തിരുവനന്തപുരം: ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ രാജ്യസഭയിലേക്ക് മത്സരിക്കും. മഹാരാഷ്ട്രയില്‍ നിന്നാണ് മുരളീധരന്‍ മത്സരിക്കുക.
കൂടാതെ ബി.ജെ.പിയുടെ 18 സ്ഥാനാര്‍ത്ഥികളുടെ പട്ടികയും പ്രഖ്യാപിച്ചു. ജി.വി.എല്‍ നരസിംഹറാവു ഉത്തര്‍പ്രദേശില്‍ നിന്ന് മത്സരിക്കും. എട്ടു പുതുമുഖങ്ങളെ രാജ്യസഭയിലെത്തിക്കാനാണ് ബി.ജെ.പി നീക്കം.
നേരത്തെ ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് രാജ്യസഭാ സീറ്റ് നല്‍കുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും ബി.ജെ.പി സംസ്ഥാന നേതൃത്വം ശക്തമായ എതിര്‍പ്പറിയിച്ചിരുന്നു.
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ പോലും അവഗണിച്ച് പദവികള്‍ വീതം വെക്കുന്നതിനെതിരെ ഒരു വിഭാഗം നേതാക്കള്‍ കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ വാഗ്ദാനം ചെയ്ത പദവികള്‍ നല്‍കിയില്ലെങ്കില്‍ മുന്നണിവിടുമെന്ന് ബി.ഡി.ജെ.എസ് വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാര്‍ പദവികളിലേക്ക് കേരളത്തിലെ ബി.ജെ.പി നേതാക്കളുടെ അവകാശവാദങ്ങളെ പാടെ അവഗണിച്ച് ബി.ഡി.ജെ.എസ്സിന് പദവികള്‍ നല്‍കുന്നതിനെതിരെയാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ അതൃപ്തി അറിയിച്ചിരിക്കുന്നത്. നാളികേര വികസന ബോര്‍ഡിലേക്ക് മുതിര്‍ന്ന നേതാവും സംസ്ഥാന വൈസ്പ്രസിഡന്റുമായ കെ.പി ശ്രീശന്റെ പേരായിരുന്നു സംസ്ഥാന നേതൃത്വം നല്‍കിയിരുന്നത്,റബ്ബര്‍ ബോര്‍ഡിലേക്ക് മുന്‍ അധ്യക്ഷന്‍ സി.കെ പത്മനാഭന്റെയും പേര് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷം ഈ പദവികള്‍ കേന്ദ്രനേതൃത്വം ഒഴിച്ചിട്ടു.
അതേസമയം കഴിഞ്ഞ നാല് വര്‍ഷമായി വാഗ്ദാനം ചെയ്ത പദവികള്‍ ഇനിയും നല്‍കിയിട്ടില്ലെങ്കില്‍ മുന്നണി വിടാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ബി.ഡി.ജെ.എസ്. വരുന്ന പതിനാലം തിയ്യതി നടക്കുന്ന സംസ്ഥാന നേതൃയോഗത്തില്‍ മുന്നണി ബന്ധം പുനപരിശോധിക്കുമെന്നും ബി.ഡി.ജെ.എസ് അറിയിച്ചിട്ടുണ്ട്.