തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ശരിയായ പ്രതിപക്ഷം എന്നത് ബി.ജെ.പി. മാത്രമായി മാറിക്കഴിഞ്ഞുവെന്ന് കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍. കേന്ദ്രസര്‍ക്കാരിനെതിരെ പ്രമേയം പാസാക്കുക എന്ന ജോലിയാണ് കേരള നിയമസഭയില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ച് നിയമസഭ സമ്മേളിക്കുന്നത് ജനോപകാരപ്രദമായ നിയമനിര്‍മ്മാണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമാണ്. അവിടെ ബി.ജെ.പിയെ തോല്‍പ്പിച്ചത് ആരാണ് എന്നു ചര്‍ച്ച ചെയ്ത് സമയം കളയുന്നത് ജനാധിപത്യത്തോടുള്ള വഞ്ചനയാണ്,’ മുരളീധരന്‍ പറഞ്ഞു.
കേരള നിയമസഭയെ മോദി വിരുദ്ധ രാഷ്ട്രീയ പ്രചാരണ വേദിയാക്കി മാറ്റുന്നതിനെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘ഒരാഴ്ചക്കിടെ രണ്ട് പ്രമേയങ്ങളാണ് രാജ്യത്ത് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരെ ഒരു നിയമസഭയില്‍ കൊണ്ടുവന്നത്. ഈ പ്രമേയങ്ങള്‍ ഭരണപക്ഷവും പ്രതിപക്ഷവും ചേര്‍ന്ന് കയ്യടിച്ച് പാസാക്കുന്നു,’ മുരളീധരന്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ എന്ത് ചെയ്താലും അതിനെ എതിര്‍ക്കുക എന്നതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട്. ആരെ പ്രീണിപ്പിക്കാനാണ് അത് ചെയ്യുന്നതെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
ഭരണപക്ഷം പറയുന്നതിനെല്ലാം കയ്യടിക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലേത്. കൊവിഡ് മരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ മറച്ചുവച്ചു എന്ന ഗുരുതരമായ ആരോപണം നിയമസഭയില്‍ ഉന്നയിച്ചു. അടച്ചാക്ഷേപിച്ച് ആരോഗ്യമന്ത്രി മറുപടി നല്‍കിയിട്ടും ഒന്ന് ഇറങ്ങിപ്പോയി പ്രതിഷേധിക്കാന്‍ പോലും തയാറാവാത്തത്ര ദുര്‍ബലമാണ് പ്രതിപക്ഷമെന്നും അദ്ദേഹം ആരോപിച്ചു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: V Muralidharan BJP Kerala Real Opposition