ന്യൂദല്‍ഹി: രാജ്യസഭാ എം.പിയും കേരളത്തിലെ ബി.ജെ.പി നേതാവുമായ വി. മുരളീധരന്‍ കേന്ദ്രമന്ത്രിയായേക്കും. ന്യൂസ് 18 നാണ് ഇത് സംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ വസതിയില്‍ എത്താന്‍ ക്ഷണം ലഭിച്ചെന്ന് വി. മുരളീധരന്‍ പറഞ്ഞു.
കേരളത്തിന് കേന്ദ്രമന്ത്രിസഭയില്‍ പ്രാതിനിധ്യമുണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. കുമ്മനം രാജശേഖരന്റേയും അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റേയും സുരേഷ് ഗോപിയുടേയും പേരുകളും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു.
മന്ത്രിസഭാ രൂപീകരണത്തിന് വേണ്ടിയുള്ള അന്തിമ ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുകയാണ്. മന്ത്രിമാരെക്കുറിച്ചുള്ള തീരുമാനം ഇന്ന് രാത്രിയോടെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരിട്ടാണ് മന്ത്രിപദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരെ ദല്‍ഹിയിലേക്ക് ക്ഷണിക്കുന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ബബൂല്‍ സൂപ്രീയോയും പ്രകാശ് ജാവേദ്ക്കറിനേയും നിര്‍മല സീതാരാമനേയും അമിത് ഷാ ദല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
ഇന്ന് വൈകീട്ട് ഏഴുമണിക്ക് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങിലാണ് നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. 7000 പേര്‍ക്കാണ് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങിലേക്ക് ക്ഷണം ലഭിച്ചത്. പ്രധാനമന്ത്രിക്കൊപ്പം കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.