവെള്ളവും ഒരു നേരത്തേക്കുള്ള അന്നവും പോലുമില്ലാതെ കൊടും പട്ടിണി മരണത്തിന്റെ വക്കിലുള്ളത്.

പോഷാകാഹാരവും മതിയായ ചികിത്സയും കിട്ടാതെ പത്തുലക്ഷം കുട്ടികള്‍ ഇക്കൊല്ലം തന്നെ മരിച്ചുപോയേക്കാമെന്നാണ് യൂനിസെഫിന്റെ മുന്നറിയിപ്പ്.  ഈ മാസം അവസാനത്തോടെ 1.4 കോടി പേര്‍ പട്ടിണിയിലാകുമെന്നാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാം പുറത്തുവിട്ടത്. അത്ര ഭീകരമാണ് കാര്യങ്ങള്‍. 

ഇല്ലാത്ത ആയുധത്തിന്റെ പേരില്‍ ഇറാഖില്‍ കടന്നുകയറിയ അമേരിക്കയും സഖ്യസേനയും കുട്ടികള്‍ അടക്കം ലക്ഷക്കണക്കിന് പേരെയാണ് ബോംബിട്ടും പട്ടിണിക്കിട്ടും കൊന്നൊടുക്കിയത്.  ഇപ്പോള്‍ അഫ്ഗാനില്‍ പുതിയ അധിനിവേശകനായ ചൈന കഴുകക്കണ്ണുമായി കാത്തിരിക്കുകയാണ്. ആ മണ്ണിന്റെ മക്കള്‍ എത്രയും വേഗം മരിച്ചുതീര്‍ന്നു കിട്ടാന്‍. കൂട്ടുകക്ഷിയായിനിന്ന് അതിന് വഴിയൊരുക്കുകയാണ് താലിബാന്‍ ഭരണകൂടം. ഒരു സംശയവുമില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: V.P Rajeena on poverty and other crisis faced by Afghan children

വി.പി റജീന

മാധ്യമപ്രവര്‍ത്തക

We use cookies to give you the best possible experience. Learn more