|

കൊവിഡ് ഭീതിയില്‍ വി. മുരളീധരന്‍? ശ്രീചിത്രയില്‍ നിന്ന് വിശദീകരണം തേടി; വിശദീകരണം ആവശ്യപ്പെട്ടത് ആശുപത്രി സന്ദര്‍ശിച്ച സാഹചര്യത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശ്രീചിത്രയിലെ ഡോക്ടര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഓഫീസ് വിശദീകരണം തേടി. ശനിയാഴ്ച ഉന്നതതല യോഗത്തില്‍ പങ്കെടുക്കാന്‍ വി. മുരളീധരന്‍ ശ്രീചിത്ര ആശുപത്രിയില്‍ എത്തിയിരുന്നു.

ഈ ഒരു സാഹചര്യം കണക്കിലെടുത്താണ് വിശദീകരണം തേടിയിരിക്കുന്നത്. ആശുപത്രിയില്‍വെച്ച് കൊവിഡ് രോഗബാധിതനായ ഡോക്ടറുമായി
നേരിട്ടോ അല്ലാതെയോ സമ്പര്‍ക്കമുള്ളവര്‍ മുരളീധരനുമായും ഇടപഴകിയോ എന്നാണ് പരിശോധിക്കുന്നത്.

സ്പെയിനില്‍ നിന്നും മാര്‍ച്ച് 2ാം തിയതിയാണ് ഡോക്ടര്‍ തിരികെയെത്തിയത്. എന്നാല്‍ രോഗ ലക്ഷണങ്ങള്‍ കാണിക്കാത്തതിനാലും കൊവിഡ് ബാധിത രാജ്യങ്ങളില്‍ സ്പെയിന്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതിനാലും അദ്ദേഹത്തോട് നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടിരുന്നില്ല.

മറ്റ് ഡോക്ടര്‍മാരുമായി സംസാരിക്കുകയും രോഗികളുമായി അടുത്ത് ഇടപഴകുകയും ചെയ്തതിനാല്‍ എന്തെല്ലാം രീതിയിലുള്ള നടപടികള്‍ കൈക്കൊള്ളണമെന്നതില്‍ കൂടിയാലോചനകള്‍ നടക്കുകയാണ്. അതിന് ശേഷം മാത്രമേ സമ്പര്‍ക്ക പട്ടിക ഉള്‍പ്പടെ പുറത്തുവിടുകയുള്ളൂ.

നിലവില്‍ ആറ് വിഭാഗങ്ങളിലായുള്ള ഡോക്ടര്‍മാര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ആശുപത്രിയില്‍ പ്രധാനപ്പെട്ട ശസ്ത്രക്രിയകള്‍ മുടങ്ങില്ലെങ്കിലും ഒ.പിയില്‍ നിയന്ത്രണങ്ങളുണ്ടാകും.

നിലവില്‍ തിരുവനന്തപുരത്ത് 1449 ആളുകള്‍ നിരീക്ഷണത്തിലുണ്ട്. 43 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ