എന്തിനാണ് മുഖ്യമന്ത്രിയെ കാത്തിരിക്കുന്നത്, ഏത് ലെവല്‍ സംവാദത്തിനും തയ്യാര്‍; സതീശന് മറുപടിയുമായി വാസവന്‍
Kerala News
എന്തിനാണ് മുഖ്യമന്ത്രിയെ കാത്തിരിക്കുന്നത്, ഏത് ലെവല്‍ സംവാദത്തിനും തയ്യാര്‍; സതീശന് മറുപടിയുമായി വാസവന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th August 2023, 8:38 pm

കോട്ടയം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മറുപടിയുമായി സഹകരണ മന്ത്രി വി.എന്‍. വാസവന്‍. പുതുപ്പള്ളിയില്‍ വികസന വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയെ കാത്തിരിക്കുന്നത് എന്തിനാണെന്നും ഏത് നിലവാരത്തിലുള്ള നേതാക്കന്മാര്‍ വന്നാലും തങ്ങള്‍ സംവാദത്തിന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യം മുഖ്യമന്ത്രി സംസാരിക്കട്ടെ എന്നിട്ടാവാം സംവാദമെന്ന് പറഞ്ഞ വി.ഡി. സതീശന് മറുപടി നല്‍കുകയായിരുന്നു വാസവന്‍.

‘പുതുപ്പള്ളിയിലെ വികസന വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വരട്ടേയെന്ന് പറഞ്ഞ് കാത്തുനില്‍ക്കുന്നത് എന്തിനാണ്. ഇവിടെ ഏത് നിലവാരത്തിലുള്ള നേതാക്കന്മാര്‍ വന്നാലും ഞങ്ങള്‍ ആരോടും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നാണ് ആദ്യം തന്നെ വ്യക്തമാക്കിയിട്ടുള്ളത്. ഞങ്ങള്‍ക്ക് അതില്‍ ആളിന്റെ വലിപ്പമോ അല്ലെങ്കില്‍ പ്രദേശത്തിന്റെ പ്രത്യേകതയോ ഏത് കക്ഷിയെന്നോ ഇല്ല, ആരോടും വികസന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നല്ലേ ഞങ്ങള്‍ പറഞ്ഞത്.

ഇവിടെ വികാരങ്ങള്‍ക്ക് വിവേകം വഴിമാറി കൊടുക്കുന്നു എന്ന സ്ഥിതി ഉയര്‍ന്നുവരുന്നു. വികാരവും മറ്റ് കാര്യങ്ങളും ഉണ്ടാകും, സഹതാപം ആ രൂപത്തിലുണ്ട്. പക്ഷെ നാടിന്റെ വികസനവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ വിവേകത്തോട് കൂടി ജനങ്ങള്‍ ചിന്തിക്കും. വികസനം ചര്‍ച്ച ചെയ്യേണ്ട രൂപത്തിലേക്ക് അവരെത്തി എന്നായപ്പോള്‍ അല്‍പസ്വല്‍പം വിഷമങ്ങള്‍ ഇപ്പോള്‍ മത്സര രംഗത്ത് വലിയ രൂപത്തില്‍ അവര്‍ അനുഭവിക്കുന്നുണ്ട്,’ വി.എന്‍. വാസവന്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ മാധ്യമങ്ങളെ കാണാന്‍ വെല്ലുവിളിക്കുന്നതായും വാ തുറക്കാത്ത മുഖ്യമന്ത്രിയെ മുന്നില്‍ നിര്‍ത്തികൊണ്ട് തങ്ങളെ സംവാദത്തിന് വിളിക്കുന്ന തമാശയാണ് ഇപ്പോള്‍ കാണുന്നതെന്നുമായിരുന്നു വി.ഡി സതീശന്‍ പറഞ്ഞിരുന്നത്.

‘ഞങ്ങള്‍ വെല്ലുവിളിക്കുന്നു ധൈര്യമുണ്ടെങ്കില്‍ കേരളത്തിലെ മുഖ്യമന്ത്രി മാധ്യമങ്ങളെ ഒന്ന് കാണണം. അവരുടെ ചോദ്യങ്ങള്‍ക്ക് ഞങ്ങളൊക്കെ ഇരുന്ന് മറുപടി കൊടുക്കുന്നത് പോലെ ധൈര്യമുണ്ടെങ്കില്‍ ഒന്നിരുന്ന് മറുപടി കൊടുക്കട്ടേ. ഇവരുടെ നേതാവ് പിണറായി വിജയന്‍ ആണല്ലോ, വാ തുറക്കാത്ത മുഖ്യമന്ത്രിയെ മുന്നില്‍ നിര്‍ത്തികൊണ്ട് ഞങ്ങളെ സംവാദത്തിന് വിളിക്കുന്ന തമാശയാണ് ഇപ്പോള്‍ കാണുന്നത്. ആദ്യം മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങട്ടെ, എന്നിട്ടാവാം നമുക്ക് സംവാദം,’ വി.ഡി സതീശന്‍ പറഞ്ഞു.

Content Highlights: V N Vasavan against VD Satheesan