തിരിച്ചടിക്കാന്‍ ഒരു നിര്‍ദേശം മതിയെന്ന് വി. മുരളീധരന്‍
Daily News
തിരിച്ചടിക്കാന്‍ ഒരു നിര്‍ദേശം മതിയെന്ന് വി. മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th September 2014, 1:59 pm

[] കണ്ണൂര്‍: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ തലശേരിയില്‍ നടത്തിയ പ്രസംഗം വിവാദമാകുന്നു.  ആത്മസംയമനം വലിച്ചെറിഞ്ഞ് നീതി നടപ്പാക്കാന്‍ ഒരു നിര്‍ദേശം മതിയെന്നാണ് മുരളീധരന്‍ മുന്നറിയിപ്പ് നല്‍കിയത്.

പാര്‍ട്ടിയുടെ ആത്മസംയമനം ദൗര്‍ബല്യമായി കാണരുത്. അത്തരം സാഹചര്യം ഉണ്ടാക്കാന്‍ തങ്ങളെ നിര്‍ബന്ധിക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. കതിരൂര്‍ മനോജ് വധത്തെ തുടര്‍ന്ന് സംഘടിപ്പിച്ച ജനശക്തി സംഗമത്തിലായിരുന്നു മുരളീധരന്റെ പ്രസംഗം.

അതേസമയം കൊലപാതകത്തിന് വേണ്ടിയുള്ള പരസ്യ ആഹ്വാനമാണ് വി. മുരളീധരന്‍ നടത്തിയതെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പറഞ്ഞു. മുരളീധരന്റെ പരാമര്‍ശം സംസ്ഥാന സര്‍ക്കാരിനുള്ള താക്കീതാണെന്നും ജയരാജന്‍ പ്രതികരിച്ചു. ബി.ജെ.പി നേതൃത്വം ആസൂത്രണം ചെയ്ത് ആക്രമണങ്ങള്‍ നടത്തുന്നതിന്റെ തെളിവാണിത്.

സംസ്ഥാനത്തെ സമാധാനനില തകര്‍ക്കുമെന്ന ആര്‍.എസ്.എസ് ഭീഷണിയാണ് മുരളീധരനിലൂടെ പുറത്തുവന്നിരിക്കുന്നത്. ബി.ജെ.പി അധ്യക്ഷന്‍ ആര്‍.എസ്.എസുകാരനായി തരംതാഴ്ന്നു. സംസ്ഥാനത്തൊട്ടാകെ അക്രമങ്ങളും കൊലപാതകങ്ങളും ബി.ജെ.പി നടത്തുന്നതായും ജയരാജന്‍ ആരോപിച്ചു.
പ്രസംഗം വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി ബി.ജെ.പി നേതാവ് എം.ടി രമേശ് രംഗത്തെത്തി. അടിയും തിരിച്ചടിയും കണ്ണൂരില്‍ സ്വഭാവികമെന്ന് രമേശ് പറഞ്ഞു. പാര്‍ട്ടിയുടെ നിര്‍ദേശമെന്നാണ് വി. മുരളീധരന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം  പറഞ്ഞു.

സംയമനം പാലിക്കുന്നത് നല്ല കാര്യമാണെന്നും എന്നാല്‍  സി.പി.ഐ.എമ്മിനൊപ്പം ബി.ജെ.പിയും സംയമനം പാലിച്ചാല്‍  കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.